15 Jan 2023 2:43 PM GMT
ഒറ്റയക്കത്തില്‍നിന്നുള്ള കുതിച്ചുചാട്ടം; അറിയുമോ മള്‍ട്ടിബാഗറായ ഈ കേരള കമ്പനിയെ?
MyFin Bureau
Summary
- ആറ് മാസത്തിനിടെ 145 ശതമാനത്തിന്റെ നേട്ടമാണ് തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്
ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് അസാധാരണ നേട്ടം സമ്മാനിച്ച് കേരള കമ്പനിയായ സൗത്ത് ഇന്ത്യന്‍ ബാങ്ക്. ആറ് മാസത്തിനിടെ ഓഹരിവിലയില്‍ 145 ശതമാനത്തിന്റെ കുതിപ്പാണ് തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് രേഖപ്പെടുത്തിയത്. ജുലൈ 11 ന് 7.85 രൂപയായിരുന്നു സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഒരു ഓഹരിയുടെ വിലയെങ്കില്‍ ഇന്ന് അത് എത്തിനില്‍ക്കുന്നത് 19.25 രൂപയിലാണ്. അതിനിടെ 52 ആഴ്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയായ 21.80 രൂപയും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരി വില തൊട്ടു.
എന്നാല്‍ ഒരു മാസത്തിനിടെ 6 ശതമാനത്തിന്റെയും അഞ്ച്ദിവസത്തിനിടെ രണ്ട് ശതമാനത്തിന്റെയും മാത്രം നേട്ടമാണ് ഈ ഓഹരി രേഖപ്പെടുത്തിയത്. കൂടാതെ ഒരു വര്‍ഷത്തിനിടെ 109 ശതമാനത്തിന്റെ വളര്‍ച്ചയും സൗത്ത് ഇന്ത്യന്‍ ബാങ്ക് കണ്ടു. കുറേ കാലങ്ങളായി വലിയ മാറ്റങ്ങളില്ലാതെ തുടര്‍ന്നിരുന്ന സൗത്ത് ഇന്ത്യന്‍ ബാങ്ക് മികച്ച പാദഫലങ്ങളുടെ പിന്നാലെയാണ് വിപണിയില്‍ മുന്നേറിയത്.
മികച്ച പാദഫലങ്ങള്‍
സിഇഒ മുരളി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ പുതിയ ബിസിനസ് തന്ത്രങ്ങള്‍ സ്വീകരിച്ചതിന് പിന്നാലെയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് മികച്ച പാദഫലങ്ങളും രേഖപ്പെടുത്തിയത്. നടപ്പ് സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിലെ അറ്റാദാത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ പത്തിരട്ടി വളര്‍ച്ചയാണ് ബാങ്ക് നേടിയത്.
അതായത്, 2021-22 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ 10 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായമെങ്കില്‍ അവലോകന പാദത്തില്‍ അത് 115 കോടി രൂപയായി. 1018 ശതമാനത്തിന്റെ കുതിപ്പ്. ബാങ്കിന്റെ അഡ്വാന്‍സ് തുകയിലും നിക്ഷേപത്തിലും വന്‍വര്‍ധനവാണുണ്ടായത്. ഇഅടഅ 17.92 ശതമാനം വളര്‍ന്നു.
നിക്ഷേപങ്ങളും കറന്റ് ഡിപ്പോസിറ്റുകളും യഥാക്രമം 18.12 ശതമാനവും 16.86 ശതമാനവും ഉയര്‍ന്നു. കൂടാതെ, മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ (ജിഎന്‍പിഎ) 8.02 ല്‍നിന്ന് 5.87 ആക്കി നിലവാരം മെച്ചപ്പെടുത്തി. ഈ പാദഫലം പുറത്തുവന്നതിന് പിന്നാലെയാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരികള്‍ വിപണിയില്‍ അനക്കംവെച്ച് തുടങ്ങിയത്.
രണ്ടാം പാദത്തിലും മികച്ച ഫലം കൈവരിക്കാന്‍ ബാങ്കിന് സാധിച്ചു. 223 കോടി രൂപയായിരുന്നു നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ അറ്റാദായം. മുന്‍വര്‍ഷത്തെ കാലയളവില്‍ ഇത് 187 കോടി രൂപയായിരുന്നു.
അവലോകന പാദത്തില്‍ ബാങ്കിന്റെ മൊത്തവരുമാനം 1,804 കോടി രൂപയില്‍ നിന്ന് 11 ശതമാനം വര്‍ധിച്ച് 1,995 കോടി രൂപയായി. ബാങ്കിന്റെ ബിസിനസ് പുനഃക്രമീകരിച്ചതാണ് ഇതിന് സഹായകമായതെന്ന് അന്ന് മുരളി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.
വര്‍ഷാദ്യത്തിലെ മുന്നേറ്റം
ബാങ്കിന്റെ അഡ്വാന്‍സ് തുക മുന്‍വര്‍ഷത്തെ 61,816 കോടിയില്‍ നിന്ന് 18 ശതമാനം ഉയര്‍ന്ന് 70,168 കോടി രൂപയായതായി ബാങ്ക് എക്സ്ചേഞ്ച് ഫയലിംഗില്‍ വ്യക്തമാക്കിയതിന് പിന്നാലെ ജനുവരി രണ്ടിന് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരിവില 10 ശതമാനമാണ് ഉയര്‍ന്നത്.
19.25 രൂപയില്‍നിന്ന് ഓഹരിവില 21.25 രൂപയിലേക്കാണ് ഉയര്‍ന്നത്. ഇക്കാലയളവില്‍ ബാങ്കിന്റെ മൊത്തം നിക്ഷേപം വര്‍ഷാടിസ്ഥാനത്തില്‍ മൂന്ന് ശതമാനം വര്‍ധിച്ച് 90,714 കോടി രൂപയുമായി.
ഇനിയെന്ത്?
2023 മാര്‍ച്ചോടെ ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി 5.8 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാന്‍ കഴിയുമെന്നാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രതീക്ഷിക്കുന്നത്. ഇത് മുരളി രാമകൃഷ്ണന്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ബാങ്കിന്റെ പാദഫലങ്ങള്‍ മികച്ചതായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
2022 മാര്‍ച്ചില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 1,500 കോടി രൂപയുടെ സ്ട്രെസ്ഡ് ആസ്തികളായിരുന്നു വീണ്ടെടുത്തത്. ഇതിനുശേഷം തിരിച്ചടവ് വീണ്ടും ട്രാക്കിലായതിനാല്‍ ഈ വര്‍ഷവും സമാനമായ പ്രകടനം ആവര്‍ത്തിച്ചേക്കും.
സൗത്ത് ഇന്ത്യന്‍ ബാങ്കിന് ഇന്ത്യയിലുടനീളം 933 ശാഖകളും നാല് സേവന ശാഖകളും ഒരു എക്സ്റ്റന്‍ഷന്‍ കൗണ്ടറുകളും 18 റീജിയണല്‍ ഓഫീസുകളുമാണുള്ളത്. 1200ലധികം എടിഎമ്മുകളും 120 ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളും ബാങ്ക് സ്ഥാപിച്ചിട്ടുണ്ട്.