13 Dec 2024 7:19 AM GMT
Summary
- പരീക്ഷണാര്‍ത്ഥമുള്ള വിമാന ലാന്‍ഡിംഗ് വിജയകരം
- ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 72 കിലോമീറ്റര്‍ മാത്രം അകലെയാണ് പുതിയ എയര്‍പോര്‍ട്ട്
- ആദ്യഘട്ടത്തില്‍, ഒരു റണ്‍വേയും ഒരു ടെര്‍മിനലുമാണ് എയര്‍പോര്‍ട്ടിനുണ്ടാവുക
നോയിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 2025 ഏപ്രിലില്‍ പ്രവര്‍ത്തനം ആരംഭിക്കും. കഴിഞ്ഞ ദിവസം എയര്‍പോര്‍ട്ടില്‍ ഫ്‌ലൈറ്റ് ലാന്‍ഡിംഗ് വിജയകരമായി നടത്തിയിരുന്നു. നാവിഗേഷന്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെ പുതിയ റണ്‍വേയിലെ സമീപനവും പുറപ്പെടല്‍ നടപടിക്രമങ്ങളും എല്ലാം വിജയകരമായി പൂര്‍ത്തിയാക്കി. എയറോഡ്രോം ലൈസന്‍സ് ലഭിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ് ഇത്.
വാലിഡേഷന്‍ ഫ്‌ലൈറ്റിന്റെ റിപ്പോര്‍ട്ട് ഇപ്പോള്‍ ഏവിയേഷന്‍ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡിജിസിഎ) അവലോകനത്തിനായി അയയ്ക്കും. അവലോകനത്തിന് ശേഷം, എയര്‍പോര്‍ട്ട് അധികൃതര്‍ എയറോഡ്രോം സര്‍ട്ടിഫിക്കേഷനായി ആവശ്യമായ ഡോക്യുമെന്റേഷന്‍ അന്തിമമാക്കി ഡിജിസിഎയ്ക്ക് സമര്‍പ്പിക്കും. എയര്‍പോര്‍ട്ട് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് എയര്‍ഡ്രോം ലൈസന്‍സ് നിര്‍ബന്ധമാണ്.
പരീക്ഷണാര്‍ത്ഥം ഇന്‍ഡിഗോയാണ് ഫ്‌ലൈറ്റ് സര്‍വീസ് നടത്തിയത്. അതുവഴി എയര്‍പോര്‍ട്ടിന്റെ സമീപന നടപടിക്രമങ്ങള്‍ പരിശോധിച്ചു, അതിന്റെ നാവിഗേഷന്‍ സഹായങ്ങളുടെയും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റങ്ങളുടെയും കൃത്യതയും പ്രവര്‍ത്തനവും സ്ഥിരീകരിച്ചു.
എന്‍ഐഎയും ഇന്‍ഡിഗോയും കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശിലും അതിനപ്പുറവും എയര്‍ കണക്റ്റിവിറ്റി വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി ഒരു ധാരണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു.
നിര്‍മ്മാണ കാലതാമസം കാരണം 2024 അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കാനുള്ള വിമാനത്താവളത്തിന്റെ പദ്ധതികള്‍ ഏറെക്കുറെ പിന്നോട്ട് പോയെങ്കിലും, 2025 ഏപ്രില്‍ അവസാനത്തോടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് എന്‍ഐഎ പ്രതീക്ഷിക്കുന്നു.
ആദ്യഘട്ടത്തില്‍, വിമാനത്താവളത്തിന് ഒരു റണ്‍വേയും 12 ദശലക്ഷം യാത്രക്കാരുടെ വാര്‍ഷിക ട്രാഫിക് കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ഒരു ടെര്‍മിനലും ഉണ്ടായിരിക്കും.
ഡല്‍ഹി-എന്‍സിആറിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ എന്‍ഐഎ ജെവാറിലെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമാണ്. 2021 നവംബര്‍ 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിമാനത്താവളത്തിന്റെ തറക്കല്ലിട്ടത്.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 72 കിലോമീറ്ററും നോയിഡയില്‍ നിന്ന് 52 കിലോമീറ്ററും ആഗ്രയില്‍ നിന്ന് 130 കിലോമീറ്ററും അകലെ 1,334 ഹെക്ടറിലാണ് വിമാനത്താവളം ആസൂത്രണം ചെയ്തിരിക്കുന്നത്.
സൂറിച്ച് എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ എജിയുടെ 100 ശതമാനം അനുബന്ധ സ്ഥാപനമായ യമുന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ 5,730 കോടി രൂപയുടെ മൊത്തത്തിലുള്ള നിക്ഷേപത്തോടെയാണ് ഇത് വികസിപ്പിക്കുന്നത്.