15 Jan 2023 5:14 AM GMT
Summary
- ഇതോടെ 823 ശാഖകളുമായി ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ ബാങ്കായും കേരള ബാങ്ക് മാറി.
തിരുവനന്തപുരം: മലപ്പുറം ജില്ല സഹകരണ ബാങ്കും ഇനി കേരള ബാങ്കിന്റെ ഭാഗം. ലയന നടപടികള്‍ പൂര്‍ത്തിയായതോടെ കേരളത്തിലെ എല്ലാ ജില്ലകളിലും കേരള ബാങ്കിന് ശാഖകളായി. ഇതോടെ 823 ശാഖകളുമായി ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ ബാങ്കായും കേരള ബാങ്ക് മാറി.
പതിനാല് ജില്ല സഹകരണ ബാങ്കുകളെ കേരള ബാങ്കില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിന് 2019 ഒക്ടോബര്‍ ഏഴിനാണ് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചത്. ലയന അനുകൂല പ്രമേയം പാസാക്കാതെ വിട്ടു നിന്ന മലപ്പുറം ജില്ല ബാങ്കൊഴികെ 13 ജില്ലകളിലെയും സഹകരണ ബാങ്കുകളെ കേരള ബാങ്കില്‍ ലയിപ്പിച്ചു കൊണ്ടുള്ള നടപടികള്‍ 2019 നവംബര്‍ 29 ന് 13 പൂര്‍ത്തീകരിച്ചു.
മലപ്പുറം ജില്ല ബാങ്കിന്റെ നിലപാടിനെതിരെ സര്‍ക്കാര്‍ നിയമപരമായ നടപടികള്‍ ആരംഭിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മലപ്പുറം ജില്ല ബാങ്കിനെ ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സഹകരണ രജിസ്ട്രാര്‍ അംഗങ്ങള്‍ക്ക് നല്‍കിയ കത്തിന്റെ നിയമ സാധുത, 2021 ലെ ഭേദഗതി നിയമത്തിന്റെ ഭരണഘടനാസാധുത എന്നിവ ചോദ്യം ചെയ്ത് മലപ്പുറം ജില്ല ബാങ്ക് പ്രസിഡന്റും ഒരു കൂട്ടം പ്രാഥമിക സഹകരണസംഘം പ്രസിഡന്റുമാരും നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ലയനാനുമതി നല്‍കിയത്. ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും പരാജയപ്പെട്ടു.