21 July 2023 11:10 AM GMT
Summary
- വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണു ഗോ ഫസ്റ്റ്
- 2023 ജുലൈ 23 വരെയുള്ള സര്‍വീസുകള്‍ ഗോ ഫസ്റ്റ് റദ്ദ് ചെയ്തതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു
- മെയ് മൂന്നിനാണു സര്‍വീസ് നിര്‍ത്തലാക്കിയത്
ഗോ ഫസ്റ്റിന് സര്‍വീസ് പുനരാരംഭിക്കാന്‍ ഇന്ത്യന്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ (ഡിജിസിഎ) അനുമതി നല്‍കി. പക്ഷേ, ചില നിബന്ധനകള്‍ പാലിക്കണമെന്നു ഡിജിസിഎ ഗോ ഫസ്റ്റിനോട് നിര്‍ദേശിച്ചു. ഡല്‍ഹി ഹൈക്കോടതിയുടെയും എന്‍സിഎല്‍ടിയുടെയും മുമ്പാകെയുള്ള റിട്ട് ഹര്‍ജികളുടെ ഫലത്തിന് വിധേയമായിരിക്കും അനുമതിയെന്നും ഡിജിസിഎ അറിയിച്ചു.
15 വിമാനങ്ങളും 114 പ്രതിദിന ഫ്‌ളൈറ്റുകളും ഉപയോഗിച്ച് പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ഗോ ഫസ്റ്റിന്റെ പദ്ധതിക്കാണ് ഇപ്പോള്‍ ഡിജിസിഎ അനുമതി നല്‍കിയിരിക്കുന്നത്.
17 വര്‍ഷത്തിലേറെക്കാലം സര്‍വീസ് നടത്തിയിരുന്ന ഗോ ഫസ്റ്റ് മെയ് മൂന്നിനാണു സര്‍വീസ് നിര്‍ത്തലാക്കിയത്. പിന്നീട് ഗോ ഫസ്റ്റ് ജൂണ്‍ 28ന് പുനരാരംഭിക്കല്‍ പദ്ധതി ഡിജിസിഎയ്ക്കു സമര്‍പ്പിച്ചു. ഇത് പരിശോധിച്ചതിനു ശേഷമാണു ജുലൈ 21ന് ഡിജിസിഎ അനുമതി നല്‍കിയിരിക്കുന്നത്.
2023 ജുലൈ 23 വരെയുള്ള സര്‍വീസുകള്‍ ഗോ ഫസ്റ്റ് റദ്ദ് ചെയ്തതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
4200 ജീവനക്കാരാണ് ഗോ ഫസ്റ്റ് എയര്‍ലൈനിനുള്ളത്. 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 4,183 കോടി രൂപയാണ്. ബാധ്യതകള്‍ ഏകദേശം 11,463 കോടി രൂപയും.
വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണു ഗോ ഫസ്റ്റ്.