30 Aug 2023 12:19 PM GMT
കുറഞ്ഞ നിരക്കുള്ള വിമാന ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം ? പുതിയ ഫീച്ചറുമായി ഗൂഗിള്‍
MyFin Desk
Summary
വിമാന യാത്രയ്ക്ക് ഏറ്റവും കുറഞ്ഞ നിരക്കുള്ള സമയം, കാലയളവ് യാത്രക്കാര്‍ക്ക് അറിയാനാകും
വിമാന യാത്രക്കാര്‍ക്കു ഗുണകരമാകുന്ന ഒരു ഫീച്ചര്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണു ഗൂഗിള്‍.
കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ ലഭ്യമാകുന്ന സമയം അറിയാന്‍ സഹായിക്കുന്ന ഫീച്ചറാണ് അവതരിപ്പിച്ചത്. നിലവിലുള്ള ഗൂഗിള്‍ ഫ്‌ളൈറ്റ്‌സ് എന്ന ഫീച്ചറിലാണ് പുതിയ അപ്ഡേറ്റ്. ഇതിലൂടെ വിമാന യാത്രയ്ക്ക് ഏറ്റവും കുറഞ്ഞ നിരക്കുള്ള സമയം അഥവാ കാലയളവ് യാത്രക്കാര്‍ക്ക് അറിയാനാകും.
ടിക്കറ്റ് ഉടന്‍ ബുക്ക് ചെയ്യുമ്പോഴാണോ അതോ കുറച്ചുകൂടി കാത്തിരുന്നതിനു ശേഷം ബുക്ക് ചെയ്യുമ്പോഴാണോ ലാഭമെന്നു ഈ ഫീച്ചര്‍ പറയും.
ഗൂഗിള്‍ ഫ്‌ളൈറ്റ്‌സ്
ഫ്‌ളൈറ്റുകളിലെ മികച്ച യാത്രാ നിരക്കുകള്‍ കണ്ടെത്താന്‍ യാത്രക്കാരെ സഹായിക്കുന്ന സെര്‍ച്ച് എന്‍ജിനാണു ഗൂഗിള്‍ ഫ്‌ളൈറ്റ്‌സ്. 2011 സെപ്റ്റംബറിലാണ് ഈ സേവനം ഗൂഗിള്‍ ആരംഭിച്ചത്.
മുന്നൂറിലധികം എയര്‍ലൈനുകളുമായും ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികളുമായി സഹകരിച്ചാണു ഗൂഗിളിന്റെ ഫ്‌ളൈറ്റ്‌സ് എന്ന മെറ്റ സെര്‍ച്ച് എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഗൂഗിള്‍ ഫ്‌ളൈറ്റ്‌സിന് പ്രൈസ് അലെര്‍ട്ട്, പ്രൈസ് ഗ്യാരന്റി എന്നിങ്ങനെയുള്ള ഫീച്ചറുകളുണ്ട്.