image

19 Jun 2024 5:40 AM GMT

Aviation

ടാറ്റാ ഗ്രൂപ്പും എയര്‍ബസ് ഹെലികോപ്‌റ്റേഴ്‌സും സഹകരിക്കുന്നു

MyFin Desk

With helicopter manufacturing Private company in India
X

Summary

  • ഹെലികോപ്റ്ററുകള്‍ക്കായുള്ള അസംബ്ലി ലൈനിന് സ്ഥലം കണ്ടെത്താനുള്ള ശ്രമത്തില്‍
  • എയര്‍ബസും ടാറ്റയും സംയുക്തമായി ഫാക്ടറിയുടെ സ്ഥാനം തീരുമാനിക്കും


ഇന്ത്യയില്‍ ഹെലികോപ്റ്ററുകള്‍ക്കായുള്ള അസംബ്ലി ലൈനിന്റെ (എഫ്എഎല്‍) സ്ഥലം കണ്ടെത്തുന്നതിന് ടാറ്റ ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് എയര്‍ബസ് ഹെലികോപ്‌റ്റേഴ്‌സ്. എയര്‍ബസ് ഹെലികോപ്‌റ്റേഴ്സ് ഇന്ത്യ മേധാവി സണ്ണി ഗുഗ്ലാനിയാണ് ഇക്കാര്യമറിയിച്ചത്. ആഭ്യന്തര എനര്‍ജി ഓഫ്ഷോര്‍ സെക്ടറില്‍ എച്ച് 145 ഹെലികോപ്റ്റര്‍ പുറത്തിറക്കിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓഫ്-ഷോര്‍ ഹെലികോപ്റ്റര്‍ സേവന ദാതാക്കളായ ഹെലിഗോ ചാര്‍ട്ടേഴ്‌സുമായി സഹകരിച്ചാണ് എച്ച് 145 ഹെലികോപ്റ്റര്‍ എയര്‍ബസ് ഹെലികോപ്‌റ്റേഴ്‌സ് പുറത്തിറക്കിയത്.

യൂറോപ്യന്‍ ഏവിയേഷന്‍ കമ്പനിയായ എയര്‍ബസിന്റെ ഹെലികോപ്റ്റര്‍ നിര്‍മ്മാണ വിഭാഗം ഈ വര്‍ഷം ജനുവരിയില്‍ ടാറ്റ ഗ്രൂപ്പുമായി സഹകരിച്ച് രാജ്യത്ത് ഹെലികോപ്റ്ററുകള്‍ക്കായി അന്തിമ അസംബ്ലി ലൈന്‍ സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നു. എയര്‍ബസും ടാറ്റയും (ഗ്രൂപ്പ്) സംയുക്തമായി ഈ സൗകര്യത്തിന്റെ സ്ഥാനം തീരുമാനിക്കുമെന്ന് പ്രഖ്യാപന സമയത്ത് കമ്പനി പറഞ്ഞിരുന്നു.

ലൊക്കേഷന്‍ തിരിച്ചറിയാനും ഫാക്ടറി എങ്ങനെ സജ്ജീകരിക്കും എന്നതിനെക്കുറിച്ചുള്ള പ്ലാന്‍ തയ്യാറാക്കാനും കമ്പനി ടാറ്റയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ഈ പ്ലാന്റില്‍നിന്നും 2026ല്‍ ങെലിക്കോപ്റ്ററുകള്‍ പുഖറത്തിറക്കുമെന്നാണ് സൂചന.

ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എല്‍) ആണ് എയര്‍ബസ് ഹെലികോപ്റ്ററുകള്‍ക്കൊപ്പം ഈ സൗകര്യം സ്ഥാപിക്കുക. ഗുജറാത്തിലെ സി 295 സൈനിക വിമാന നിര്‍മ്മാണ കേന്ദ്രത്തിന് ശേഷം എയര്‍ബസ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ അസംബ്ലി ലൈനാണിത്.

ഹെലിക്കോപ്റ്ററുകള്‍ ഇന്ത്യയില്‍നിന്ന് കയറ്റുമതി നടത്താനും കമ്പനി പദ്ധതി ആവിഷ്‌ക്കരിക്കുന്നുണ്ട്. ഒരു സ്വകാര്യ മേഖലയിലെ കമ്പനി രാജ്യത്ത് ഹെലികോപ്റ്റര്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുന്നത് ഇതാദ്യമാണ്. ഈ ഹെലിക്കോപ്റ്ററുകള്‍ യാത്രക്കാരുടെയും ചരക്ക് ഗതാഗതത്തിലും വിപ്ലവം സൃഷ്ടിക്കുമെന്നും അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ , ദുരന്തനിവാരണം, ടൂറിസം, ഏരിയല്‍ വര്‍ക്ക് ദൗത്യങ്ങള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കും ഉപയോഗിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.