22 July 2023 4:39 AM GMT
Summary
- ബാങ്കിംഗ് ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ച് ദിവസമാക്കണമെന്ന നിര്‍ദേശം നേരത്തെ ചര്‍ച്ച ചെയ്തിരുന്നു
- ആഴ്ചയില്‍ 5 ദിവസത്തെ ജോലി എന്ന ഡിമാന്‍ഡ് ആവശ്യപ്പെടുന്നതില്‍ എതിര്‍പ്പില്ലെന്നു ധനകാര്യമന്ത്രാലയം
ഇനി ബാങ്ക് പ്രവര്‍ത്തിക്കുന്നത് ആഴ്ചയില്‍ 5 ദിവസം മാത്രമായിരിക്കും. പ്രതിവാരം രണ്ട് ദിവസത്തെ അവധി ബാങ്ക് ജീവനക്കാര്‍ക്ക് ലഭിക്കും. ഇതു സംബന്ധിച്ച പ്രഖ്യാപനം ജുലൈ 28-ന് ഉണ്ടാകുമെന്നാണു സൂചന.
ഇന്ത്യന്‍ ബാങ്കിംഗ് അസോസിയേഷന്‍ (ഐബിഎ) യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സുമായി (യുഎഫ്ബിയു) അടുത്ത ദിവസം നടത്തുന്ന യോഗത്തില്‍ തീരുമാനം കൈക്കൊള്ളുമെന്ന് റിപ്പോര്‍ട്ടുണ്ട്.
ബാങ്കിംഗ് ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ച് ദിവസമാക്കണമെന്ന നിര്‍ദേശം നേരത്തെ ചര്‍ച്ച ചെയ്തിരുന്നതാണെന്നു യുഎഫ്ബിയു പറഞ്ഞു.
നിലവില്‍ മാസത്തിലെ രണ്ട് ശനിയാഴ്ചകളില്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടാം ശനിയാഴ്ചയും, മാസത്തിലെ അവസാനത്തെ ശനിയാഴ്ചയുമാണ് അവധി.
ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എല്‍ഐസി) അഞ്ച് പ്രവൃത്തിദിനങ്ങള്‍ എന്ന നിയമം സര്‍ക്കാര്‍ നടപ്പാക്കിയതിനു ശേഷമാണ് ആഴ്ചയില്‍ അഞ്ച് ദിവസത്തെ പ്രവൃത്തി ദിനം എന്ന ആവശ്യം ബാങ്ക് ജീവനക്കാര്‍ ഉയര്‍ത്തിയത്.
ജുലൈ 28ന് നടക്കുന്ന യോഗത്തില്‍ ശമ്പള വര്‍ധന, വിരമിച്ചവര്‍ക്കുള്ള ഗ്രൂപ്പ് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പോളിസികളുടെ ആവശ്യകത എന്നിവ ചര്‍ച്ച ചെയ്യാനും സാധ്യതയുണ്ട്.
ആഴ്ചയില്‍ അഞ്ച് ദിവസത്തെ ജോലി എന്ന ഡിമാന്‍ഡ് യുഎഫ്ബിയു ആവശ്യപ്പെടുന്നതില്‍ എതിര്‍പ്പില്ലെന്നു കേന്ദ്ര ധനകാര്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇന്ത്യന്‍ ബാങ്കിംഗ് അസോസിയേഷന്‍ (ഐബിഎ) സര്‍ക്കാരിന് ഒരു പ്രൊപ്പോസലും അയച്ചിരുന്നു. ഈ പ്രൊപ്പോസലില്‍ ബാങ്ക് ജീവനക്കാരുടെ ദൈനംദിന ജോലി സമയം 40 മിനിറ്റ് വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ടായിരുന്നു.