30 May 2023 10:46 AM GMT
Summary
- ആഭ്യന്തര ആസ്‍തികളുടെ വിഹിതത്തില്‍ ഇടിവ്
- സര്‍പ്ലസില്‍ രേഖപ്പെടുത്തിയത് 188.43% വർധന
- കൈവശമുള്ള സ്വര്‍ണത്തിന്‍റെ മൂല്യത്തില്‍ 17.20% വര്‍ധന
മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്കിന്റെ ബാലൻസ് ഷീറ്റിന്റെ വലുപ്പം 2.5 ശതമാനം വർധിച്ച് ഏകദേശം 63.45 ലക്ഷം കോടി രൂപയായി. ഉയർന്ന വരുമാനമാണ് ബാലന്‍സ് ഷീറ്റിന്‍റെ വളര്‍ച്ചയിലേക്ക് നയിച്ചതെന്ന് കേന്ദ്രബാങ്ക് ഇന്ന് പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രവർത്തനത്തിൽ ഒരു നിർണായക പങ്ക് വഹിക്കുന്ന ഘടകമാണ് റിസര്‍വ് ബാങ്കിന്‍റെ ബാലന്‍സ് ഷീറ്റ്.
കറൻസി പുറത്തിറക്കലിലും ധനനയത്തിലും കരുതൽ ധനം കൈകാര്യം ചെയ്യുന്നതിലും ആര്‍ബിഐ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനമാണ് ബാലന്‍സ് ഷീറ്റില്‍ കാണാനാകുക. ബാലൻസ് ഷീറ്റിന്റെ വലുപ്പം 2022-23ല്‍ 1,54,453.97 കോടി രൂപ വർദ്ധിച്ചു, അതായത്, 2022 മാർച്ച് 31 ലെ 61,90,302.27 കോടി രൂപയിൽ നിന്ന് 2.50 ശതമാനം വർധിച്ച് 2023 മാർച്ച് 31ലെ കണക്കുപ്രകാരം 63,44,756.24 കോടി രൂപയായി. വരുമാനം 47.06 ശതമാനം വർധിച്ചപ്പോൾ ചെലവിൽ 14.05 ശതമാനം വർധനയുണ്ടായി.
87,416.22 കോടി രൂപയുടെ മൊത്തം മിച്ചവുമായാണ് (സര്‍പ്ലസ്) കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിച്ചത്, മുൻവർഷത്തെ 30,307.45 കോടി രൂപയിൽ നിന്ന് 188.43 ശതമാനം വർധനവുണ്ടായി. മിച്ചം വരുന്ന തുക ലാഭവിഹിതമായി ആർബിഐ കേന്ദ്ര സർക്കാരിന് കൈമാറുന്നു.
വിദേശ നിക്ഷേപം, സ്വർണം, വായ്പകൾ, അഡ്വാൻസുകൾ എന്നിവയിൽ യഥാക്രമം 2.31 ശതമാനം, 15.30 ശതമാനം, 38.33 ശതമാനം വർധനവുണ്ടായതാണ് ആസ്‍തികളിലെ മൊത്തം വര്‍ധനയ്ക്ക് കാരണം. പുറത്തിറക്കിയ നോട്ടുകൾ, പുനർമൂല്യനിർണ്ണയ അക്കൗണ്ടുകൾ, മറ്റ് ബാധ്യതകൾ എന്നിവയിൽ യഥാക്രമം 7.81 ശതമാനം, 20.50 ശതമാനം, 79.07 ശതമാനം എന്നിങ്ങനെ വര്‍ധിച്ചതിന്‍റെ ഫലമായി ബാധ്യതകളും വര്‍ധിച്ചു.
ആഭ്യന്തര ആസ്തികൾ മൊത്തം ആസ്‍തിയുടെ 27.69 ശതമാനവും വിദേശ കറൻസി ആസ്തികളും സ്വർണ്ണവും (ഇന്ത്യയിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണ നിക്ഷേപവും സ്വർണ്ണവും ഉൾപ്പെടെ) മൊത്തം ആസ്തിയുടെ 72.31 ശതമാനമാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനത്തില്‍ ഇത് യഥാക്രമം 28.22 ശതമാനവും 71.78 ശതമാനവുമായിരുന്നു.
കണ്ടിൻജൻസി ഫണ്ടിലേക്ക് (സിഎഫ്) ഏകദേശം 1.31 ലക്ഷം കോടി രൂപ വകയിരുത്തി . അസറ്റ് ഡെവലപ്‌മെന്റ് ഫണ്ടിലേക്ക് (എഡിഎഫ്) ഒരു വകയിരുത്തലും നടത്തിയിട്ടില്ലെന്നും ആര്‍ബിഐ പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു.
മാര്‍ച്ച് 31ലെ കണക്കു പ്രകാരം റിസർവ് ബാങ്കിന്റെ കൈവശമുള്ള ആകെ സ്വർണം 794.63 മെട്രിക് ടൺ ആണ്. 2022 മാർച്ച് 31 ലെ കണക്കനുസരിച്ച് ഇത് 760.42 മെട്രിക് ടണ്ണായിരുന്നു. ബാങ്കിംഗ് വകുപ്പിന്റെ ആസ്തിയായി സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണത്തിന്‍റെ (സ്വർണ്ണ നിക്ഷേപം ഉൾപ്പെടെ) മൂല്യം 2022 മാർച്ച് 31 ലെ 1,96,864.38 കോടി രൂപയിൽ നിന്ന് 17.20 ശതമാനം വർധിച്ച് 2023 മാർച്ച് 31ന് 2,30,733.95 കോടി രൂപയിലെത്തിയെന്നും ആര്‍ബിഐ അറിയിച്ചു.