image

19 May 2023 12:14 PM GMT

Aviation

ലാഭത്തിലേക്ക് പറന്ന് ഇന്‍ഡിഗോ; അറ്റാദായം 919.2 കോടി രൂപ

MyFin Desk

indigo air profit growth
X

Summary

  • മുന്‍വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ സഞ്ചിത നഷ്ടം 1681.8 കോടി രൂപയായിരുന്നു
  • ഇന്‍ഡിഗോ എയര്‍ലൈന്‍ എക്കാലത്തെയും മികച്ച നാലാം പാദ അറ്റാദായമാണ് രേഖപ്പെടുത്തിയത്.
  • ആഗോളതലത്തില്‍ കൂടുതല്‍ റൂട്ടുകളിലേക്ക് സര്‍വീസ് നടത്താനും കമ്പനിക്ക് പദ്ധതി


രാജ്യത്തെ വലിയ എയര്‍ലൈനായ ഇന്‍ഡിഗോ മാര്‍ച്ചില്‍ ലാഭം കൈവരിച്ചു.

വിപണിയിലെ ശക്തമായ ഡിമാന്‍ഡും അതേ തുടര്‍ന്ന് കൈവരിച്ച ഉയര്‍ന്ന വരുമാനവുമാണു മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 919.2 കോടി രൂപയുടെ അറ്റാദായം നേടാന്‍ ഇന്‍ഡിഗോ എയര്‍ലൈനിന്റൈ മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷനെ സഹായിച്ചത്.

മുന്‍വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ സഞ്ചിത നഷ്ടം 1681.8 കോടി രൂപയായിരുന്നു.

ഏവിയേഷന്‍ വിപണിയില്‍ ഇപ്പോള്‍ അനുകൂല സാഹചര്യമുള്ളതിനാല്‍ ജൂണില്‍ അവസാനിക്കുന്ന പാദത്തില്‍ കമ്പനി 5-7 ശതമാനം വളര്‍ച്ച അവൈലബിള്‍ സീറ്റ് കിലോമീറ്റേഴ്‌സില്‍ (ASK) പ്രതീക്ഷിക്കുന്നുണ്ട്. ഒരു വിമാനക്കമ്പനിയുടെ വരുമാനം ഉണ്ടാക്കുന്നതിനുള്ള ശേഷിയുടെ അളവുകോലാണ് അവൈലബിള്‍ സീറ്റ് കിലോമീറ്റേഴ്‌സ്.

ഈ സാമ്പത്തികവര്‍ഷം 5,000 പേരെ കൂടി റിക്രൂട്ട് ചെയ്യുമെന്നും 45-50 വിമാനങ്ങള്‍ സര്‍വീസിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വിതരണ ശൃംഖലയിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനും ലഘൂകരിക്കാനുമുള്ള നടപടികള്‍ തുടരുന്നതായും ഇന്‍ഡിഗോ അറിയിച്ചു.

2023 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍ അതിന്റെ എക്കാലത്തെയും മികച്ച നാലാം പാദ അറ്റാദായമാണ് (9,192 ദശലക്ഷം രൂപ) രേഖപ്പെടുത്തിയത്.

252.8 കോടി രൂപയുടെ വിദേശനാണ്യ നേട്ടം ഒഴികെ, കമ്പനിയുടെ അറ്റാദായം 666.4 കോടി രൂപയായി ഉയരുകയും ചെയ്തു.

2022-23 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 78 ശതമാനം ഉയര്‍ന്ന് 14,600.1 കോടി രൂപയായി. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ ആകെ വരുമാനം 8,207.5 കോടി രൂപയായിരുന്നു.

' മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍, ഞങ്ങളുടെ പാസഞ്ചര്‍ ടിക്കറ്റ് വരുമാനം 80.6 ശതമാനത്തിന്റെ വര്‍ദ്ധനയോടെ 124,346 ദശലക്ഷം രൂപ നേടി.

അനുബന്ധ വരുമാനം 14,459 ദശലക്ഷവുമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 36.6 ശതമാനം വര്‍ദ്ധനവാണെന്ന് ' കമ്പനി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

വിപണിയിലെ ഉയര്‍ന്ന ഡിമാന്‍ഡും കമ്പനിയുടെ തന്ത്രപരമായ പ്രവര്‍ത്തനവും കൂടി ചേര്‍ന്നപ്പോഴാണു എയര്‍ലൈന്‍ മികച്ച സാമ്പത്തിക ഫലങ്ങള്‍ കൈവരിച്ചതെന്നു ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് പറഞ്ഞു. മാര്‍ച്ചില്‍ തുടര്‍ച്ചയായ രണ്ടാം പാദമാണ് കമ്പനി നേട്ടമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

മൂന്നും നാലും പാദത്തില്‍ കൈവരിച്ച നേട്ടം ആദ്യ രണ്ട് പാദങ്ങളിലുണ്ടായ നഷ്ടം നികത്താന്‍ സഹായിച്ചതായി കമ്പനി അറിയിച്ചു.

കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ 86 ദശലക്ഷം പേരാണ് യാത്ര ചെയ്തത്. ഈ സാമ്പത്തികവര്‍ഷം 100 ദശലക്ഷം യാത്രക്കാരാകുമെന്നു പ്രതീക്ഷിക്കുന്നതായി ഇന്‍ഡിഗോ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഗൗരവ് നേഗി പറഞ്ഞു.

ആഭ്യന്തര നെറ്റ് വര്‍ക്ക് വികസിപ്പിക്കാനും ഓരോ നഗരത്തിലും സമാനതകളില്ലാത്ത കണക്റ്റിവിറ്റി രൂപപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ തുടരും.

ഭാവിയില്‍ ആഗോളതലത്തില്‍ കൂടുതല്‍ റൂട്ടുകളിലേക്ക് സര്‍വീസ് നടത്താനും കമ്പനിക്ക് പദ്ധതിയുണ്ടെന്ന് ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് പറഞ്ഞു.

' ഡിമാന്‍ഡ് ശക്തമായി തുടരുന്നു, മുന്‍കൂര്‍ ബുക്കിംഗ് വളരെ പ്രോത്സാഹജനകമാണ്. ഇന്‍ഡിഗോ ' ഘടനാപരമായി ' ഏറ്റവും ശക്തമായ കമ്പനികളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.