image

26 July 2023 8:51 AM

Aviation

കഷ്ടകാലം കഴിഞ്ഞു, ഗോ ഫസ്റ്റ് വീണ്ടും പറന്നുയരുന്നു; പരീക്ഷണ പറക്കല്‍ വിജയകരം

MyFin Desk

Go First Performs Test Flights Ahead Of Planned Business Resumption
X

Summary

  • മെയ് മൂന്നു മുതല്‍ സര്‍വീസ് താല്‍ക്കാലികമായി നിറുത്തിവച്ചിരിക്കുകയായിരുന്നു
  • വിമാനയാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഉടന്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നു ഗോ ഫസ്റ്റ്
  • ചൊവ്വാഴ്ച ഗോ ഫസ്റ്റ് പരീക്ഷണ പറക്കല്‍ സംഘടിപ്പിച്ചു


നീണ്ട ഇടവേളയ്ക്കു ശേഷം എയര്‍ലൈന്‍ സര്‍വീസ് പുനരാരംഭിക്കുന്നതായി സൂചന നല്‍കി ഗോ ഫസ്റ്റ്. ചൊവ്വാഴ്ച ഗോ ഫസ്റ്റ് പരീക്ഷണ പറക്കല്‍ സംഘടിപ്പിച്ചു. ഇതു വിജയകരമായിരുന്നെന്നു ഗോ ഫസ്റ്റ് ബുധനാഴ്ച അറിയിച്ചു.

' പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിനു ശേഷം G8 നൊപ്പം വീണ്ടും ആകാശത്ത്. ഞങ്ങളുടെ പരീക്ഷണ ഓട്ടം വിജയകരമായിരുന്നുവെന്നു നിങ്ങളോടു പറയുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഞങ്ങള്‍ ഉടന്‍ റണ്‍വേയില്‍ തിരിച്ചെത്തുമെന്നതിന്റെ സൂചനയാണിത് ' -കമ്പനി ട്വീറ്റ് ചെയ്തു.

വിമാനയാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഉടന്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നു ഗോ ഫസ്റ്റ് അറിയിച്ചു.

15 വിമാനങ്ങളോ 114 പ്രതിദിന ഫ്‌ളൈറ്റുകളോ ഉള്ള സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എയര്‍ലൈന്‍സിനു കഴിഞ്ഞ ദിവസം സോപാധിക അനുമതി നല്‍കിയിരുന്നു.എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റിന് ആവശ്യമായ ഉപാധികളെല്ലാം പാലിക്കുമെന്ന ഉറപ്പിന്മേലാണ് ഗോ ഫസ്റ്റിന് സര്‍വീസ് പുനരാരംഭിക്കാന്‍ ഏവിയേഷന്‍ റെഗുലേറ്ററായ ഡിജിസിഎ അനുമതി നല്‍കിയത്.

നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനു മുന്‍പാകെ പാപ്പരത്ത ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നു ഗോ ഫസ്റ്റ് സര്‍വീസ് ഈ വര്‍ഷം മെയ് മൂന്നു മുതല്‍ സര്‍വീസ് താല്‍ക്കാലികമായി നിറുത്തിവച്ചിരിക്കുകയായിരുന്നു.