20 Jun 2024 4:59 AM GMT
Summary
- ബ്രസീലിനെ പിന്തള്ളിയാണ് ഇന്ത്യ മൂന്നാമതെത്തിയത്
- എല്‍സിസിയിലേക്കുള്ള മാറ്റം ആദ്യ അഞ്ച് രാജ്യങ്ങളില്‍ ഏറ്റവും ശക്തം
- ആഭ്യന്തര യാത്രക്കാര്‍ 2030-ല്‍ 350 ദശലക്ഷമാകും
ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിയായി. പത്ത് വര്‍ഷത്തിനുള്ളില്‍ ശേഷി ഇരട്ടിയാകുമെന്നും ഒഎജി ഡാറ്റാ പ്രകാരമുള്ള കണക്കുകള്‍ കാണിക്കുന്നു. ഒരു ദശകം മുമ്പ് രാജ്യം അഞ്ചാം സ്ഥാനത്തായിരുന്നു.
2014 ഏപ്രിലിലെ 7.9 ദശലക്ഷത്തില്‍ നിന്ന് 2024 ഏപ്രിലില്‍ 15.5 ദശലക്ഷമായി ഇന്ത്യയുടെ ആഭ്യന്തര വിമാനക്കമ്പനികളുടെ ശേഷി ഇരട്ടിയായതായി ഡാറ്റ കാണിക്കുന്നു. യുഎസും (86.1 ദശലക്ഷം) ചൈനയും (67.8 ദശലക്ഷം) ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഇപ്പോഴും മുന്നിലാണ്. ബ്രസീലിനെ പിന്തള്ളിയാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയത്. ഇന്തോനേഷ്യയാണ് അഞ്ചാമത്.
10 വര്‍ഷത്തെ ശരാശരിയില്‍ ഇന്ത്യയിലെ എയര്‍ലൈനുകള്‍ വാഗ്ദാനം ചെയ്യുന്ന മൊത്തം സീറ്റ് കപ്പാസിറ്റി ആദ്യ അഞ്ച് രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്നതാണ്. പ്രതിവര്‍ഷം 6.9 ശതമാനം വളര്‍ച്ചയാണ് ഇവിടെ ഉണ്ടാകുന്നത്. ചൈനയില്‍ ഇത് 6.3 ശതമാനം മാത്രമാണ്. യുഎസില്‍ ഈ രംഗത്തെ വളര്‍ച്ച 2.4 ശതമാനവും.
ചെലവ് കുറഞ്ഞ കാരിയറുകളിലേക്കുള്ള (എല്‍സിസി) ഇന്ത്യയുടെ മാറ്റം ആദ്യ അഞ്ച് രാജ്യങ്ങളില്‍ ഏറ്റവും ശക്തമാണെന്ന് ഡാറ്റ കാണിക്കുന്നു. 2024 ഏപ്രിലില്‍, ഇന്ത്യന്‍ ആഭ്യന്തര ശേഷിയുടെ 78.4 ശതമാനവും എല്‍സിസികളാണ്.
ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും ഇപ്പോള്‍ അന്താരാഷ്ട്ര തലത്തിലേക്ക് വളരെ ശക്തമായി നീങ്ങുകയാണ്. പുതിയ ഡെസ്റ്റിനേഷനുകളിലേക്ക് പുതിയ ഫ്‌ളൈറ്റുകള്‍ കമ്പനികള്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. ഇന്‍ഡിഗോ പ്രതിവര്‍ഷം 13.9 ശതമാനം ആഭ്യന്തര ശേഷി വളര്‍ച്ച കൈവരിച്ചു.
982 വിമാനങ്ങള്‍ക്കായുള്ള ഇന്‍ഡിഗോയുടെ ഓര്‍ഡറിന്റെ 96 ശതമാനവും നാരോ ബോഡി കാരിയറുകളാണ്. എയര്‍ ഇന്ത്യ ഓര്‍ഡര്‍ ചെയ്ത 447 വിമാനങ്ങളില്‍ 74 ശതമാനവും ഈ ഗണത്തില്‍പെടുന്നു.
എന്നിരുന്നാലും, കുതിച്ചുയരുന്ന ഈ വളര്‍ച്ചയെ നേരിടാന്‍ ഇന്ത്യയില്‍ മതിയായ വിമാനത്താവളങ്ങള്‍ ഉണ്ടോ എന്നത് വലിയ ചോദ്യമാണ്.ചൈനയില്‍ 250 ഉം യുഎസില്‍ 656 ഉം ഉള്ളപ്പോള്‍ ഇന്ത്യയില്‍ 119 വിമാനത്താവളങ്ങളാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തുന്നത്.
ആഭ്യന്തര യാത്രക്കാര്‍ 2024-ല്‍ 155 ദശലക്ഷത്തില്‍ നിന്ന് 2030-ല്‍ 350 ദശലക്ഷമാകുമെന്ന് ഇന്‍ഡിഗോയും പ്രവചിക്കുന്നു.