16 Jan 2024 5:28 AM GMT
Summary
- ഈ നിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്നു ഡിജിസിഎ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടു
- യാത്രക്കാര്‍ക്ക് ഒരുക്കേണ്ട സൗകര്യങ്ങള്‍ എന്തൊക്കെയായിരിക്കണമെന്നു ഡിജിസിഎ നിര്‍ദേശിക്കുന്നുണ്ട്
- ഫ്‌ളൈറ്റിന് കാലതാമസം വരികയാണെങ്കില്‍ അതു സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ തത്സമയം വിമാന കമ്പനികള്‍ പ്രസിദ്ധീകരിക്കേണ്ടതുണ്ട്
വിമാനയാത്ര സുഗമമാക്കാന്‍ ഇന്ത്യന്‍ വ്യോമയാന രംഗത്തെ റെഗുലേറ്ററായ ഡിജിസിഎ ജനുവരി 15 ന് വിമാനക്കമ്പനികള്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്താവളത്തില്‍ മൂടല്‍ മഞ്ഞിനെ തുടര്‍ന്നു വിമാന സര്‍വീസ് വൈകിയപ്പോള്‍ യാത്രക്കാരന്‍ പൈലറ്റിനെ ആക്രമിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഡിജിസിഎ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ഇത് പ്രകാരം ബോര്‍ഡിംഗ് നിരസിച്ചാലോ, ഫ്‌ളൈറ്റ് റദ്ദാക്കിയാലോ, ഫ്‌ളൈറ്റിന് കാലതാമസമുണ്ടായാലോ യാത്രക്കാര്‍ക്ക് വിമാന കമ്പനികള്‍ ഒരുക്കേണ്ട സൗകര്യങ്ങള്‍ എന്തൊക്കെയായിരിക്കണമെന്നു ഡിജിസിഎ നിര്‍ദേശിക്കുന്നുണ്ട്.
ഈ നിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്നു ഡിജിസിഎ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടു.
ഫ്‌ളൈറ്റിന് കാലതാമസം വരികയാണെങ്കില്‍ അതു സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ തത്സമയം വിമാന കമ്പനികള്‍ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. അക്കാര്യം വിമാന കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാം. അല്ലെങ്കില്‍ ഫ്‌ളൈറ്റിന്റെ കാലതാമസം ആരെയാണോ ബാധിക്കുന്നത് അവരെ ഇ-മെയിലിലൂടെയോ, എസ്എംഎസ് വഴിയോ, വ്ാട്‌സ് ആപ്പ് വഴിയോ മുന്‍കൂറായി അറിയിക്കണം.
വിമാന സര്‍വീസ് 3 മണിക്കൂറില്‍ കൂടുതല്‍ കാലതാമസം നേരിടുമെന്ന് ഉറപ്പാക്കിയാല്‍ ആ സര്‍വീസ് വിമാനക്കമ്പനി റദ്ദാക്കണമെന്നും ഡിജിസിഎയുടെ പുതിയ നിര്‍ദേശത്തിലുണ്ട്.
യാത്രക്കാരുമായി ഉചിതമായി രീതിയില്‍ ആശയവിനിമയം നടത്തണമെന്നും വിമാനത്താവളങ്ങളിലെ എയര്‍ലൈന്‍ ജീവനക്കാര്‍ക്ക് ഉചിതമായ ബോധവല്‍ക്കരണം നടത്തണമെന്നും ഡിജിസിഎ വിമാനക്കമ്പനികളോട് നിര്‍ദേശിച്ചിട്ടുണ്ട്.