13 March 2023 6:02 AM GMT
യുഎസില്‍ രണ്ടാമത്തെ ബാങ്കും തകര്‍ച്ചയില്‍, സിഗ്നേച്ചര്‍ ബാങ്ക് ശാഖകള്‍ അടയ്ക്കാന്‍ നിര്‍ദ്ദേശം
MyFin Desk
Summary
- കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം സിഗ്നേച്ചര്‍ ബാങ്കിന് 110.36 ബില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തിയുണ്ടെന്നും 88.59 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമുണ്ടെന്നും ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എഫ്ഡിഐസി) അധികൃതര്‍ വ്യക്തമാക്കി.
ന്യൂയോര്‍ക്ക്: സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ യുഎസിലെ മറ്റൊരു ബാങ്കും പതനത്തിന്റെ വക്കിലെന്ന് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ആസ്ഥാനമായ സിഗ്നേച്ചര്‍ ബാങ്കാണ് ഇപ്പോള്‍ പ്രതിസന്ധി നേരിടുന്നതെന്നും ഞായറാഴ്ച്ചയോടെ ബാങ്കിന്റെ മേല്‍നോട്ടം ഏറ്റെടുക്കാന്‍ അധികൃതര്‍ നടപടികള്‍ ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം സിഗ്നേച്ചര്‍ ബാങ്കിന് 110.36 ബില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തിയുണ്ടെന്നും 88.59 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമുണ്ടെന്നും ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എഫ്ഡിഐസി) അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ തകര്‍ച്ച നേരിട്ടിരിക്കുന്ന ഇരു ബാങ്കുകളിലും നിക്ഷേപം നടത്തിയവര്‍ക്ക് നഷ്ടം സംഭവിക്കാതിരിക്കാന്‍ പരമാവധി നടപടികള്‍ കൈക്കൊള്ളുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അമേരിക്കന്‍ വാണിജ്യ ബാങ്കായ സിലിക്കണ്‍ വാലി ബാങ്കിലെ ജീവനക്കാര്‍ക്ക് 45 ദിവസത്തേക്ക് കൂടി തൊഴില്‍ നല്‍കുമെന്നും നിലവിലുള്ളതന്റെ 1.5 മടങ്ങ് ശമ്പളം അധികമായി നല്‍കുമെന്നും എഫ്ഡിഐസി അധികൃതര്‍ വ്യക്തമാക്കി. തകര്‍ച്ചയെ തുടര്‍ന്ന് വെള്ളിയാഴ്ച്ചയാണ് എഫ്ഡിഐസി എസ് വി ബാങ്കിനെ ഏറ്റെടുത്തത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലെ കണക്ക് പ്രകാരം ഏകദേശം 8,528 ജീവനക്കാരാണ് ബാങ്കിനുണ്ടായിരുന്നത്. ഭൂരിഭാഗം ജീവനക്കാരും ഇപ്പോള്‍ വര്‍ക്ക് ഫ്രം ഹോം രീതിയലാണ് ജോലി ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ആഴ്ച്ചയില്‍ വെറും ഒരു ദിവസം കൊണ്ട് ബാങ്കിന്റെ ഓഹരി മൂല്യത്തില്‍ 60 ശതമാനം ഇടിവാണ് വന്നത്. ഇത് ബാങ്കിങ് ഓഹരികളില്‍ മുഴുവനായും പ്രതിഫലിച്ചിരുന്നു. പ്രധാനമായും യു എസ്സിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വെഞ്ച്വര്‍ കാപിറ്റലുകള്‍ക്കും വായ്പ നല്‍കുന്ന ബാങ്കിന്റെ തകര്‍ച്ച സ്വാഭാവികമായും സ്റ്റാര്‍ട്ട്പ്പുകളെ തന്നെയാണ് ഏറ്റവുമധികം ബാധിക്കുന്നത് .
യു എസ്സിലുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ട്പ്പുകള്‍ക്കും സമാന സ്ഥിതിയാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നിലവിലെ സാഹര്യം മെച്ചപ്പെടുമെങ്കിലും ഇന്ത്യന്‍ സ്റ്റാര്‍ട്ട്പ്പുകള്‍ക്ക് വലിയ വെല്ലുവിളികളുണ്ടാകുമെന്ന് സിലിക്കണ്‍ വാലി ആസ്ഥാനമായുള്ള പ്രമുഖ വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റും രണ്ട് പതിറ്റാണ്ടിലേറെയായി പ്രാരംഭ ഘട്ട നിക്ഷേപകനുമായ ആഷൂ ഗാര്‍ഗ് പറയുന്നു,
ഫെഡറല്‍ ഡെപ്പോസിറ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (എഫ്ഡിഐസി) നിര്‍ദേശമനുസരിച്ച് കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ഇന്നൊവേഷന്‍ സിലിക്കണ്‍ വാലി ബാങ്ക് അടച്ചിരുന്നു. 2022 ഡിസംബര്‍ 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ മൊത്ത ആസ്തി 209 ബില്യണ്‍ ഡോളറായിരുന്നെന്ന് എഫ് ഡി ഐ സി പ്രസ്താവനയില്‍ പറഞ്ഞു.