8 Dec 2022 7:00 PM IST
Summary
- ആറ് മാസങ്ങള്‍ക്ക് മുമ്പ് 84.80 രൂപയായിരുന്നു ഈ കമ്പനിയുടെ ഓഹരി വിലയെങ്കില്‍ ഇന്ന് 135.25 രൂപയിലാണ് എത്തി നില്‍ക്കുന്നത്
ചുരുങ്ങിയ കാലത്തിനുള്ളില്‍ ഓഹരി വിപണിയില്‍ ഉയര്‍ന്നനേട്ടം സമ്മാനിക്കുന്ന കമ്പനികള്‍ അപൂര്‍വാണ്. എന്നാല്‍ കഴിഞ്ഞ ആറ് മാസത്തിനിടെ നിക്ഷേപകര്‍ക്ക് 59 ശതമാനം നേട്ടം സമ്മാനിച്ചൊരു കമ്പനിയുണ്ട്. കേരളത്തിന്റെ ദേശീയ ബാങ്കെന്ന് പറയപ്പെടുന്ന ഫെഡറല്‍ ബാങ്ക്. ആറ് മാസങ്ങള്‍ക്ക് മുമ്പ് 84.80 രൂപയായിരുന്നു ഈ കമ്പനിയുടെ ഓഹരി വിലയെങ്കില്‍ ഇന്ന് 135.25 രൂപയിലാണ് എത്തി നില്‍ക്കുന്നത്. അതായത് 59 ശതമാനം നേട്ടം.
ഈ വര്‍ഷം ഇതുവരെയായി 55 ശതമാനത്തിന്റെ നേട്ടവും എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. ബാങ്കിന്റെ എക്കാലത്തെയും മികച്ച പ്രകടനമാണിതെന്ന് സൂചിക വ്യക്തമാക്കുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഫെഡറല്‍ ബാങ്കിന്റെ ഓഹരിവില 137 രൂപ കടന്നിരുന്നു. 52 ആഴ്ചക്കിടയിലെയും എക്കാലത്തെയും ഉയര്‍ന്ന ഓഹരിവിലയാണിത്.
ലക്ഷ്യവിലകള്‍ ഇങ്ങനെ
ഫെഡറല്‍ ബാങ്കിന്റെ ഓഹരി വില ഇനിയും ഉയരുമെന്നാണ് സ്റ്റോക്കറേജ് സ്ഥാപനങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. എല്‍കെപി സെക്യൂരിറ്റീസ് 180 രൂപയാണ് ഫെഡറല്‍ ബാങ്കിന് ലക്ഷ്യവിലയായി പറയുന്നത്.
ഉയര്‍ന്ന ലാഭം
ഇക്കഴിഞ്ഞ സെപ്തംബര്‍ 30ന് അവസാനിച്ച സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 703.71 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. ബാങ്കിന്റെ എക്കാലത്തേയും ഉയര്‍ന്ന പാദവാര്‍ഷിക ലാഭമാണിത്. മുന്‍ വര്‍ഷം ഇതേപാദത്തില്‍ 460.26 കോടി രൂപയായിരുന്നു അറ്റാദായം. 52.89 ശതമാനം വാര്‍ഷിക വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി 2.46 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 0.78 ശതമാനവുമാണ്. വായ്പാ ചെലവ് 53 ബേസിസ് പോയിന്റ് എന്ന മികച്ച നിയന്ത്രിത തോതിലാണ്.
ബാങ്കിന്റെ പ്രവര്‍ത്തന വരുമാനത്തിലും നല്ല വളര്‍ച്ചയുണ്ട്. മുന്‍ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 912.08 കോടി രൂപയായിരുന്ന പ്രവര്‍ത്തന വരുമാനം ഈ സെപ്തംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ 32.91 ശതമാനം വളര്‍ച്ചയോടെ 1212.24 കോടി രൂപയിലെത്തി. ബാങ്കിന്റെ മൊത്തം ബിസിനസ് 14.36 ശതമാനം വര്‍ധിച്ച് 350386.03 കോടി രൂപയിലുമെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 171994.74 കോടി രൂപയായിരുന്ന നിക്ഷേപം 189145.71 കോടി രൂപയായി വര്‍ധിച്ചു. കാസാ നിക്ഷേപങ്ങള്‍ 10.74 ശതമാനം വളര്‍ച്ചയോടെ 68873.27 കോടി രൂപയിലെത്തി.
വായ്പാ വിതരണത്തിലും വര്‍ധന രേഖപ്പെടുത്തി. ആകെ വായ്പ മുന്‍ വര്‍ഷത്തെ 137313.37 കോടി രൂപയില്‍ നിന്ന് 163957.84 കോടി രൂപയായി വര്‍ധിച്ചു. റീട്ടെയ്ല്‍ വായ്പകള്‍ 18.38 ശതമാനം വര്‍ധിച്ച് 52438.89 കോടി രൂപയായി. കാര്‍ഷിക വായ്പകള്‍ 17.96 ശതമാനം വര്‍ധിച്ച് 21090.70 കോടി രൂപയിലും ബിസിനസ് ബാങ്കിംഗ് വായ്പകള്‍ 17.20 ശതമാനം വര്‍ധിച്ച് 13617.35 കോടി രൂപയിലും വാണിജ്യ ബാങ്കിംഗ് വായ്പകള്‍ 18.61 ശതമാനം വര്‍ധിച്ച് 16240 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 20.70 ശതമാനം വര്‍ധിച്ച് 58928.90 കോടി രൂപയിലുമെത്തി.
രണ്ടാം പാദത്തിലെ അറ്റപലിശ വരുമാനം 1761.83 കോടി രൂപയാണ്. 19.09 ശതമാനം ആണ് വര്‍ധന. കഴിഞ്ഞ വര്‍ഷം ഇത് 1479.42 കോടി രൂപയായിരുന്നു. പലിശ ഇതര വരുമാനം 23.97 ശതമാനം വര്‍ധനവോടെ മുന്‍ വര്‍ഷത്തെ 491.65 കോടി രൂപയില്‍ നിന്ന് 609.52 കോടി രൂപയിലെത്തി.
4031.06 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.46 ശതമാനമാണിത്. അറ്റ നിഷ്‌ക്രിയ ആസ്തി 0.78 ശതമാനമാണ്. നീക്കിയിരുപ്പ് അനുപാതം 82.76 എന്ന മികച്ച നിലയിലാണ്. ഈ പാദത്തോടെ ബാങ്കിന്റെ മൊത്തം മൂല്യം 17551.94 കോടി രൂപയില്‍ നിന്ന് 19617.82 കോടി രൂപയായി വര്‍ധിച്ചു. മൂലധന പര്യാപ്തതാ അനുപാതം 13.84 ശതമാനമാണ്. കഴിഞ്ഞ സെപ്തംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം ബാങ്കിന് 1305 ശാഖകളും 1876 എടിഎമ്മുകളുമുണ്ട്.