20 March 2024 10:43 AM GMT
Summary
- ഇന്ത്യയില്‍ നിന്നുള്ള രാജ്യാന്തര വിമാന സര്‍വ്വീസുകളില്‍ വര്‍ധന
- സ്വകാര്യവല്‍ക്കരണ സമയത്ത് എയര്‍ ഇന്ത്യയ്ക്ക് 43 വൈഡ് ബോഡി വിമാനങ്ങളുണ്ടായിരുന്നു.
- ടാറ്റ ഗ്രൂപ്പിന്റെ ചെലവ് കുറഞ്ഞ വിമാനക്കമ്പനികളായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എഐഎക്‌സ് കണക്റ്റ് എന്നിവ ഒരു സ്ഥാപനമാക്കി മാറ്റും
ഇന്ത്യയുടെ എയര്‍ലൈന്‍ വ്യവസായം അതിവേഗത്തിലാണ് വളരുന്നതെന്നും മുംബൈയ്ക്കും ഡല്‍ഹിക്കും അപ്പുറത്തുള്ള മറ്റൊരു അന്താരാഷ്ട്ര ഹബ്ബിനെയെങ്കിലും രാജ്യത്തിന് പിന്തുണയ്ക്കാന്‍ കഴിയുമെന്ന് എയര്‍ ഇന്ത്യ ലിമിറ്റഡിന്റെ സിഇഒ കാംബെല്‍ വില്‍സണ്‍. ഇന്ത്യയെ പോലെ വളരുന്ന വിപണി വേറെ ഇല്ല. ഉത്തരേന്ത്യന്‍ മേഖലയില്‍ നിന്ന് അമേരിക്ക, കാനഡ പോലുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കാണ് ഒഴുക്ക് കൂടുതല്‍. അതേസമയം ദക്ഷിണേന്ത്യന്‍ രാജ്യങ്ങളില്‍ നിന്നും ആഫ്രിക്ക, ഓസ്‌ട്രേലിയ, യൂറോപ്പ് രാജ്യങ്ങളിലേക്കാണ് തിരക്ക് കൂടുതല്‍.
ചരിത്രത്തിലെ ഏറ്റവും വലിയ ജെറ്റ് വാങ്ങലാണ് കഴിഞ്ഞ വര്‍ഷത്തില്‍ എയര്‍ ഇന്ത്യ നടത്തിയത്. എയര്‍ബസ് എസ്ഇ, ബോയിംഗ് കമ്പനി എന്നിവയില്‍ നിന്ന് 470 വിമാനങ്ങളാണ് കമ്പനി ഓര്‍ഡര്‍ ചെയ്തത്. കുതിച്ചുയരുന്ന ഉപഭോക്തൃ വര്‍ഗ്ഗവും സാമ്പത്തിക വളര്‍ച്ചയും ഇന്ത്യയുടെ സവിശേഷതയാണ്. ഇത് ലോകത്തെ ഏറ്റവും വലിയ ട്രാവല്‍ മാര്‍ക്കറ്റുകളിലൊന്നായി ഇന്ത്യയെ മാറ്റുമെന്ന ബ്ലൂംബോര്‍ഗ് റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ മുന്‍നിര വിമാനക്കമ്പനിയായ ഇന്‍ഡിഗോയ്ക്കും തൊട്ട് പുറകിലുള്ള ആകാശയ്ക്കും പുറമെ രാജ്യത്തെ മറ്റ് എയര്‍ലൈനുകള്‍ ഏതാണ്ട് 1100 ലധികം വിമാമങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. 2025 ഓടെ 72 ലധികം പുതിയ വിമാനത്താവളങ്ങളുടെ നിര്‍മ്മാണത്തിനായി ഏകദേശം 12 ബില്യണ്‍ ഡോളര്‍ നിക്ഷേപം അനുവദിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ കഴിഞ്ഞ ആറ് മാസത്തിനിടെ ഓരോ ആറ് ദിവസം എന്ന കണക്കില്‍ പുതിയ വിമാനം സ്വന്തമാക്കിയിട്ടുണ്ട്.
സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന്റെയും ടാറ്റ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ എയര്‍ ഇന്ത്യയും വിസ്താരയും തമ്മിലുള്ള ലയനത്തിന് സിംഗപ്പൂരിലെ കോമ്പറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷന്‍ അംഗീകാരം നല്‍കിയിരുന്നു. ഇതില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് 25.1 ശതമാനം വിഹിതം ലഭിക്കുമെന്ന് വില്‍സണ്‍ ബുധനാഴ്ച പറഞ്ഞു.