20 March 2023 6:15 AM GMT
Summary
- സിഗ്നേച്ചര്‍ ബാങ്കിന്റെ ഒരു പ്രധാന ഭാഗം 2.7 ബില്യണ്‍ യുഎസ് ഡോളറിന് ന്യുയോര്‍ക്ക് കമ്മ്യുണിറ്റിറ്റി ബാങ്ക് ഏറ്റെടുക്കുമെന്ന് ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
ന്യൂയോര്‍ക്ക്: ക്രെഡിറ്റ് സ്യുയിസിനെ യുബിഎസ് ഏറ്റെടുത്തതിന് പിന്നാലെ സിഗ്നേച്ചര്‍ ബാങ്കിനേയും മറ്റൊരു സ്ഥാപനം ഏറ്റെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് കമ്മ്യൂണിറ്റി ബാങ്കാണ് സിഗ്നേച്ചര്‍ ബാങ്കിനെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്.
സിഗ്നേച്ചര്‍ ബാങ്കിന്റെ ഒരു പ്രധാന ഭാഗം 2.7 ബില്യണ്‍ യുഎസ് ഡോളറിന് ന്യുയോര്‍ക്ക് കമ്മ്യുണിറ്റിറ്റി ബാങ്ക് ഏറ്റെടുക്കുമെന്ന് ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
സിഗ്നേച്ചര്‍ ബാങ്കിന്റെ 40 ശാഖകള്‍ ഇന്ന് മുതല്‍ ഫ്‌ലാഗ്സ്റ്റാര്‍ ബാങ്ക് എന്ന പേരിലാകും അറിയപ്പെടുക. ന്യൂയോര്‍ക്ക് കമ്മ്യൂണിറ്റി ബാങ്കിന്റെ അനുബന്ധ സ്ഥാപനങ്ങളിലൊന്നാണ് ഫ്‌ലാഗ്സ്റ്റാര്‍.
സിഗ്‌നേച്ചര്‍ ബാങ്കിന്റെ ആസ്തിയില്‍ 38.4 ബില്യണ്‍ ഡോളര്‍ വാങ്ങുന്നത് ഈ ഇടപാടില്‍ ഉള്‍പ്പെടും. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം സിഗ്‌നേച്ചര്‍ ബാങ്കിന് 110.36 ബില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തിയുണ്ടെന്നും 88.59 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമുണ്ടെന്നും ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എഫ്ഡിഐസി) അധികൃതര്‍ വ്യക്തമാക്കി.
നിലവില്‍ തകര്‍ച്ച നേരിട്ടിരിക്കുന്ന ഇരു ബാങ്കുകളിലും നിക്ഷേപം നടത്തിയവര്‍ക്ക് നഷ്ടം സംഭവിക്കാതിരിക്കാന്‍ പരമാവധി നടപടികള്‍ കൈക്കൊള്ളുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അമേരിക്കന്‍ വാണിജ്യ ബാങ്കായ സിലിക്കണ്‍ വാലി ബാങ്കിലെ ജീവനക്കാര്‍ക്ക് 45 ദിവസത്തേക്ക് കൂടി തൊഴില്‍ നല്‍കുമെന്നും നിലവിലുള്ളതന്റെ 1.5 മടങ്ങ് ശമ്പളം അധികമായി നല്‍കുമെന്നും എഫ്ഡിഐസി അധികൃതര്‍ വ്യക്തമാക്കി. തകര്‍ച്ചയെ തുടര്‍ന്ന് വെള്ളിയാഴ്ച്ചയാണ് എഫ്ഡിഐസി എസ് വി ബാങ്കിനെ ഏറ്റെടുത്തത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലെ കണക്ക് പ്രകാരം ഏകദേശം 8,528 ജീവനക്കാരാണ് ബാങ്കിനുണ്ടായിരുന്നത്. ഭൂരിഭാഗം ജീവനക്കാരും ഇപ്പോള്‍ വര്‍ക്ക് ഫ്രം ഹോം രീതിയലാണ് ജോലി ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ആഴ്ച്ചയില്‍ വെറും ഒരു ദിവസം കൊണ്ട് ബാങ്കിന്റെ ഓഹരി മൂല്യത്തില്‍ 60 ശതമാനം ഇടിവാണ് വന്നത്. ഇത് ബാങ്കിങ് ഓഹരികളില്‍ മുഴുവനായും പ്രതിഫലിച്ചിരുന്നു. പ്രധാനമായും യു എസ്സിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വെഞ്ച്വര്‍ കാപിറ്റലുകള്‍ക്കും വായ്പ നല്‍കുന്ന ബാങ്കിന്റെ തകര്‍ച്ച സ്വാഭാവികമായും സ്റ്റാര്‍ട്ട്പ്പുകളെ തന്നെയാണ് ഏറ്റവുമധികം ബാധിക്കുന്നത് .