image

24 July 2023 6:58 AM GMT

Banking

കഴിഞ്ഞവര്‍ഷം ബാങ്കുകള്‍ എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി രൂപ

MyFin Desk

last year banks wrote off rs 2.09 lakh crore
X

Summary

  • എഴുതിത്തള്ളിയ വായ്പ സിംഹഭാഗവും പൊതുമേഖലാ ബാങ്കുകളുടേത്‌
  • വായ്പയിന്മേലുള്ള മുതല്‍, പലിശയുടെ തിരിച്ചടവ് 90 ദിവസമായിട്ടും ഉണ്ടായിട്ടില്ലെങ്കില്‍ അതിനെ നിഷ്‌ക്രിയ ആസ്തിയായി (NPA) കണക്കാക്കും
  • 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1,74,966 കോടി രൂപയായിരുന്നു ബാങ്ക് എഴുതിത്തള്ളിയ വായ്പ


2022-23 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയിലെ ബാങ്കുകള്‍ എഴുതിത്തള്ളിയ കിട്ടാക്കടം 2.09 ലക്ഷം കോടി രൂപയിലധികമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (RBI) നിന്ന് ലഭിച്ച കണക്കുകള്‍ പറയുന്നു. വിവരാവകാശ (RTI) രേഖയിലൂടെയാണു കണക്കുകള്‍ ശേഖരിച്ചത്.

ഇതോടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബാങ്കിംഗ് മേഖല മൊത്തം എഴുതിത്തള്ളിയ വായ്പ 10.57 ലക്ഷം കോടി രൂപയിലെത്തിയതായി ആര്‍ബിഐ ഡാറ്റ വിശദമാക്കുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് സൂചിപ്പിച്ചു.

2020-23 സാമ്പത്തിക വര്‍ഷത്തില്‍ 2,02,781 കോടി രൂപയുടെ വായ്പ ബാങ്ക് എഴുതിത്തള്ളി.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1,74,966 കോടി രൂപയായിരുന്നു ബാങ്ക് എഴുതിത്തള്ളിയ വായ്പ.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ 2,09,144 കോടി രൂപയുമാണെന്നാണ് ആര്‍ടിഐ രേഖ പറയുന്നത്.

നിഷ്‌ക്രിയ ആസ്തികളെന്ന് കണക്കുപുസ്തകത്തില്‍ രേഖപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബാങ്കുകള്‍ ആ ഭാരം ലഘൂകരിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഒരു തന്ത്രമായിട്ടാണ് വായ്പ എഴുതിത്തള്ളുന്നതിനെ അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

90 ദിവസമായിട്ടും തിരിച്ചടവ് ഇല്ലെങ്കില്‍

ഒരു ബാങ്ക് വായ്പയിന്മേലുള്ള മുതല്‍, പലിശയുടെ തിരിച്ചടവ് 90 ദിവസമായിട്ടും ഉണ്ടായിട്ടില്ലെങ്കില്‍ അതിനെ നിഷ്‌ക്രിയ ആസ്തിയായി (Non – Performing Assets -NPA) കണക്കാക്കും. കാലക്രമേണ അത് കിട്ടാക്കടമായും കണക്കാക്കും. സാധിക്കുന്ന രീതിയില്‍ പിരിച്ചെടുക്കാന്‍ ശ്രമിച്ചിട്ടും അതും കഴിയാതെ വരുമ്പോഴാണ് എഴുതിത്തള്ളുന്നത്.

ഇത് ലാഭക്ഷമത കുറയ്ക്കുമെന്നത് ഉറപ്പാണ്. വായ്പ് നല്‍കുന്ന സ്ഥാപനത്തിന്റെ സല്‍പേരിനും കോട്ടംവരുത്തും. ആര്‍ബിഐയുടെ കണക്ക് അനുസരിച്ച് വായ്പകള്‍ എഴുതിത്തള്ളിയതിന്റെ സിംഹഭാഗവും പൊതുമേഖലാ ബാങ്കുകളുടേതാണ്. 3,66,380 കോടി രൂപയാണു പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത്.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ബാങ്കുകള്‍ എഴുതിത്തള്ളിയ വായ്പകളില്‍നിന്നും തിരിച്ചുപിടിച്ച തുക നാമമാത്രമാണ്.

2020-21ല്‍ തിരിച്ചുപിടിച്ചത് 30,104 കോടി രൂപയാണ്.

2021-22ല്‍ തിരിച്ചുപിടിച്ചത് 33,534 കോടി രൂപയാണ്.

2022-23ല്‍ തിരിച്ചുപിടിച്ചത് 45,548 കോടി രൂപയും.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എഴുതിത്തള്ളിയ 586 കോടി രൂപയുടെ വായ്പകളില്‍ 1,09,186 കോടി രൂപ മാത്രമാണു ബാങ്കുകള്‍ക്കു തിരിച്ചുപിടിക്കാനായതെന്ന് ആര്‍ബിഐയുടെ കണക്കുകള്‍ പറയുന്നു. വീണ്ടെടുക്കല്‍ നിരക്ക് (recovery rate) 18.60 ശതമാനം.

വായ്പ എഴുതിത്തള്ളിയതിലൂടെ ബാങ്കുകള്‍ക്ക് അവരുടെ മൊത്തം നിഷ്‌ക്രിയ ആസ്തി (Gross Non-Performing Assets -GNPA) 10 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്താന്‍ സഹായിച്ചു.

വായ്പ എഴുതിത്തള്ളിയതു കാരണം ബാങ്കുകള്‍ക്ക് അവരുടെ മൊത്തം നിഷ്‌ക്രിയ ആസ്തികളെ (GNPA) കുറച്ചു കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

2017-18 സാമ്പത്തിക വര്‍ഷത്തില്‍ GNPA 10.21 ലക്ഷം കോടി രൂപയായിരുന്നു. ഇത് 2022-23ലെത്തിയപ്പോള്‍ 5.55 ലക്ഷം കോടി രൂപയായി കുറഞ്ഞു.

വായ്പ എഴുതിത്തള്ളിയാല്‍ എന്ത് സംഭവിക്കും ?

ഒരു ബാങ്ക് വായ്പ എഴുതിത്തള്ളുമ്പോള്‍ അത് ബാങ്കിന്റെ ആസ്തികള്‍ രേഖപ്പെടുത്തിയ ബുക്കില്‍നിന്നും (asset book) നീക്കം ചെയ്യുന്നു.

ഇങ്ങനെ ചെയ്യുന്നത്, കടം വാങ്ങുന്നയാളോ സ്ഥാപനമോ വായ്പ തിരിച്ചടയ്ക്കുന്നതില്‍ പരാജയപ്പെടുമ്പോഴോ, കുടിശ്ശിക തുക വീണ്ടെടുക്കാനുള്ള സാധ്യത വളരെ കുറയുകയോ ചെയ്യുമ്പോഴാണ്.

എഴുതിത്തള്ളലിനു ശേഷവും, വിവിധ ഓപ്ഷനുകള്‍ ഉപയോഗിച്ചു വായ്പ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ബാങ്ക് തുടരേണ്ടതുണ്ട്.

എഴുതിത്തള്ളലിന്റെ ഫലമായി, എഴുതിത്തള്ളിയ തുക ലാഭത്തില്‍ നിന്ന് കുറയ്ക്കുന്നതിനാല്‍ ബാങ്കിന്റെ നികുതി ബാധ്യത കുറയും.