12 Jan 2023 12:08 PM IST
ബാങ്കിംഗ് മേഖലയിലെ 'ഫയറിംഗ്', സാമ്പത്തിക പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിച്ചേക്കും: റിപ്പോര്‍ട്ട്
MyFin Desk
Summary
- ആഗോള ബാങ്കിംഗ് മേഖലയില്‍ കൂട്ടപ്പിരിച്ചുവിടലുകള്‍ നടക്കുന്നുവെന്ന് കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ പലതവണ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ന്യൂയോര്‍ക്ക്: യുഎസ് ആസ്ഥാനമായ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് കമ്പനിയായ ഗോള്‍ഡ്മാന്‍ സാച്ചസ് കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതോടെ കമ്പനിയുെട ഉപവിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളെയടക്കം സാരമായി ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന പണപ്പെരുപ്പത്തിന്റെ ഭാഗമായി വരുമാനത്തില്‍ ഇടിവ് വന്നതും ചെലവ് വര്‍ധിച്ചതുമാണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുവാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നത്.
എന്നാല്‍ ബാങ്കിംഗ് മേഖലയില്‍ പകരം വെക്കാനാകാത്ത സ്ഥാനമുള്ള ഗോള്‍ഡ്മാന്‍ സാച്ചസിന്റെ ഉപവിഭാഗങ്ങളുടെ പ്രവര്‍ത്തനം ഇതര ബാങ്കിംഗ്, ബാങ്ക് ഇതര സ്ഥാപനങ്ങളുടെ ശൃംഖലയുമായി ബന്ധപ്പെട്ടതാണ്. ജീവനക്കാരുടെ എണ്ണത്തില്‍ ഇടിവ് വരുന്നതോടെ കമ്പനിയിലേക്കുള്ള നിക്ഷേപത്തിന്റെ അളവിലടക്കം കുറവ് സംഭവിക്കും. ഫലത്തില്‍ സാമ്പത്തിക മാന്ദ്യം രൂക്ഷമാക്കാന്‍ സാധ്യതയുള്ള ചെറു മാറ്റങ്ങള്‍ പോലും ഇതുവഴി ഉണ്ടാകാനിടയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കമ്പനിയില്‍ നിന്നും 3,000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് കഴിഞ്ഞ ദിവസം അറിയിപ്പ് വന്നത്. ബാങ്കിംഗ്, ട്രേഡിംഗ് മേഖലയില്‍ നിന്നാകും ഇതില്‍ മൂന്നിലൊന്ന് പിരിച്ച് വിടലും ഉണ്ടാകുക. ന്യൂയോര്‍ക്ക് ആസ്ഥാനമായ ബാങ്കിന്റെ കടുത്ത നടപടിക്ക് പിന്നില്‍ ആഗോള സാമ്പത്തിക പ്രതിസന്ധിയാണ് കാരണം.
മൂന്നാം പാദം അവസാനിക്കുമ്പോള്‍ കമ്പനിയില്‍ 49,100 ജീവനക്കാരാണുള്ളത്. കോവിഡ് കാലത്ത് വലിയ തോതിലുള്ള നിയമനം കമ്പനി നടത്തിയിരുന്നു. ഇന്‍വെസ്റ്റ്മെന്റ് ബാങ്കിങ് ഡിപ്പാര്‍ട്ടമെന്റ് ഉള്‍പ്പെടെ ബാങ്കിന്റെ പ്രധാന മേഖലകളിലെല്ലാം പിരിച്ചുവിടല്‍ ഉണ്ടാകും.
ആഗോള വിപണികളിലുണ്ടായ ചാഞ്ചാട്ടം ബാങ്കിന്റെ കോര്‍പ്പറേറ്റ് കരാറുകളില്‍ ഗണ്യമായ കുറവുണ്ടാക്കിയിരുന്നു. ബാങ്കിന്റെ നഷ്ടം നേരിടുന്ന കണ്‍സ്യൂമര്‍ ബിസിനസ് വിഭാഗത്തിലും 100 ഓളം ജീവനക്കാരെ പിരിച്ചുവിടാനുള്ള സാധ്യതയുണ്ടെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ഡിസംബറില്‍ ഇന്‍വെസ്റ്റ് ബാങ്കിന്റെ, ആഗോളതലത്തിലെ ഏറ്റെടുക്കലിന്റെയും, ലയനത്തിന്റെയും മൊത്ത മൂല്യം 37 ശതമാനം ഇടിഞ്ഞ് 3.66 ട്രില്യണ്‍ ഡോളറായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡ് ആയ 5.9 ട്രില്യണ്‍ ഡോളറിലെത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
ബാങ്കിംഗ് മേഖലയില്‍ കൂട്ടപ്പിരിച്ചുവിടല്‍ കടുക്കുന്നു
ആഗോള ബാങ്കിംഗ് മേഖലയില്‍ കൂട്ടപ്പിരിച്ചുവിടലുകള്‍ നടക്കുന്നുവെന്ന് കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ പലതവണ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിലവില്‍ വിവിധ ബാങ്കുകളിലായി 5,000 പേര്‍ 'ഫയറിംഗ്' നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. മോര്‍ഗന്‍ സ്റ്റാന്‍ലി 2 ശതമാനം ജീവനക്കാരെ വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചിരുന്നു.
ഇത് തന്നെ ഏകദേശം 1,600 ജീവനക്കാരെ ബാധിക്കുന്ന നടപടിയാണ്. ഹോങ്കോങ് ആന്‍ഡ് ഷങ്ഹായ് ബാങ്കിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് അഥവാ എച്ച്എസ്ബിസി 200 ജീവനക്കാരെ പിരിച്ചുവിടുമെന്ന് അറിയിച്ചിരുന്നു.