17 Oct 2023 10:42 AM GMT
Summary
- വിമാനങ്ങള്‍ പുറപ്പെടുന്നതില്‍ കൃത്യനിഷ്ഠ പുലര്‍ത്താന്‍ എയര്‍പോര്‍ട്ടിന് സാധിക്കുന്നു
- ആഗോളതലത്തില്‍തന്നെ കെമ്പഗൗഡ വിമാനത്താവളം ഒന്നാമതെത്തി
ബെംഗളൂരു കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളം കൃത്യനിഷ്ഠതയുടെ കാര്യത്തില്‍ ഒന്നാമത്. സിറിയം പുറത്തുവിട്ട 'ദ ഓണ്‍-ടൈം പെര്‍ഫോമന്‍സ് മന്ത്ലി റിപ്പോര്‍ട്ട്' പ്രകാരം കഴിഞ്ഞ മൂന്ന് മാസമായി തുടര്‍ച്ചയായി ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠ പാലിക്കുന്ന വിമാനത്താവളമെന്ന ഖ്യാതിയാണ് കെമ്പഗൗഡ വിമാനത്താവളം സ്വന്തമാക്കിയത്.
ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ കീഴിലുള്ള കെംപഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് സമയബന്ധിതമായി മികച്ച സേവന അനുഭവമാണ് നല്‍കിയത്. വിമാനസര്‍വീസുകളുടെ പുറപ്പെടല്‍ സംബന്ധിച്ച് എയര്‍പോര്‍ട്ട് ജൂലൈയില്‍ 87.51 ശതമാനവും ഓഗസ്റ്റില്‍ 89.66 ശതമാനവും സെപ്റ്റംബറില്‍ 88.51 ശതമാനവും കൃത്യത പുലര്‍ത്തിയതായി ബിഐഎഎല്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഷെഡ്യൂള്‍ ചെയ്ത സമയത്തിന്റെ 15 മിനിറ്റിനുള്ളില്‍ പുറപ്പെട്ട ഫ്‌ളൈറ്റുകളുടെ ശതമാനം വേവായാണ് ഓണ്‍-ടൈം ഡിപ്പാര്‍ച്ചര്‍ റാങ്കിംഗ് തയ്യാറാക്കുതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
സിറിയം നടത്തുന്ന മൂല്യനിര്‍ണ്ണയ പ്രക്രിയയില്‍ ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങള്‍ക്കായുള്ള ഫ്‌ളൈറ്റ് ഡാറ്റയുടെ സമഗ്രമായ അവലോകനം ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏവിയേഷന്‍ അനലിറ്റിക്സിലെ വ്യവസായ പ്രമുഖനാണ് സിറിയം; ഭൂതകാലവും വര്‍ത്തമാനവും മനസിലാക്കാനും വിമാന യാത്രയില്‍ നാളെ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനും വ്യോമയാന വ്യവസായത്തെ അവര്‍ സഹായിക്കുന്നു.