7 Aug 2023 3:04 PM IST
Summary
- 331 അക്കൗണ്ടുകളുടെ പട്ടിക എസ്ബിഐ തയാറാക്കി
- നിഷ്‌ക്രിയ ആസ്തികള്‍ കുറച്ചുകൊണ്ടുവരാനും സാമ്പത്തികസ്ഥിതി ശക്തമാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണു നടപടി
- അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി മൂലധനം സമാഹരിക്കാനും എസ്ബിഐ പദ്ധതിയിടുന്നു
രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 96,000 കോടി രൂപയുടെ സമ്മര്‍ദ്ദ ആസ്തി (ഡിസ്‌ട്രെസ്സ്ഡ് ലോണ്‍) വില്‍ക്കാനൊരുങ്ങുന്നു. ആസ്തി പുനര്‍നിര്‍മാണ കമ്പനികള്‍ക്കാണ് എസ്ബിഐ വില്‍പ്പന നടത്തുന്നത്.ഇതിനായി 331 അക്കൗണ്ടുകളുടെ പട്ടിക എസ്ബിഐ തയാറാക്കി.
ഫ്യൂച്ചര്‍ ഗ്രൂപ്പ്, വീഡിയോകോണ്‍, ജെയ്പീ തുടങ്ങിയ പ്രശസ്ത ഗ്രൂപ്പുകള്‍ അനില്‍ അംബാനി പ്രമോട്ട് ചെയ്യുന്ന കമ്പനികള്‍ തുടങ്ങിയവര്‍ക്ക് നല്‍കിയ വായ്പകള്‍ ഉള്‍പ്പെടുന്ന അക്കൗണ്ടുകളും ഈ പട്ടികയിലുണ്ട്.
നിഷ്‌ക്രിയ ആസ്തികള്‍ കുറച്ചുകൊണ്ടുവരാനും സാമ്പത്തികസ്ഥിതി ശക്തമാക്കാനുമുള്ള എസ്ബിഐയുടെ ശ്രമത്തിന്റെ ഭാഗമായിട്ടാണു നടപടി.
96,000 കോടി രൂപയാണ് സമ്മര്‍ദ്ദ ആസ്തിയുടെ ബുക്ക് വാല്യുവായി കണക്കാക്കുന്നതെങ്കിലും റിക്കവറിയിലെ സങ്കീര്‍ണ്ണത, പ്രൊവിഷനിംഗിന്റെ സ്വഭാവം എന്നിവ കണക്കിലെടുക്കുമ്പോള്‍ അറ്റ ആസ്തി മൂല്യം ഗണ്യമായി കുറയാനിടയുണ്ടെന്നു വിദഗ്‌ധർ പറയുന്നു.
അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി മൂലധനം സമാഹരിക്കാനും എസ്ബിഐ പദ്ധതിയിടുന്നുണ്ട്. 15 വര്‍ഷത്തെ ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകള്‍ ഇഷ്യു ചെയ്തു കൊണ്ട് 10,000 കോടി രൂപ വരെ സമാഹരിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.