24 May 2023 4:15 AM GMT
Summary
- ഭൂമിശാസ്ത്രപരമായ ഇന്ത്യയുടെ പ്രത്യേതകള്‍ കമ്പനി ഉപയോഗപ്പെടുത്തണം
- മൂന്ന് ഭൂഖണ്ഡങ്ങളിലെ അറ്റകുറ്റപ്പണി കേന്ദ്രം ഇവിടെ സ്ഥാപിക്കാം
- ഇന്ത്യയില്‍ കമ്പനിയുടെ കേന്ദ്രങ്ങള്‍ ആരംഭിച്ചാല്‍ സാമ്പത്തിക ലാഭവും ഏറും
ഇന്ത്യയുടെ ബഹിരാകാശ രംഗവും വ്യോമയാന മേഖലയും ഉയര്‍ന്ന വളര്‍ച്ചാ പാതയിലാണെന്ന് ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു. രാജ്യത്ത് നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് യുഎസ് ആസ്ഥാനമായുള്ളതും ഈ രംഗത്തെ അതികായരുമായ വിമാനനിര്‍മ്മാതാക്കള്‍ ബോയിംഗിനെ ധനമന്ത്രി ക്ഷണിച്ചു.
അടുത്തിടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനിയും രണ്ടാമത്തെ വലിയ ആഭ്യന്തര വിമാനക്കമ്പനിയുമായ എയര്‍ ഇന്ത്യ,220 വിമാനങ്ങള്‍ വാങ്ങാന്‍ ബോയിംഗിന് കരാര്‍ നല്‍കിയത്. ഒപ്പം യൂറോപ്യന്‍ നിര്‍മ്മാതാക്കളായ എയര്‍ബസിന് 250 വിമാനങ്ങളുടെ കരാറും നല്‍കിയിരുന്നു.
ബോയിംഗില്‍ നിന്നുള്ള ആഗോള സീനിയര്‍ ലീഡര്‍ഷിപ്പ് ടീം ഉള്‍പ്പെടുന്ന ഒരു പ്രതിനിധി സംഘവുമായുള്ള ആശയവിനിമയത്തിനിടെ ഒരു ക്യാപ്റ്റീവ് വിപണി എന്ന നിലയില്‍ കമ്പനിയെ മാറ്റിസ്ഥാപിക്കുന്നതിനുള്ള ഇന്ത്യയിലെ ലഭ്യമായ അവസരങ്ങള്‍ സീതാരാമന്‍ എടുത്തുകാണിച്ചു.
മാത്രമല്ല മേഖലയെ മൊത്തത്തില്‍ ഉപയോഗപ്പെടുത്താവുന്ന ഒരു കേന്ദ്രമാകാനുള്ള അവസരവും ഇവിടെ ഉണ്ട്. ബിസിനസ് വീക്ഷണകോണില്‍ക്കൂടി നോക്കുമ്പോള്‍ ഇത് കമ്പനികള്‍ക്ക് ലാഭം നേടിക്കൊടുക്കുന്നതാണ് എന്ന് മനസിലാക്കാന്‍ കഴിയുമെന്നും അവര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ കമ്പനികള്‍ അടുത്തിടെ നല്‍കിയ വിമാനങ്ങളുടെ വലിയ ഓര്‍ഡറിനെ പരാമര്‍ശിച്ച് ഇന്ത്യയുടെ എയ്റോസ്പേസ്, സിവില്‍ മാര്‍ക്കറ്റ് ഉയര്‍ന്ന വളര്‍ച്ചയുടെ പാതയിലാണെന്ന് ധനമന്ത്രി പ്രസ്താവിച്ചു.
കൂടാതെ ചില പ്രത്യേക സാമ്പത്തിക മേഖലകളില്‍ ബാങ്കുകള്‍ ഏറ്റെടുക്കുന്ന എയര്‍ക്രാഫ്റ്റ് ലീസിംഗ് പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവര്‍ പ്രതിനിധി സംഘത്തെ അറിയിച്ചതായി ധനമന്ത്രാലയം ട്വീറ്റുകളുടെ ഒരു പരമ്പരയില്‍ പറഞ്ഞു.
ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയുണ്ട്. അത് ഉപയോഗപ്പെടുത്തിയാല്‍ യൂറോപ്പ് മുതല്‍ ആഫ്രിക്കവരെയും അവിടെ നിന്ന് വിദൂര കിഴക്കന്‍ രാജ്യങ്ങള്‍വരെയും ഉള്ള സര്‍വീസുകളുടെ അറ്റകുറ്റപ്പണി, മറ്റ് മെയിന്റനന്‍സുകള്‍ എന്നിവയ്ക്കായി കേന്ദം ഇവിടെ സ്ഥാപിക്കാന്‍ കഴിയും.
ഇന്ത്യയില്‍ കമ്പനിയുടെ സേവനകേന്ദ്രം ആരംഭിക്കുന്നതിലൂടെ സാമ്പത്തികമായ മെച്ചവും അവര്‍ക്കുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ യാത്രയെ കുറിച്ച് സംസാരിച്ച അവര്‍, പ്രധാനമന്ത്രിയുടെ ദര്‍ശനാത്മക നേതൃത്വത്തെക്കുറിച്ചും അടുത്ത 25 വര്‍ഷത്തേക്കുള്ള അമൃത് കാല്‍ പദ്ധതിയെക്കുറിച്ചും അവരെ വിശദമായി ധരിപ്പിച്ചു.
നിക്ഷേപം, അടിസ്ഥാന സൗകര്യം, നൂതനത്വം തുടങ്ങിയവയിലൂടെ ഇന്ത്യയിലെ പൗരന്മാര്‍ക്ക് പ്രയോജനം ഉണ്ടാകുക എന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതായും അമൃത്കാലിനെ പരാമര്‍ശിച്ച് സീതാരാമന്‍ പറഞ്ഞു.
നേരത്തെ ഇന്ത്യയുടെ ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നവീകരിക്കുന്നതിന്റെ ഭാഗമായാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ ഫെബ്രുവരി 14 ന് വന്‍ വിമാനക്കരാറില്‍ ഏര്‍പ്പെട്ടത്. ഇതുപ്രകാരം ആകെ 470 വിമാനങ്ങളാണ് വാങ്ങുന്നത്. ഇതില്‍ ബോയിംഗില്‍ നിന്ന് 220ഉം എയര്‍ബസില്‍ നിന്ന് 250ഉം വിമാനങ്ങളാണ് എത്തുന്നത്.
പുതിയ വിമാനങ്ങളില്‍ ആദ്യത്തേത് 2023 അവസാനത്തോടെ സര്‍വീസില്‍ പ്രവേശിക്കും. സുരക്ഷ, ഉപഭോക്തൃ സേവനം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, നെറ്റ്വര്‍ക്ക്, മാനവ വിഭവശേഷി എന്നിവയില്‍ എയര്‍ ഇന്ത്യ ഇന്ന് വലിയ പരിവര്‍ത്തനത്തിനത്തിന്റെ പാതയിലാണ്. ആധുനികവും കാര്യക്ഷമവുമായ ഫ്ളീറ്റാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്.