12 Dec 2023 12:47 PM GMT
Summary
- ഒരു വിമാനം 2 മണിക്കൂര്‍ വൈകിയാല്‍, യാത്രക്കാര്‍ക്ക് സൗജന്യമായി ലഘുഭക്ഷണം നല്‍കും
- വിമാനക്കമ്പനിയുടെ നിയന്ത്രണത്തിനപ്പുറമുള്ള അസാധാരണ സാഹചര്യങ്ങളാല്‍ ഫ്‌ളൈറ്റ് റദ്ദാക്കുകയോ വൈകുകയോ ചെയ്താല്‍ നഷ്ടപരിഹാരം നല്‍കാന്‍ വിമാനക്കമ്പനി ബാധ്യസ്ഥരല്ല
- ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുകയും എയര്‍ലൈന്‍ കമ്പനി അത് റദ്ദാക്കുകയോ സര്‍വീസ് വൈകുകയോ ചെയ്താല്‍ ഇനി വിഷമിക്കേണ്ട
വിമാനയാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത!
യാത്ര ചെയ്യാന്‍ ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുകയും എയര്‍ലൈന്‍ കമ്പനി അത് റദ്ദാക്കുകയോ സര്‍വീസ് വൈകുകയോ ചെയ്താല്‍ ഇനി വിഷമിക്കേണ്ട.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അടുത്തിടെ ചില നിയമങ്ങള്‍ അറിവിലേക്കായി പങ്കുവച്ചിട്ടുണ്ട്.
കേന്ദ്ര വ്യോമയാന സഹമന്ത്രി ജനറല്‍ വി.കെ. സിംഗ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
വിമാനം റദ്ദാക്കുന്ന സാഹചര്യത്തില്‍, എയര്‍ലൈന്‍ കമ്പനി ഒന്നുകില്‍ ബദല്‍ വിമാനം നല്‍കുമെന്നും അല്ലെങ്കില്‍ ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഇത് മാത്രമല്ല, യാത്രക്കാരന് അധിക നഷ്ടപരിഹാരവും എയര്‍ലൈന്‍ കമ്പനി നല്‍കും.
ഇതിനു പുറമെ, യാത്രക്കാര്‍ ബദല്‍ വിമാനത്തിനായി കാത്തിരിക്കുമ്പോള്‍ അവര്‍ക്ക് ഭക്ഷണവും റിഫ്രഷ്‌മെന്റ് സൗകര്യങ്ങളും നല്‍കേണ്ടിവരുമെന്നാണ് മന്ത്രി അറിയിച്ചത്.
അതേസമയം വിമാനക്കമ്പനിയുടെ നിയന്ത്രണത്തിനപ്പുറമുള്ള അസാധാരണ സാഹചര്യങ്ങളാല്‍ ഫ്‌ളൈറ്റ് റദ്ദാക്കുകയോ വൈകുകയോ ചെയ്താല്‍ നഷ്ടപരിഹാരം നല്‍കാന്‍ വിമാനക്കമ്പനി ബാധ്യസ്ഥരല്ല.
ഫ്‌ളൈറ്റ് കാലതാമസമോ റദ്ദാക്കലോ ബാധിച്ച യാത്രക്കാര്‍ക്കു നല്‍കുന്ന സൗകര്യങ്ങള്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിഎസി) വെബ്‌സൈറ്റിലും അതത് എയര്‍ലൈന്‍ വെബ്‌സൈറ്റുകളിലും ഇതിനകം ലഭ്യമാണ്.
ഫ്‌ളൈറ്റ് വൈകല്‍
ഒരു വിമാനം 2 മണിക്കൂര്‍ വൈകിയാല്‍, യാത്രക്കാര്‍ക്ക് സൗജന്യമായി ലഘുഭക്ഷണം നല്‍കും. ഒരു ഫ്‌ളൈറ്റ് വൈകുന്നതിന്റെ ദൈര്‍ഘ്യം 2.5 മണിക്കൂറിനും 5 മണിക്കൂറിനും ഇടയിലാണെങ്കിലും, കാലതാമസം 3 മണിക്കൂറില്‍ കൂടുതലാണെങ്കിലും യാത്രക്കാരന് റിഫ്രഷ്‌മെന്റിന് അര്‍ഹതയുണ്ട്.
ഫ്‌ളൈറ്റ് റദ്ദാക്കല്‍
വ്യോമയാന മന്ത്രാലയത്തിന്റെ ചാര്‍ട്ടര്‍ അനുസരിച്ച്, വിമാനം റദ്ദാക്കുന്നതിനെ കുറിച്ച് രണ്ടാഴ്ചയ്ക്കുള്ളിലോ ഷെഡ്യൂള്‍ ചെയ്ത സമയത്തിന് 24 മണിക്കൂര്‍ മുമ്പോ അറിയുന്ന ഉപഭോക്താക്കള്‍ക്ക് ഒരു ബദല്‍ യാത്ര വാഗ്ദാനം ചെയ്യുകയോ ടിക്കറ്റ് പണം തിരികെ നല്‍കുകയോ ചെയ്യേണ്ടതുണ്ട്.