27 March 2024 9:17 AM GMT
Summary
- ഓപ്പറേറ്റിംഗ് ലീസിന് പകരം ഫിനാന്‍സ് ലീസിന് വിമാനം എടുക്കാന്‍ സാധ്യത
- 2030 ല്‍ ഇരട്ടി സര്‍വ്വീസ്
- അധിക ലഗേജ് അടക്കമുള്ള സേവനങ്ങളില്‍ നിന്നും വരുമാന ലക്ഷ്യം
രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയെ 'കൊവിഡ്' പിടിയില്‍ നിന്നും രക്ഷിച്ചത് മികച്ച ചെലവ് ചുരുക്കല്‍ ഘടനയിലൂടെയെന്ന് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സിഎഫ്ഒ) ഗോരവ് നേഗി. ഇന്ത്യയുടെ സിവില്‍ ഏവിയേഷന്‍ മേഖല ഏകീകരണത്തിന് വിധേയമാകുന്ന സമയത്ത് മികച്ച ധന വിനിയോഗം എതിരാളികളെ പിന്നിലാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് മൂലം നാല് വര്‍ഷം മുന്‍പാണ് രാജ്യവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ലോക്ഡൗണിന്റെ തുടക്കത്തില്‍ പ്രത്യാഘാടങ്ങള്‍ ചെറുതായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ലോക്ഡൗണ്‍ നീട്ടിയത് കാര്യങ്ങള്‍ ഗുരുതരമാക്കിയതായി ഗൗരവ് നേഗി പറഞ്ഞു. എന്നാല്‍ നാല് വര്‍ഷത്തിന് ശേഷം 171 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയത്.
'ഒന്നാം ദിവസം മുതല്‍, പ്രമോട്ടര്‍മാര്‍ ഒരേ ഗുണനിലവാരം നിലനിര്‍ത്തിക്കൊണ്ട് പ്രവര്‍ത്തന ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള കോഴ്‌സ് സജ്ജമാക്കി. ഇതാണ് ഇന്‍ഡിഗോയ്ക്ക് കരുത്ത് നല്‍കുന്നത്,''ഗൗരവ് നേഗി പറഞ്ഞു. ചെലവില്‍ കര്‍ശന നിയന്ത്രണം നിലനിര്‍ത്തിക്കൊണ്ട് 2030 ല്‍ സര്‍വ്വീസ് ഇരട്ടിയാക്കാനാണ് കമ്പനി ശ്രദ്ധ ചെലുത്തുന്നത്. കൂടാതെ ഐടി സംവിധാനങ്ങളില്‍ നിക്ഷേപം നടത്താനും പ്രവര്‍ത്തനങ്ങള്‍ വൈവിധ്യവത്കരിക്കാനും കമ്പനിയെ ഡിജിറ്റൈസ് ചെയ്യാനും ഇന്‍ഡിഗോ കരുതല്‍ ധനം ഉപയോഗിക്കും.
ഒരു നിശ്ചിത കാലയളവിനു ശേഷം വിമാനം വാടകയ്ക്കെടുക്കുന്നവര്‍ക്ക് തിരികെ നല്‍കുന്ന ഓപ്പറേറ്റിംഗ് ലീസിന് വിപരീതമായി വിമാനത്തിന്റെ ഉടമസ്ഥാവകാശം എയര്‍ലൈനിലേക്ക് മാറ്റുന്ന ഫിനാന്‍സ് ലീസ് സംവിധാനത്തിലേക്ക് മാറാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്. കോള്‍ സെന്ററുകളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ചാറ്റ് ബോട്ടും ഇത് വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടാതെ കമ്പനിയുടെ എഞ്ചിനീയറിംഗ് ശേഷി വികസിപ്പിക്കുന്നതിലും ഇന്‍ഡിഗോ നിക്ഷേപം നടത്തുന്നുണ്ട്.