image

11 Jun 2023 5:25 AM GMT

Banking

ആസ്‍തി രേഖകള്‍ നഷ്ടപ്പെടുത്തിയാല്‍ ബാങ്കുകള്‍ ഇനി പിഴയൊടുക്കേണ്ടിവരും

MyFin Desk

banks will have to pay fines if asset records are lost
X

Summary

  • ആര്‍ബിഐ സമിതിയുടെ നിര്‍ദേശങ്ങളില്‍ ജൂലൈ 7 വരെ അഭിപ്രായം അറിയിക്കാം
  • ആസ്തി രേഖകള്‍ തിരികെക്കിട്ടാന്‍ ഏറെ താമസിച്ചെന്ന് നിരവധി പരാതികള്‍
  • രേഖകള്‍ തിരികെ നല്‍കാന്‍ ബാങ്കുകള്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ നിര്‍ദേശം


വായ്പക്കാരുടെ ആസ്‍തി രേഖകള്‍ നഷ്ടപ്പെടുത്തിയാല്‍ ബാങ്കുകള്‍ ഇനി മുതല്‍ പിഴയും നഷ്ടപരിഹാരവും നല്‍കേണ്ടി വന്നേക്കാം. ബാങ്കുകളിലെയും മറ്റ് വായ്പാ സ്ഥാപനങ്ങളിലെയും ഉപഭോക്തൃ സേവന നിലവാരം പരിശോധിക്കാൻ കഴിഞ്ഞ വർഷം മേയിൽ രൂപീകരിച്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രൂപീകരിച്ച ഉന്നതതല സമിതിയാണ് ഇതു സംബന്ധിച്ച ശുപാര്‍ശ നല്‍കിയിട്ടുള്ളത്. ആർബിഐ മുൻ ഡെപ്യൂട്ടി ഗവർണർ ബി പി കനുന്‍ഗോയുടെ നേതൃത്വത്തിലുള്ള സമിതി ഈ വർഷം ഏപ്രിലിലാണ് കേന്ദ്ര ബാങ്കിന് ഈ ശുപാര്‍ശ കൂടി ഉള്‍പ്പെട്ടിട്ടുള്ള റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.

ഈ ശുപാര്‍ശകളില്‍ അഭിപ്രായമറിയിക്കുന്നതിന് ജൂലൈ 7 വരെ റിസര്‍വ് ബാങ്ക് സമയം അനുവദിച്ചിട്ടുണ്ട്. ഈ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച ശേഷമായിരിക്കും ശുപാര്‍ശകള്‍ നടപ്പാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

സാധാരണയായി വായ്പകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ യഥാര്‍ത്ഥ ആസ്തി രേഖകള്‍ സമര്‍പ്പിക്കുന്നതിന് ബാങ്കുകള്‍ ആവശ്യപ്പെടാറുണ്ട്. വായ്പകള്‍ക്കുള്ള ഈടായി ഈ രേഖകള്‍ വായ്പാ കാലാവധി തീരുന്നതു വരെ ബാങ്കുകളില്‍ സൂക്ഷിക്കും. എന്നാല്‍ കൃത്യമായ കാലപരിധിക്കുള്ളില്‍ വായ്പാ തിരിച്ചടവ് പൂര്‍ത്തിയാക്കിയിട്ടും ബാങ്കില്‍ നിന്ന് രേഖകള്‍ തിരികെ ലഭിക്കാന്‍ ദീര്‍ഘകാലം എടുത്തതായി കാണിച്ച് നിരവധി ഉപഭോക്താക്കള്‍ ആര്‍ബിഐക്ക് പരാതി നല്‍കിയിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് സമിതിയുടെ നിര്‍ദേശം വന്നിട്ടുള്ളത്.

വായ്പകളിലെ തിരിച്ചടവ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ ആസ്‍തി രേഖകള്‍ തിരികെ നല്‍കുന്നതിന് ബാങ്കുകള്‍ക്ക് ഒരു നിശ്ചിത സമയപരിധി നിശ്ചയിക്കണമെന്ന് സമിതി നിര്‍ദേശിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സമയപരിധിക്കുള്ളില്‍ രേഖകള്‍ തിരികെ നല്‍കാനായില്ലെങ്കില്‍ ഉണ്ടാകുന്ന കാലതാമസത്തിന്‍റെ അളവിനെ ആസ്പദമാക്കി ഉപഭോക്താവിന് നഷ്ടപരിഹാരം ബാങ്കുകള്‍ നല്‍കണമെന്നാണ് നിര്‍ദേശം. യഥാര്‍ത്ഥ ആസ്തി രേഖകള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ അവയുടെ സര്‍ട്ടിഫൈഡ് രജിസ്റ്റര്‍ കോപ്പി ലഭിക്കുന്നതിന് സ്വന്തം ചെലവില്‍ ഉപഭോക്താവിനെ സഹായിക്കണമെന്നും വ്യവസ്ഥയുണ്ട്.

ആസ്തികളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനും ഉടമസ്ഥത സംബന്ധിച്ച നിയമ വ്യവഹാരങ്ങളില്‍ പരിഹാരം കാണുന്നതിനും യഥാര്‍ത്ഥ ആസ്തി രേഖകള്‍ നിര്‍ണായകമാണ്. ഭാവിയിലെ കൈമാറ്റം, ആസ്തിയുമായി ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കും യഥാര്‍ത്ഥ ആസ്തി രേഖകള്‍ ആവശ്യമായി വരുന്നു.