13 Dec 2022 5:44 AM GMT
Summary
- കുറഞ്ഞത് 200 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പറക്കലും (ഫ്ളൈയിംഗ് അവേഴ്സ്) മറ്റ് വ്യവസ്ഥകള്‍ പാലിക്കുകയും ചെയ്താല്‍ മാത്രമേ ഒരു വ്യക്തിക്ക് പൈലറ്റ് ലൈസന്‍സിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളു.
ഡെല്‍ഹി: ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) 2022 ല്‍ വിതരണം ചെയ്തത് 1,081 കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് (സിപിഎല്‍). ഇത് പത്ത് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന കണക്കാണെന്നും ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെ രാജ്യത്തെ സിവില്‍ വ്യോമയാന മേഖല തിരിച്ചുവരവ് നടത്തുകയും, ആഭ്യന്തര വിമാന സര്‍വീസ് കോവിഡ് പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തിയതോടെയാണ് ഇത്രയധികം കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സുകള്‍ ഇഷ്യു ചെയ്തതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
2022ല്‍ ഡിസംബര്‍ ആറ് വരെ 1,081 സിപിഎല്ലുകള്‍ നല്‍കിയിട്ടുണ്ടെന്നും വര്‍ഷാവസാനത്തോടെ എണ്ണം 1,100 കടക്കുമെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനിലെ (ഡിജിസിഎ) മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു. 2021ല്‍ 862 കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സാണ് വിതരണം ചെയ്തത്.
കുറഞ്ഞത് 200 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പറക്കലും (ഫ്ളൈയിംഗ് അവേഴ്സ്) മറ്റ് വ്യവസ്ഥകള്‍ പാലിക്കുകയും ചെയ്താല്‍ മാത്രമേ ഒരു വ്യക്തിക്ക് ലൈസന്‍സിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളു. കൂടാതെ, തിയറി പേപ്പറുകളും വിജയിക്കേണ്ടതുണ്ട്. അഞ്ച് വര്‍ഷത്തേക്കാണ് ലൈസന്‍സ് നല്‍കുന്നത്. ഡിജിസിഎ മൂന്ന് തരത്തിലുള്ള ലൈസന്‍സുകളാണ് നല്‍കുന്നത്.
കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ്, എയര്‍ ട്രാന്‍സ്പോര്‍ട്ട് പൈലറ്റ് ലൈസന്‍സ് (എടിപിഎല്‍), പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് (പിപിഎല്‍) എന്നിവയാണത്. ഒരു പൈലറ്റിനെ കോ-പൈലറ്റായി പറക്കാന്‍ സിപിഎല്‍ അനുവദിക്കുമ്പോള്‍ എടിപിഎല്‍ ഒരു പൈലറ്റിനെ കമാന്‍ഡര്‍ ആക്കാന്‍ അനുവദിക്കുന്നു.
സ്വകാര്യ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാണ് പിപിഎല്‍. ഡിജിസിഎയുടെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഡിസംബര്‍ ആറ് വരെ 657 എടിപിഎല്‍ ഇഷ്യൂ ചെയ്തിട്ടുണ്ട്. രാജ്യത്ത് 34 ഫ്‌ളൈയിംഗ് പരിശീലന സംഘടനകളും, പരിശീലന പ്രവര്‍ത്തനങ്ങള്‍ക്കായി ഏകദേശം 240 വിമാനങ്ങളുമുണ്ട്.
കൂടുതലും രണ്ടും നാലും സീറ്റുകളുള്ള സെസ്ന വിമാനങ്ങളാണ് പറക്കല്‍ പരിശീലന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ഒരു പൈലറ്റിന്റെ ഫ്ളൈയിംഗ് പരിശീലനം ഉള്‍പ്പെടെയുള്ള പരിശീലനത്തിന് 50 ലക്ഷം രൂപ വരെ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.