image

8 Jun 2023 11:11 AM GMT

Banking

സഹകരണ ബാങ്കുകള്‍ക്ക് ഉടന്‍ കിട്ടാക്കടം എഴുതിത്തള്ളാനാകും: ആർബിഐ ഗവർണർ

MyFin Desk

provisioning provisions for urban co-operative banks have been unified
X

Summary

  • നിഷ്ക്രിയ ആസ്തികളിലെ പരിഹാരത്തിനായുള്ള ചട്ടക്കൂടിന്‍റെ വ്യാപ്തി കൂട്ടും
  • ഡിജിറ്റൽ വായ്പകളില്‍ ഡിഫോൾട്ട് ലോസ് ഗ്യാരന്റി ക്രമീകരണങ്ങൾ നടപ്പാക്കും
  • ഫെമ പ്രകാരമുള്ള ലൈസന്‍സിംഗ് ലളിതമാക്കും


സഹകരണ മേഖലയിലെ വായ്പാ ദാതാക്കൾക്ക് തങ്ങളുടെ കിട്ടാക്കടങ്ങളില്‍ സാങ്കേതികമായി എഴുതിത്തള്ളൽ നടത്താനും വീഴ്ച വരുത്തുന്ന വായ്പക്കാരുമായി ഒത്തുതീർപ്പ് സെറ്റിൽമെന്റുകളില്‍ എത്താനും ഉടൻ സാധിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. നിഷ്ക്രിയ ആസ്തികളില്‍ പരിഹാരം കാണുന്നതിനായുള്ള ചട്ടക്കൂടിന്‍റെ വ്യാപ്തി വിപുലീകരിക്കാൻ ആർബിഐ തീരുമാനിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം വിശദീകരിച്ചത്.

ഇതുവരെ, ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾക്കും തിരഞ്ഞെടുത്ത ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾക്കും മാത്രമേ നിഷ്ക്രിയാസ്തി പരിഹാരത്തിനായുള്ള ഈ വഴി ലഭ്യമായിരുന്നുള്ളൂ. ഇത് സഹകരണ ബാങ്കുകള്‍ക്കു കൂടി അനുവദിക്കുന്നതിന്‍റെ ഭാഗമായി സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

പ്രകൃതിക്ഷോഭം ബാധിച്ച വായ്പക്കാരുടെ അക്കൗണ്ടുകൾ പുനഃസംഘടിപ്പിക്കുന്നതിനുള്ള നിലവിലെ മാനദണ്ഡങ്ങൾ യുക്തിസഹമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. മുൻഗണനാ മേഖലയിലെ വായ്പാ ലക്ഷ്യങ്ങള്‍ കരസ്ഥമാക്കുന്നതില്‍ അർബൻ കോഓപ്പറേറ്റീവ് ബാങ്കുകൾ നേരിടുന്ന വെല്ലുവിളികൾ ലഘൂകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം അംഗീകരിച്ചു. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സമയപരിധി 2026 മാർച്ച് വരെയുള്ള രണ്ട് വർഷത്തേക്ക് കൂടി നീട്ടുകയാണെന്നും പ്രഖ്യാപിച്ചു. ലക്ഷ്യങ്ങള്‍ നേടുന്ന വായ്പാദാതാക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കും.

ഡിജിറ്റൽ വായ്പാ ആവാസവ്യവസ്ഥയുടെ ചിട്ടയായ വികസനം കൂടുതൽ സുഗമമാക്കുന്നതിനും സമ്പദ്‌വ്യവസ്ഥയിലെ വായ്പാ ലഭ്യത വർദ്ധിപ്പിക്കുന്നതിനുമായി, ഡിജിറ്റൽ വായ്പാ വിതരണത്തില്‍ ഡിഫോൾട്ട് ലോസ് ഗ്യാരന്റി ക്രമീകരണങ്ങൾ അവതരിപ്പിക്കാൻ ആർബിഐ തീരുമാനിച്ചു. 1999ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) പ്രകാരം അംഗീകൃത വ്യക്തികൾക്കുള്ള ലൈസൻസിംഗ് ചട്ടക്കൂട് യുക്തിസഹമാക്കാനും ലളിതമാക്കാനുമുള്ളതാണ് മറ്റൊരു തീരുമാനം.