6 Jun 2023 3:20 AM GMT
Summary
- ഗോ ഫസ്റ്റ് സര്‍വീസ്‍ നിര്‍ത്തിയത് ടിക്കറ്റ് നിരക്കുകളിലെ വര്‍ധനയ്ക്ക് ഇടയാക്കി
- നിലവില്‍ ടിക്കറ്റ് നിരക്കുകളില്‍ സര്‍ക്കാര്‍ നിയന്ത്രണമില്ല
- ദുരന്ത മുഖത്തേക്കുള്ള യാത്രകളുടെ കാര്യത്തില്‍ മാനുഷിക പരിഗണന വേണമെന്നും സര്‍ക്കാര്‍
ന്യായമായ വിമാന നിരക്ക് ഉറപ്പാക്കാൻ ഒരു വില നിര്‍ണയ സംവിധാനം ആവിഷ്കരിക്കാൻ വിമാനക്കമ്പനികളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നതിനിടയിലാണ് ഈ നിർദേശം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. പ്രത്യേകിച്ച്, നേരത്തെ ഗോ ഫസ്റ്റ് സർവീസ് നടത്തിയിരുന്ന ചില റൂട്ടുകളിൽ ന്യായമായ ടിക്കറ്റ് നിരക്ക് ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഒഡീഷ ട്രെയിന്‍ ദുരന്തത്തിൽ, മരിച്ചവരുടെ കുടുംബങ്ങൾക്ക് സൗജന്യ ക്യാരേജ് (കാർഗോ) സേവനങ്ങൾ നൽകാൻ വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. എയർലൈൻസ് ഉപദേശക സംഘത്തിന്റെ ഒരു മണിക്കൂർ നീണ്ട യോഗത്തിൽ, സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ചില റൂട്ടുകളിലെ വിമാന നിരക്ക് കുത്തനെ ഉയരുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവച്ചു.
ടിക്കറ്റ് നിരക്കിൽ ഗണ്യമായ വർധനയുണ്ടായ റൂട്ടുകളിൽ സ്വയം നിരീക്ഷണം എയർലൈനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 3 മുതലാണ് സാമ്പത്തിക പ്രതിസന്ധിമൂലം ഗോ ഫസ്റ്റ് നിര്‍ത്തിയത്. ആഭ്യന്തര വിമാന യാത്രാ ആവശ്യകത ഏറെ ഉയര്‍ന്നു നില്‍ക്കുന്ന സമയത്താണ് രാജ്യത്തിന്‍റെ മൊത്തം വിമാന യാത്രാ ശേഷിയില്‍ കുറവുണ്ടായത്. ഇത് വലിയ തോതില്‍ നിരക്ക് വര്‍ധനയ്ക്ക് ഇടയാക്കി.
ഉയർന്ന ആർബിഡികളിൽ (റിസർവേഷൻ ബുക്കിംഗ് ഡിസൈനർ) ന്യായമായ വില ഉറപ്പാക്കാൻ എയർലൈനുകൾ ഒരു സംവിധാനം രൂപപ്പെടുത്തണം, അത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിരീക്ഷിക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നിലവിലെ റെഗുലേറ്ററി സംവിധാനത്തിനു കീഴിൽ വിമാന നിരക്കുകൾക്കു മേലുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കപ്പെട്ടിരുന്നു.
കൂടാതെ, ഏതെങ്കിലും ദുരന്തസമയത്ത്, "മാനുഷിക സാഹചര്യം കണക്കിലെടുത്ത് എയർലൈനുകൾ വിമാന ടിക്കറ്റുകളുടെ വിലനിർണ്ണയം കർശനമായി നിരീക്ഷിക്കേണ്ടതുണ്ട്. ദുരന്ത മേഖലയിലേക്കുള്ളതോ അവിടെ നിന്നുള്ളതോ ആയ ടിക്കറ്റ് നിരക്കുകളിലെ വർധന നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.
വ്യോമയാന മന്ത്രാലയം നൽകിയ മാർഗനിർദേശങ്ങൾ വിലയിരുത്തുകയാണെന്ന് ഇസ്താംബൂളിൽ നടന്ന മാധ്യമ സമ്മേളനത്തിൽ ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് പറഞ്ഞു. ഇന്ത്യൻ വിപണി പൊതുവെ വളരെ മത്സരാധിഷ്ഠിത വിപണിയാണെന്നും വിലകൾ വളരെ മത്സരാത്മകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ എയർലൈൻ മേഖലയുടെ നിയന്ത്രണം സര്‍ക്കാര്‍ എടുത്തുകളഞ്ഞതിന് ശേഷം, വിമാന നിരക്കുകൾ വിപണിയെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. "എയർലൈൻ വിലനിർണ്ണയ സംവിധാനം ആഗോളതലത്തിൽ പിന്തുടരുന്ന രീതികൾക്ക് അനുസൃതമായി ഒന്നിലധികം തലങ്ങളിൽ (ബക്കറ്റുകൾ) തയാറാക്കപ്പെടുന്നു. സര്‍ക്കാര്‍ ഇതില്‍ നിയന്ത്രിക്കുന്നില്ല. വിപണി, ഡിമാൻഡ്, സീസണ്‍, മറ്റ് വിപണി ശക്തികൾ എന്നിവ കണക്കിലെടുത്ത് വിമാനക്കമ്പനികളാണ് വിലകൾ നിശ്ചയിക്കുന്നത്. ഡിമാൻഡ് കൂടുന്നതിനനുസരിച്ച് വിമാന നിരക്ക് വർദ്ധിക്കുന്നു, ”മാര്‍ച്ച് 16ന് ലോകസഭയില്‍ നല്‍കിയ മറുപടിയില്‍ വ്യോമയാന മന്ത്രി വിശദീകരിച്ചിരുന്നു.
ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന വിപണികളിലൊന്നാണ് ഇന്ത്യ. കൊറോണ മഹാമാരിക്ക് ശേഷം ആഭ്യന്തര യാത്രക്കാരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഏപ്രിലിൽ ആഭ്യന്തര വിമാനക്കമ്പനികൾ 128.88 ലക്ഷം യാത്രക്കാരെ സ്വന്തമാക്കിയെന്നാണ് ഏറ്റവും പുതിയ ഔദ്യോഗിക കണക്ക്.