image

6 Dec 2022 12:00 PM GMT

Learn & Earn

എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഫീസില്‍ വര്‍ധന, റിവാര്‍ഡ് പോയിന്റുകള്‍ക്കും മാറ്റം

MyFin Desk

sbi card reward point
X

Summary

  • പുതിയ ചട്ടങ്ങള്‍ 2023 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍
  • ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന വാടക പേയ്‌മെന്റുകളുടെ പ്രോസസിംഗ് ഫീസിലും വര്‍ധന.


റിവാര്‍ഡ് പോയിന്റ് സംബന്ധിച്ച ചട്ടങ്ങളില്‍ ഭേദഗതി വരുത്തി എസ്ബിഐ കാര്‍ഡ്. 2023 ജനുവരി ഒന്ന് മുതല്‍ പുതുക്കിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നും എസ്ബിഐ ഇറക്കിയ അറിയിപ്പിലുണ്ട്. സിംപ്ലി ക്ലിക്ക് / സിംപ്ലി ക്ലിക്ക് അഡ്വാന്റേജ് എസ്ബിഐ കാര്‍ഡുകള്‍ ഉപയോഗിച്ച് ആമസോണ്‍ ഡോട്ട് ഇന്നില്‍ (amazon.in) പര്‍ച്ചേസ് ചെയ്യുമ്പോള്‍ 10x റിവാര്‍ഡ് പോയിന്റുകള്‍ ലഭിച്ചിരുന്നത് ജനുവരി മുതല്‍ 5x റിവാര്‍ഡ് പോയിന്റുകളായി ചുരുങ്ങും.

എന്നാല്‍ ഇതേ കാര്‍ഡുകള്‍ ഉപയോഗിച്ച് അപ്പോളോ 24x7, ബുക്ക്‌മൈഷോ, ക്ലിയര്‍ട്രിപ്പ്, ഈസിഡിന്നര്‍, ലെന്‍സ്‌കാര്‍ട്ട് ആന്‍ഡ് നെറ്റ് മെഡ്‌സ് എന്നിവയിലൂടെയുള്ള പര്‍ച്ചേസിന് 10x റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കുമെന്നും എസ്ബിഐയുടെ അറിയിപ്പ് വ്യക്തമാക്കുന്നു.

ക്രെഡിറ്റ് കാര്‍ഡ് ട്രാന്‍സാക്ഷന്‍ സംബന്ധിച്ച പ്രോസസ്സിംഗ് ഫീസിലും മാറ്റം വരുത്തിയിട്ടുണ്ട്. എല്ലാ മര്‍ച്ചെന്റ് ഇഎംഐ ഇടപാടിലും പ്രോസസിംഗ് ഫീസ് 199 രൂപയാക്കി. ഇതിനൊപ്പം തന്നെ 99 രൂപ മുതലുള്ള നികുതി തുകയും അടയ്‌ക്കേണ്ടി വരും. ഇത് ഇക്കഴിഞ്ഞ നവംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വന്നതായി എസ്ബിഐ കാര്‍ഡ് വെബ്‌സൈറ്റിലുണ്ട്.

ഇതിനുപുറമെ, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന വാടക പേയ്മെന്റുകള്‍ പ്രോസസ്സിംഗ് ഫീസിന് വിധേയമാകും. ഇത്തരം ഇടപാടിന് 99 രൂപ പ്രോസസിംഗ് ഫീസും അനുബന്ധ നികുതികളും ബാധകമാകും. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡ് പോയിന്റുകള്‍ ഉള്‍പ്പടെ അടുത്തിടെയാണ് പുനക്രമീകരിച്ചത്.