16 July 2023 9:55 AM GMT
Summary
- മുന്‍ മാസത്തെ അപേക്ഷിച്ച് 5% വര്‍ധന
- 2022 -23 ലെ പ്രതിമാസ ക്രെഡിറ്റ് കാർഡ് ചെലവിടല്‍ ശരാശരി 1.1-1.2 ലക്ഷം കോടി രൂപ
- ആക്റ്റിവ് ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വര്‍ധന
രാജ്യത്തെ ക്രെഡിറ്റ് കാർഡ് വഴിയുള്ള ചെലവിടല്‍ മേയ് മാസത്തില്‍ 1.4 ലക്ഷം കോടി രൂപ എന്ന റെക്കോഡിലേക്ക് ഉയർന്നുവെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കുകൾ. ക്രെഡിറ്റ് കാര്‍ഡ് ചെലവിടല്‍ അല്ലെങ്കിൽ കുടിശ്ശിക മുന്‍ മാസത്തെ അപേക്ഷിച്ച് 5 ശതമാനത്തിന്‍റെ വര്‍ധനയാണ് പ്രകടിപ്പിച്ചിട്ടുള്ളത്.
അതുപോലെ, ഉപയോഗത്തിലുള്ള ക്രെഡിറ്റ് കാർഡുകളുടെ എണ്ണം 87.4 ദശലക്ഷത്തിനു മുകളില്‍ എത്തിയിട്ടുണ്ട്. ഇതും സര്‍വകാല റെക്കോഡാണ്. ജനുവരി മുതലുള്ള കാലയളവില്‍ 5 ദശലക്ഷത്തിന്‍റെ വര്‍ധനയാണ് ഉണ്ടായത്. നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ രണ്ട് മാസങ്ങളിൽ മാത്രം 2 ദശലക്ഷം പേര്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിലേക്കെത്തി.
2023 ജനുവരിയിൽ രാജ്യത്ത് 82.4 ദശലക്ഷം കാർഡുകൾ സജീവമായിരുന്നു. ഫെബ്രുവരിയിൽ 83.3 ദശലക്ഷമായും മാർച്ചിൽ 85.3 ദശലക്ഷമായും ഏപ്രിലിൽ 86.5 ദശലക്ഷമായും ഇത് ഉയര്‍ന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൊത്തം കണക്കനുസരിച്ച് പ്രതിമാസ ക്രെഡിറ്റ് കാർഡ് ചെലവിടല്‍ 1.1-1.2 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ മേയില്‍ മൊത്തം ചെലവിടല്‍ റെക്കോഡ് ഉയരത്തിലേക്ക് എത്തിയതിനൊപ്പം ഒരു കാർഡിലെ ശരാശരി ചെലവും 16,144 രൂപ എന്ന പുതിയ റെക്കോഡ് ഉയരത്തില്‍ ഉയർത്തി.
വിപണിയിലെ മുന്‍നിരക്കാരായ എച്ച്‌ഡിഎഫ്‌സി ബാങ്കിന് മേയിലെ കണക്കു പ്രകാരം 18.12 മില്യൺ കാർഡുകളാണ് പ്രചാരത്തിലുള്ളത്. കൂടാതെ കുടിശ്ശിക തുകയുടെ കാര്യത്തിലും ബാങ്ക് വിപണിയിൽ മുന്നിലാണ്. ക്രെഡിറ്റ് കാര്‍ഡ് വ്യവസായത്തിലെ മൊത്തം കുടിശികയുടെ 28.5 ശതമാനവും സംഭാവന ചെയ്യുന്നത് എച്ച്‍ഡിഎഫ്‍സി ബാങ്കാണ്. 17.13 ദശലക്ഷം കാർഡുകളുള്ള എസ്ബിഐ കാർഡ് രണ്ടാം സ്ഥാനത്താണ്, ഐസിഐസിഐ ബാങ്കിന് 14.67 ദശലക്ഷം ക്രെഡിറ്റ് കാര്‍ഡാണുള്ളത്.
12.46 ദശലക്ഷവുമായി ആക്‌സിസ് ബാങ്ക് നാലാം സ്ഥാനത്തുണ്ട്. സിറ്റി(Citi)യുടെ റീട്ടെയിൽ പോർട്ട്‌ഫോളിയോ ഏറ്റെടുത്തത് ഐസിഐസിഐ ബാങ്കുമായുള്ള വിപണി മത്സരം ശക്തമാക്കാന്‍ ആക്സിസ് ബാങ്കിനെ സഹായിച്ചു. 2022-ൽ ആക്‌സിസിന് റീട്ടെയിൽ ബാങ്കിംഗിനൊപ്പം തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് പോർട്ട്‌ഫോളിയോ ഐസിഐസിഐ ബാങ്കിന് വില്‍ക്കുമ്പോള്‍ സിറ്റിക്ക് 1,62,150 സജീവ കാർഡ് ഉപയോക്താക്കളുണ്ടായിരുന്നു.
അതേസമയം, ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് പോർട്ട്‌ഫോളിയോയിലെ വീഴ്ചകള്‍ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും 2023 മാർച്ചിൽ ഇത് 66 ബേസിസ് പോയിൻറ് ഉയർന്ന് 2.94 ശതമാനമായി ഉയർന്നിട്ടുണ്ടെന്നും കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഒരു ട്രാൻസ്‌യൂണിയൻ സിബിൽ റിപ്പോർട്ട് പറയുന്നു. വ്യക്തികൾക്കിടയില്‍ വർദ്ധിച്ചുവരുന്ന സാമ്പത്തിക സമ്മർദത്തിന്റെ തോത് സൂചിപ്പിക്കുന്നതാണ് ഇത്. അപകടസാധ്യതയുള്ള, സുരക്ഷിതമല്ലാത്ത വായ്പാ പോർട്ട്‌ഫോളിയോകളെ കുറിച്ച് റിസര്‍വ് ബാങ്ക് തങ്ങളുടെ ആശങ്കകൾ പങ്കുവെച്ചിട്ടുള്ള ഘട്ടത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്. അതേസമയം ക്രെഡിറ്റ് കാർഡുകളും വ്യക്തിഗത വായ്പകളും പോലുള്ള വായ്പാ ഉൽപ്പന്നങ്ങൾ അതിവേഗം വളർന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.