18 Dec 2023 7:30 AM GMT
Summary
- ഗോ ഫസ്റ്റിന് വായ്പ നല്‍കിയവര്‍ ലിക്വിഡേഷനെ കുറിച്ചാണ് ആലോചിക്കുന്നത്
- ഈ വര്‍ഷം മേയ് 3 മുതല്‍ വിമാന സര്‍വീസ് നിറുത്തിവച്ചിരിക്കുകയാണ് ഗോ ഫസ്റ്റ്
- കഴിഞ്ഞ മാസം ഗോ ഫസ്റ്റിന്റെ സിഇഒ സ്ഥാനത്തു നിന്നും കൗശിക് ഖോന രാജിവയ്ക്കുകയും ചെയ്തിരുന്നു
ഗോ ഫസ്റ്റ് എയര്‍ലൈന്‍സിനെ സ്‌പൈസ് ജെറ്റ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. സ്‌പൈസ് ജെറ്റും, ആഫ്രിക്ക കേന്ദ്രീകരിച്ചുള്ള സഫ്രിക് ഇന്‍വെസ്റ്റ്‌മെന്റ്‌സും ഷാര്‍ജ ആസ്ഥാനമായുള്ള ഏവിയേഷന്‍ കമ്പനിയായ സ്‌കൈ വണ്ണും ചേര്‍ന്ന് ഗോ ഫസ്റ്റിനെ ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഗോ ഫസ്റ്റ് എയര്‍ലൈന്‍സിനു വായ്പ നല്‍കിയവര്‍ (lenders) സ്‌കൈ വണ്ണിന്റെയും സഫ്രിക്കിന്റെയും കഴിവില്‍ സംശയമുള്ളവരാണ്.
കാരണം ഇരു കമ്പനികള്‍ക്കും യാത്രാ വിമാന സര്‍വീസുകള്‍ നടത്തി അധികം പരിചയമില്ലാത്തവരാണ്. സ്‌പൈസ് ജെറ്റ് ആകട്ടെ, സാമ്പത്തികപ്രതിസന്ധിയില്‍പ്പെട്ട് നട്ടം തിരിയുന്ന കമ്പനിയുമാണ്. കഴിഞ്ഞയാഴ്ചയായിരുന്നു സ്‌പൈസ്‌ജെറ്റ് ബോര്‍ഡ്, ഓഹരി ഇഷ്യുവിലൂടെ 2,250 കോടി രൂപ സമാഹരിക്കാനുള്ള നിര്‍ദേശം നല്‍കിയത്.
ഈ വര്‍ഷം മേയ് 3 മുതല്‍ വിമാന സര്‍വീസ് നിറുത്തിവച്ചിരിക്കുകയാണ് ഗോ ഫസ്റ്റ്. കഴിഞ്ഞ മാസം ഗോ ഫസ്റ്റിന്റെ സിഇഒ സ്ഥാനത്തു നിന്നും കൗശിക് ഖോന രാജിവയ്ക്കുകയും ചെയ്തിരുന്നു.
ഗോ ഫസ്റ്റിന് വായ്പ നല്‍കിയവര്‍ ലിക്വിഡേഷനെ കുറിച്ചാണ് ആലോചിക്കുന്നത്.
ഗോ ഫസ്റ്റിന് നിയമപരവും പ്രവര്‍ത്തനപരവുമായ പ്രശ്‌നങ്ങള്‍ കാരണം വാങ്ങുന്നവരെ (buyer) കണ്ടെത്താന്‍ പ്രയാസമാണെന്നു വായ്പാദാതാക്കള്‍ പറയുന്നു.
പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി എന്ന യുഎസ് എന്‍ജിന്‍ നിര്‍മാതാക്കളില്‍ നിന്ന് ഗോ ഫസ്റ്റിന്റെ വായ്പാദാതാക്കള്‍ 100 കോഡി ഡോളറിലധികം വരുന്ന തുക നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നുണ്ട്. ഇതിന്റെ ആര്‍ബിട്രേഷന്‍ നടപടികള്‍ സിംഗപ്പൂരില്‍ നടക്കുകയാണ്.
ഗോ ഫസ്റ്റ് സര്‍വീസ് നടത്തിയിരുന്നപ്പോള്‍ തകരാറുള്ള എന്‍ജിനുകള്‍ കൃത്യസമയത്ത് മാറ്റിസ്ഥാപിക്കാതിരുന്നതിനാല്‍ പല സര്‍വീസുകളും റദ്ദാക്കേണ്ടി വന്നിരുന്നു. തകരാറുള്ള എന്‍ജിനുകള്‍ മാറ്റി സ്ഥാപിക്കാനായി പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി സഹകരിക്കാത്തതാണ് ഗോ ഫസ്റ്റിന്റെ സര്‍വീസ് അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചതെന്നാണു കമ്പനി ആരോപിക്കുന്നത്.