image

30 May 2023 7:27 AM GMT

Aviation

വീണ്ടും പറന്ന് ഉയരുമോ ഗോ ഫസ്റ്റ് ? ഡിജിസിഎയുമായി ചര്‍ച്ച നടത്തി ഗോ ഫസ്റ്റ്

MyFin Desk

go first fly up again
X

Summary

  • പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കുന്നതിനുള്ള റോഡ് മാപ്പ് ഗോ ഫസ്റ്റ് അവതരിപ്പിച്ചു
  • വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റില്‍ 5,000-ത്തിലധികം ജീവനക്കാരുണ്ട്
  • ഗോ ഫസ്റ്റില്‍ നിന്നും നിരവധി പൈലറ്റുമാര്‍ രാജിവച്ച് മറ്റ് എയര്‍ലൈനുകളില്‍ ജോലിക്ക് ശ്രമിക്കുകയാണ്


സാമ്പത്തിക പ്രതിസന്ധിയിലായ ഗോ ഫസ്റ്റ് വിമാനക്കമ്പനിയിലെ മുതിര്‍ന്ന എക്‌സിക്യൂട്ടീവുമാര്‍ മെയ് 29 തിങ്കളാഴ്ച ഏവിയേഷന്‍ റെഗുലേറ്ററായ ഡിജിസിഎ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് ഉള്‍പ്പെടെയുള്ള പുനരുജ്ജീവന പദ്ധതികളെ കുറിച്ചായിരുന്നു ചര്‍ച്ച.

നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ മെയ് മാസം രണ്ടിന് പാപ്പരത്ത പരിഹാര നടപടികള്‍ക്ക് ഫയല്‍ ചെയ്ത ഗോ ഫസ്റ്റ് മെയ് മൂന്നാം തീയതി മുതല്‍ സര്‍വീസ് അവസാനിപ്പിക്കുകയാണെന്നും അറിയിച്ചിരുന്നു.

ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവ്, കുറഞ്ഞ ലാഭക്ഷമത എന്നിവയാണ് ഗോ ഫസ്റ്റിന്റെ ചിറകൊടിച്ചത്. അമേരിക്കന്‍ വിമാന എന്‍ജിന്‍ കമ്പനിയായ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നിയുടെ എന്‍ജിനാണ് ഗോ ഫസ്റ്റ് വിമാനങ്ങളില്‍ ഭൂരിഭാഗവും ഉപയോഗിച്ചിരുന്നത്. ഈ എന്‍ജിനുകള്‍ മിക്കപ്പോഴും പണിമുടക്കുമായിരുന്നു. ഇത് ഫ്‌ളൈറ്റ് ഓപ്പറേഷനുകള്‍ ഗോ ഫസ്റ്റ് അവസാനിപ്പിക്കുന്നതിലേക്ക് വരെ നയിച്ചു.

സര്‍വീസുകള്‍ പുനരാരംഭിക്കുന്ന പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണു ഡിജിസിഎ മെയ് 29-ന് ഗോ ഫസ്റ്റിന്റെ മുഴുവന്‍ മാനേജ്മെന്റ് ടീമിനെയും വിളിച്ചത്. യോഗത്തില്‍ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കുന്നതിനുള്ള റോഡ് മാപ്പ് സംഘം അവതരിപ്പിച്ചു.

ഡിജിസിഎ ഉദ്യോഗസ്ഥര്‍ക്ക് ഗോ ഫസ്റ്റ് സമര്‍പ്പിച്ച പുനരുജ്ജീവന റോഡ് മാപ്പില്‍ അന്തിമ തീരുമാനം എടുക്കാന്‍ ഇനിയും സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗോ ഫസ്റ്റിന്റെ തയ്യാറെടുപ്പിനെ കുറിച്ചു ഡിജിസിഎ ഓഡിറ്റ് നടത്തേണ്ടതുണ്ട്. അതിനുശേഷമായിരിക്കും സര്‍വീസുകള്‍ പുനരാരംഭിക്കുന്നതില്‍ അന്തിമ തീരുമാനം എടുക്കുന്നത്. അതേസമയം 2023 ജൂണ്‍ നാല് വരെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് ഗോ ഫസ്റ്റ് അറിയിച്ചു. നേരത്തേ അറിയിച്ചിരുന്നത് മെയ് 30 വരെ സര്‍വീസുകള്‍ നിര്‍ത്തുകയാണെന്നായിരുന്നു.

വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റില്‍ 5,000-ത്തിലധികം ജീവനക്കാരുണ്ട്. കഴിഞ്ഞ ദിവസം ഗോ ഫസ്റ്റ് പൈലറ്റുമാര്‍ക്ക് അയച്ച ഇ-മെയിലില്‍ കമ്പനിയില്‍ തുടരണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. റീട്ടെന്‍ഷന്‍ അലവന്‍സായി ഒരു ലക്ഷം രൂപ അധികം വാഗ്ദാനം ചെയ്യുകയുമുണ്ടായി. എന്നാല്‍ ഗോ ഫസ്റ്റില്‍ നിന്നും നിരവധി പൈലറ്റുമാര്‍ രാജിവച്ച് മറ്റ് എയര്‍ലൈനുകളില്‍ ജോലിക്ക് ശ്രമിക്കുകയാണ്. കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ മുംബൈ, ബെംഗളുരു ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ പൈലറ്റുമാര്‍ക്കായി വാക്ക്-ഇന്‍-ഇന്റര്‍വ്യു നടത്തി. ഗോ ഫസ്റ്റില്‍നിന്നുള്ള പൈലറ്റുമാര്‍ ഇന്റര്‍വ്യുവില്‍ പങ്കെടുത്തതായും എയര്‍ ഇന്ത്യ അറിയിച്ചിരുന്നു.