16 Oct 2024 10:50 AM GMT
Summary
- മൂന്നുദിവസത്തിനുള്ളില്‍ വിവിധ കമ്പനികളുടെ 19 വിമാനങ്ങളെ ഭീഷണി ബാധിച്ചു
- പരിശോധനയില്‍ ഭീഷണി എല്ലാം വ്യാജമാണെന്ന് തെളിഞ്ഞിരുന്ന
- സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് ഭീഷണി പോസ്റ്റ് ചെയ്യുന്നത്
ഇന്ത്യന്‍ യാത്രാവിമാനങ്ങളെ ലക്ഷ്യമിട്ടുള്ള ബോംബു ഭീഷണി തുടര്‍ക്കഥയായി മാറുന്നു. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. ഇത് പിന്നീട് വ്യാജമാണെന്ന് തിരിച്ചറിഞ്ഞു. ബെംഗളൂരുവിലേക്ക് പോകേണ്ട ആകാശ എയറിന്റെ വിമാനത്തിലും ബോംബ് ഭീഷണി ഉണ്ടായി. തുടന്ന് വിമാനം ന്യൂഡെല്‍ഹിയിലേക്ക് തിരിച്ചുപോയി.
മൂന്ന് ദിവസത്തിനുള്ളില്‍ വിവിധ കമ്പനികളുടെ 19 വിമാനങ്ങളെയാണ് ബോംബ് ഭീഷണി ബാധിച്ചത്.
എല്ലായാത്രക്കാരെയും സുരക്ഷിതമായി ഇറക്കിയശേഷം നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്നും ബുധനാഴ്ച രാവിലെ വിമാനം ഡല്‍ഹിയിലേക്ക് പറന്നുയര്‍ന്നുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ചൊവ്വാഴ്ച രാത്രി മുംബൈയില്‍ നിന്ന് വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ, 200 ഓളം യാത്രക്കാരും ജീവനക്കാരും സഞ്ചരിച്ചിരുന്ന വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതന്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.
മുംബൈ എടിസി മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന്, പൈലറ്റുമാര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ തീരുമാനിച്ചു. വിമാനത്തിന്റെ ഡല്‍ഹിയിലേക്കുള്ള റൂട്ടില്‍ ഏറ്റവും അടുത്തുള്ള വിമാനത്താവളം അഹമ്മദാബാദായിരുന്നു.
വിമാനം രാത്രി മുഴുവന്‍ സുരക്ഷാ ഏജന്‍സികള്‍ വിശദമായി പരിശോധിച്ചു. എന്നിരുന്നാലും, സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഗ്രീന്‍ സിഗ്‌നല്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഇന്ന് രാവിലെ 8 മണിയോടെ വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നിരവധി വിമാനങ്ങള്‍ക്ക് സമാനമായ വ്യാജ ബോംബ് ഭീഷണി ലഭിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. ബോംബ് ഭീഷണിയെ തുടര്‍ന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ആകാശ എയര്‍ വിമാനം ബുധനാഴ്ച ഉച്ചയോടെ ന്യൂഡല്‍ഹിയിലേക്ക് മടങ്ങി.
തിങ്കളാഴ്ച മുംബൈയില്‍ നിന്ന് പുറപ്പെട്ട മൂന്ന് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിയുണ്ടായി. ന്യൂയോര്‍ക്കിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ന്യൂഡല്‍ഹിയിലേക്ക് തിരിച്ചുവിട്ട് ഷെഡ്യൂള്‍ ചെയ്തപ്പോള്‍, ഇന്‍ഡിഗോ നടത്തുന്ന മറ്റ് രണ്ടെണ്ണം മണിക്കൂറുകളോളം വൈകി.
ചൊവ്വാഴ്ച, 211 പേരുമായി ഡല്‍ഹിയില്‍ നിന്ന് ചിക്കാഗോയിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് കാനഡയിലെ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. എയര്‍ ഇന്ത്യയുടെ ഡല്‍ഹി-ഷിക്കാഗോ വിമാനത്തിന് പുറമെ ചൊവ്വാഴ്ച മറ്റ് ആറ് ഇന്ത്യന്‍ വിമാനങ്ങള്‍ക്കും സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചു.
ഭീഷണി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്ത്യ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
വിവിധ തീവ്രവാദ സംഘടനകള്‍ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ഇന്ത്യക്ക് പുറത്തുള്ള ചില സംഘടനകള്‍ മുന്‍പ് ഇന്ത്യയുടെ വിമാനങ്ങള്‍ പറയുന്നരാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതും ആശങ്കകള്‍ക്ക് കാരണമാകുന്നു.