4 Jan 2024 12:33 PM IST
Summary
- 2023 ഒക്ടോബര്‍ മുതലാണ് ഇന്ധന ചാര്‍ജ് ഏര്‍പ്പെടുത്തിയിരുന്നത്
- ഭാവിയില്‍ ഇന്ധന വില വര്‍ധിച്ചാല്‍ നിരക്ക് വീണ്ടും ക്രമീകരിക്കും
വിമാന ഇന്ധന വില വര്‍ധിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലെവി ഏകദേശം മൂന്ന് മാസത്തിന് ശേഷം ഇന്‍ഡിഗോ ഒഴിവാക്കി. വിമാന ടിക്കറ്റിലാണ് ഇന്ധന ചാര്‍ജ് വര്‍ധന സംബന്ധിച്ച ലെവി ഏര്‍പ്പെടുത്തിയിരുന്നത്.
2023 ഒക്ടോബറിലാണ് എയര്‍ലൈന്‍ ഇത് അവതരിപ്പിച്ചത്.
ഇന്ധന ചാര്‍ജ് വ്യാഴാഴ്ച മുതല്‍ ടിക്കറ്റ് ചാര്‍ജില്‍നിന്ന് ഒഴിവാക്കിയതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
എടിഎഫ് (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍) വില അടുത്തിടെ കുറച്ചതിനെ തുടര്‍ന്നാണ് ഇന്ധന ചാര്‍ജ് പിന്‍വലിച്ചതെന്ന് എയര്‍ലൈന്‍ അറിയിച്ചു.
''എടിഎഫ് വിലകള്‍ ചലനാത്മകമായതിനാല്‍, വിലയിലോ വിപണി സാഹചര്യങ്ങളിലോ ഉണ്ടാകുന്ന ഏത് മാറ്റത്തിനും മറുപടി നല്‍കുന്നതിന് ഞങ്ങളുടെ നിരക്കുകളും അവയുടെ ഘടകങ്ങളും ഞങ്ങള്‍ ക്രമീകരിക്കുന്നത് തുടരും,'' ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ധനച്ചെലവ് ഒരു കാരിയറിന്റെ പ്രവര്‍ത്തനച്ചെലവിന്റെ ഗണ്യമായ പങ്ക് വഹിക്കുന്നു.വിമാനക്കമ്പനിയുടെ ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളില്‍ ഇന്ധന ചാര്‍ജ് ബാധകമായിരുന്നു.
2023 ഒക്ടോബറില്‍ എടിഎഫ് വിലയിലുണ്ടായ വര്‍ധനയെ തുടര്‍ന്നാണ് ഇന്ധന ചാര്‍ജ് ഏര്‍പ്പെടുത്തിയതെന്ന് ഇന്‍ഡിഗോ അറിയിച്ചു.