4 July 2023 11:04 AM GMT
Summary
- ഇപ്പോള്‍ ജൂലൈ പത്ത് വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയത്
- പുനരുജ്ജീവന പദ്ധതി ചര്‍ച്ചയില്‍
- കമ്പനിക്കായി റെഗുലേറ്റര്‍ പ്രത്യേക ഓഡിറ്റ് നടത്തുന്നു
ഇന്ത്യന്‍ എയര്‍ലൈന്‍ ഗോ ഫസ്റ്റ് ചൊവ്വാഴ്ച ഷെഡ്യൂള്‍ ചെയ്ത ഫ്‌ലൈറ്റുകളുടെ റദ്ദാക്കല്‍ ജൂലൈ 10 വരെ നീട്ടിയതായി പ്രഖ്യാപിച്ചു. പാപ്പരത്ത പരിഹാര പ്രക്രിയ വിധേയമായ നടന്നുകൊണ്ടിരിക്കുന്ന എയര്‍ലൈന്‍, മെയ് മൂന്നു മുതല്‍ പറക്കല്‍ നിര്‍ത്തിയിരുന്നു. അതിനുശേഷം ഫ്‌ളൈറ്റുകള്‍ റദ്ദാക്കുന്നത് പല തവണ നീട്ടുകയും ചെയ്തു. നേരത്തെ ജൂലൈ ആറുവരെ എല്ലാവിമാനങ്ങളും കമ്പനി റദ്ദാക്കിയിരുന്നു.
'പ്രവര്‍ത്തനപരമായ കാരണങ്ങളാല്‍, 2023 ജൂലൈ 10 വരെ ഷെഡ്യൂള്‍ ചെയ്തിരുന്ന ഗോ ഫസ്റ്റ് ഫ്‌ലൈറ്റുകള്‍ റദ്ദാക്കിയതായി അറിയിക്കുന്നതില്‍ കമ്പനി ഖേദിക്കുന്നു. ഫ്‌ളൈറ്റ് റദ്ദാക്കല്‍ മൂലമുണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു.'പത്രക്കുറിപ്പില്‍ കമ്പനി പറഞ്ഞു.
കഴിഞ്ഞയാഴ്ച, ഗോ ഫസ്റ്റിന്റെ നിലവിലെ മാനേജ്മെന്റിന്റെ മുതിര്‍ന്ന പ്രതിനിധികള്‍, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) ഉദ്യോഗസ്ഥരുമായി പുനരുജ്ജീവന പദ്ധതിയുടെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്തു. പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിക്കുന്നതിനും പ്രവര്‍ത്തനങ്ങളുടെ പുനരുജ്ജീവനത്തിനും കമ്പനി അപേക്ഷിച്ചിട്ടുണ്ട്.
വിമാനങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള പുനരുജ്ജീവന പദ്ധതിക്ക് അംഗീകാരം നല്‍കുന്നതിന് മുമ്പ് ജൂലൈ നാലു മുതല്‍ ആറ് വരെ ദേശീയ തലസ്ഥാനത്തും മുംബൈയില്‍ ഗോ ഫസ്റ്റിന്റെ സൗകര്യങ്ങളുടെ പ്രത്യേക ഓഡിറ്റും ഏവിയേഷന്‍ വാച്ച്‌ഡോഗ് ഡിജിസിഎ നടത്തും.
വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട് അനുസരിച്ച് ജൂണ്‍ 28 ന് ഗോ ഫസ്റ്റിനായി റെസല്യൂഷന്‍ പ്രൊഫഷണല്‍ (ആര്‍പി) സമര്‍പ്പിച്ച പുനരാരംഭിക്കല്‍ പദ്ധതിയുടെ പ്രാഥമിക അവലോകനത്തിന് ശേഷം, റെഗുലേറ്റര്‍ പ്രത്യേക ഓഡിറ്റ് നടത്താന്‍ പദ്ധതിയിട്ടതായി ഡിജിസിഎയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
'ജൂലൈ നാല് മുതല്‍ ആറു വരെ നടത്തപ്പെടുന്ന പ്രത്യേക ഓഡിറ്റ്, സുരക്ഷയുമായി ബന്ധപ്പെട്ട വശങ്ങളിലും എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കുന്നതിനുള്ള ആവശ്യകതകള്‍ തുടര്‍ച്ചയായി പാലിക്കുന്നതിലും, അതുപോലെ തന്നെ ഫ്‌ളൈറ്റ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങളുടെ ഫിസിക്കല്‍ വെരിഫിക്കേഷനിലും ശ്രദ്ധ കേന്ദ്രീകരിക്കും. ,' ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് എയര്‍ലൈന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. 400 മുതല്‍ 600കോടി രൂപയുടെ വരെ അധിക ഫണ്ടാണ് കമ്പനി അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ നിര്‍ദ്ദേശം നടപ്പായില്ല. ജൂലൈയില്‍ പ്രവര്‍ത്തനം ആരംഭിക്കാമെന്നാണ് കമ്പനി കണക്കുകൂട്ടിയിരുന്നത്. ദിനംപ്രതി എഴുപതിലധികം ഫ്‌ളൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിട്ടത്. ഇനി പ്രത്യേക ഓഡിറ്റുകഴിഞ്ഞാകും തീരുമാനങ്ങള്‍ വരിക.