15 Jan 2023 11:09 AM GMT
Summary
- പണമിടപാടുകളിലെ തട്ടിപ്പും,നികുതിവെട്ടിപ്പും തടയാനുള്ള ഈ പരിശോധന രാജ്യത്തെ മുന്‍ നിര സ്വകാര്യ-പൊതു മേഖല ബാങ്കുകള്‍ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡെല്‍ഹി: ഒരു വര്‍ഷം 20 ലക്ഷം രൂപയ്ക്ക് മുകളില്‍ ബാങ്കുകളില്‍ നിക്ഷേപം നടത്തുകയോ പിന്‍വലിക്കുകയോ ചെയ്യാറുണ്ടോ? അത്തരം വ്യക്തികളുടെ ഇടപാടുകള്‍ പരിശോധിക്കാന്‍ ബാങ്കുകള്‍ക്ക് ഫേഷ്യല്‍ റെക്കഗ്നിഷന്‍, ഐറിസ് സ്‌കാന്‍ എന്നിങ്ങനെയുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി.
പണമിടപാടുകളിലെ തട്ടിപ്പും,നികുതിവെട്ടിപ്പും തടയാനുള്ള ഈ പരിശോധന രാജ്യത്തെ മുന്‍ നിര സ്വകാര്യ-പൊതു മേഖല ബാങ്കുകള്‍ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാന്‍ കാര്‍ഡിനു പകരം മറ്റ് തിരിച്ചറിയല്‍ രേഖകള്‍ നികുതി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഇടപാടുകളെ ലക്ഷ്യമിട്ടുള്ളതാണ് ഇത്തരം പരിശോധന. പക്ഷേ, ഇന്ത്യയില്‍ സ്വകാര്യത, സൈബര്‍ സുരക്ഷ, മുഖം തിരിച്ചറിയല്‍ എന്നിവ സംബന്ധിച്ച് കൃത്യമായ നിയമം ഇല്ലാത്തത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
എന്നാല്‍, ഈ വര്‍ഷം ആദ്യത്തോടെ പുതിയ സ്വകാര്യതാ നിയമത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം നല്‍കാന്‍ ലക്ഷ്യമിടുന്നതായാണ് സര്‍ക്കാര്‍ വിശദീകരണം.
തിരിച്ചറിയല്‍ രേഖയായി ആധാര്‍ നമ്പര്‍ നല്‍കുന്നതും നിര്‍ണായകമാണ്. ആധാര്‍ കാര്‍ഡില്‍ ഒരു വ്യക്തിയുടെ വിരലടയാളം, മുഖം, കണ്ണ് എന്നിവയുടെ സ്‌കാനിംഗുമായി ബന്ധിപ്പിച്ച ഒരു പ്രത്യേക നമ്പര്‍ ഉണ്ട്. മുഖം തിരിച്ചറിയല്‍ വഴിയും ഐറിസ് സ്‌കാനിംഗിലൂടെയും പരിശോധന നടത്താമെന്ന് നിര്‍ദ്ദേശിച്ച യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഒരു ഉപഭോക്താവ് വിസമ്മതിച്ചാല്‍ ബാങ്കുകള്‍ക്ക് എന്തെങ്കിലും നടപടിയെടുക്കാമോയെന്ന് വ്യക്തമാക്കിയിട്ടില്ല.