image

18 Nov 2022 8:47 AM GMT

Banking

ഇസാഫ് ബാങ്കിന്റെ കിട്ടാക്കടം 61 ശതമാനം ഉയർന്ന് 1000 കോടിയിലേക്ക്

C L Jose

esaf non performing assets
X

esaf non performing assets

Summary

അതായത്‌, കഴിഞ്ഞ ഒരു വർഷത്തിനിടെ മൊത്ത എൻപിഎ 6.31 ശതമാനത്തിൽ നിന്ന് 8.11 ശതമാനമായി ഉയർന്നപ്പോൾ, അറ്റ ​​എൻപിഎ 2.13 ശതമാനത്തിൽ നിന്ന് 4.34 ശതമാനമായി ഇരട്ടിച്ചു. രാജ്യത്തെ സ്വകാര്യമേഖലാ ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഏറ്റവും ഉയർന്ന അനുപാതങ്ങളിലൊന്നാണ്.


കൊച്ചി: അതിവേഗം വളരുന്ന മൈക്രോലോണുകളുടെ പോർട്ട്‌ഫോളിയോ ഇസാഫ് ബാങ്കിന്റെ ആസ്തി നിലവാരത്തെ ബാധിക്കുന്നുണ്ടോ? നിക്ഷേപകരെ ചിന്തിപ്പിക്കുന്ന ഒരു പ്രധാന ചോദ്യമായി ഇന്നിത് ഉയരുകയാണ്.



കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 91.63 കോടി രൂപയുടെ നഷ്ടത്തിൽ നിന്ന് ഈ വർഷത്തെ രണ്ടാം പാദത്തിൽ 57.58 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്ത് ബാങ്ക് മികച്ച തിരിച്ചുവരവ് നടത്തിയിട്ടുണ്ടെങ്കിലും, കുതിച്ചുയരുന്ന മോശം വായ്പാ പോർട്ട്‌ഫോളിയോയുടെ ഭാരത്താൽ ഇപ്പോൾ തളർച്ചയിലേക്കു നീങ്ങുന്നതായി കാണുന്നു.

വാർഷികാടിസ്ഥാനത്തിൽ, ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (എൻപിഎ) അല്ലെങ്കിൽ കിട്ടാക്കടം വോളിയം അടിസ്ഥാനത്തിൽ 61 ശതമാനം ഉയർന്ന് 597.31 കോടി രൂപയിൽ നിന്ന് 961.75 കോടി രൂപയായതായി കണക്കുകൾ വ്യക്തമാക്കുന്നു. അതായത്‌, കഴിഞ്ഞ ഒരു വർഷത്തിനിടെ മൊത്ത എൻപിഎ 6.31 ശതമാനത്തിൽ നിന്ന് 8.11 ശതമാനമായി ഉയർന്നപ്പോൾ, അറ്റ ​​എൻപിഎ 2.13 ശതമാനത്തിൽ നിന്ന് 4.34 ശതമാനമായി ഇരട്ടിച്ചു. രാജ്യത്തെ സ്വകാര്യമേഖലാ ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഏറ്റവും ഉയർന്ന അനുപാതങ്ങളിലൊന്നാണ്.




ഏറ്റവും ശ്രദ്ധിക്കേണ്ടത് ഈ കാലയളവിൽ ബാങ്കിന്റെ അറ്റ ​​നിഷ്‌ക്രിയ ആസ്തി ഒന്നര മടങ്ങ് അഥവാ 156 ശതമാനം വർധിച്ചു എന്നതാണ്; അതായത്‌ 192.76 കോടി രൂപയിൽ നിന്ന് 493.83 കോടി രൂപയായി എന്ന കാര്യമാണ്. ഇത് മാനേജ്‌മെന്റിന് ഏറെ തലവേദന സൃഷ്ടിക്കുന്നുണ്ട്; കാരണം, രണ്ടു പ്രാവശ്യം മാറ്റിവെക്കപ്പെട്ട പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) മൂന്നാം തവണയെങ്കിലും നടപ്പിലാക്കാനുള്ള തത്രപ്പാടിലാണ് മാനേജ്‌മന്റ്.

കേരളം ആസ്ഥാനമായുള്ള ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇസാഫ് ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം (CAR) വളരെ നല്ല നിലയിൽ 21.18 ശതമാനമാണ്. എന്നാൽ, സെപ്തംബർ കണക്കാക്കുമ്പോൾ ബാങ്കിന്റെ മൊത്തം എൻപിഎ ആസ്തിയുടെ 61.25 ശതമാനമാണ്.

അവലോകനം ചെയ്യുന്ന പാദത്തിൽ ബാങ്ക് അതിന്റെ പലിശ വരുമാനത്തിൽ മികച്ച വളർച്ച കൈവരിച്ചു; വാർഷികാടിസ്ഥാനത്തിൽ അത് കഴിഞ്ഞ സെപ്റ്റംബർ രണ്ടാം പാദത്തിലെ 430.63 കോടി രൂപയിൽ നിന്ന് 60 ശതമാനം ഉയർന്ന് 688.19 കോടി രൂപയായി.

നിക്ഷേപങ്ങളാകട്ടെ 12,815.07 കോടി രൂപയിൽ നിന്ന് 13,520 കോടി രൂപയായി വളർന്നപ്പോൾ, പ്രസ്തുത കാലയളവിൽ അഡ്വാൻസുകൾ 11,637 കോടി രൂപയിൽ നിന്ന് 11,388.30 കോടി രൂപയായി കുറഞ്ഞു.

ഇക്കാലയളവിൽ ബാങ്കിന്റെ മൊത്തം ആസ്തി 3.05 ശതമാനം വർധിച്ച് 17,707.66 കോടി രൂപയിൽ നിന്ന് 18,248.14 കോടിയായി.

കേരളത്തിൽ സ്ഥാപിതമായ ആദ്യത്തെ ചെറുകിട ഫിനാൻസ് ബാങ്കായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്, ഒക്‌ടോബർ 20-ന് മുമ്പായി അതിന്റെ പ്രാഥമിക ഓഹരി വിൽപന (ഐപിഒ) ആരംഭിക്കേണ്ടതായിരുന്നു, എന്നാൽ 'മാനേജ്‌മെന്റിന് മാത്രം അറിയാവുന്ന' കാരണങ്ങളാൽ അത് പ്രാവർത്തികമായില്ല.

ആദ്യ ശ്രമമെന്ന നിലയിൽ 2021-ലും ബാങ്ക് അതിന്റെ ഐപിഒ ആസൂത്രണം ചെയ്തിരുന്നു; എന്നാൽ സമയപരിധിയിലെത്തും മുമ്പ് ആത്യന്തികമായി നിർത്തിവച്ചു.

വാസ്തവത്തിൽ, 500 കോടി രൂപയുടെ ആസ്തി നേടിയതിന് ശേഷം, 2021 ജൂലൈയ്ക്ക് മുമ്പ് ബാങ്ക് അതിന്റെ ഓഹരികൾ ഒരു സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്യേണ്ടത് നിർബന്ധമായിരുന്നു.