image

14 Aug 2023 10:55 AM GMT

Banking

25 % വായ്പാ വളര്‍ച്ചയോടെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ഒന്നാമത്

MyFin Desk

bank of maharashtra tops in loan growth
X

കൊച്ചി : നടപ്പുവര്‍ഷത്തിന്‍റെ ആദ്യ ക്വാര്‍ട്ടറില്‍, വായ്പ, ഡെപ്പോസിറ്റ് എന്നിവയുടെ വളര്‍ച്ചാ നിരക്കില്‍ പൊതുമേഖല ബാങ്കുകള്‍ക്കിടയില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര (ബിഒഎം) ഒന്നാമതെത്തി. പൂന ആസ്ഥാനമായ ബാങ്കിന് ഈ വിഭാഗങ്ങളില്‍ 25 ശതമാനം വീതം വളര്‍ച്ചയാണുണ്ടായത്.

പൊതുമേഖലാ ബാങ്കുകള്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ബാങ്കിന്റെ വായ്പ ഏപ്രില്‍- ജൂണ്‍ കാലയളവില്‍ 24.98 ശതമാനം വളര്‍ച്ചയോടെ 1,75,676 കോടി രൂപയിലെത്തി. തൊട്ടുപിന്നിലുള്ള യൂക്കോ ബാങ്ക് 20.70 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ ബാങ്ക് ഓഫ് ബറോഡ 16.80 ശതമാനവും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 16.21 ശതമാനവും വളര്‍ച്ച നേടി. രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വായ്പാ വളര്‍ച്ച 15.08 ശതമാനമാണ്.

പ്രവർത്തനം വിപുലമാക്കുന്നതിന്‍റെ ഭാഗമായി ബാങ്ക് ഓഫ് മഹാരാഷ്ട്ര (ബിഒഎം) കേരളത്തിലെ ശാഖകളുടെ എണ്ണം സെപ്റ്റംബറോടെ ഇപ്പോഴത്തെ 35 ശാഖകളില്‍ നിന്ന് 50 ലേക്ക് ഉയർത്തും. കേരളത്തില്‍ ബാങ്കിന്‍റെ മൊത്തം ബിസിസസ് 7300 കോടി രൂപയിലേക്ക് ഉയർന്നിട്ടുണ്ട്.കേരളത്തില്‍ നല്കിയിട്ടുള്ള വായ്പയില്‍ 65 ശതമാനവും റീട്ടെയില്‍-അഗ്രികള്‍ച്ചര്‍-എംഎസ്എംഇ (റാം) വിഭാഗത്തിലാണ്.

റീട്ടെയില്‍-അഗ്രികള്‍ച്ചര്‍-എംഎസ്എംഇ (റാം) വായ്പകളുടെ കാര്യത്തില്‍, ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്കു അഖിലേന്ത്യ തലത്തില്‍ 25.44 ശതമാനം വളര്‍ച്ചയുണ്ട്. കുറഞ്ഞ നിരക്കിലുള്ള കറന്റ് അക്കൗണ്ട് ആന്‍ഡ് സേവിംഗ്സ് അക്കൗണ്ട് (കാസ) നിക്ഷേപത്തിലും ബാങ്ക് ഓഫ് മഹാരാഷ്ട്ര മുന്നിലാണ്, 50.97 ശതമാനം.മലയാളിയായ എ എസ് രാജീവ് ആണ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയും.