8 July 2023 10:37 AM GMT
Summary
- കൊളംബോയില്‍ നടന്ന ഇന്ത്യന്‍ ട്രാവല്‍ കോണ്‍ഗ്രസിലാണ് പ്രഖ്യാപനം
- നിലവില്‍ ആഴ്ചയില്‍ നാല് വിമാന സര്‍വീസുകള്‍ ഈ റൂട്ടിലുണ്ട്
- സര്‍വീസ് വര്‍ധിപ്പിച്ചത് ഈ റൂട്ടിന്റെ വര്‍ധിച്ച ഡിമാന്‍ഡുകാരണം
ചെന്നൈയ്ക്കും ശ്രീലങ്കയിലെ ജാഫ്നയ്ക്കും ഇടയില്‍ പ്രതിദിന വിമാന സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. ഈ മാസം 16-ാംതീയതിമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇപ്പോള്‍ ആഴ്ചയില്‍ നാല് വിമാന സര്‍വീസ് മാത്രമാണ് ഈ റൂട്ടിലുള്ളത്.
കൊളംബോയില്‍ ആതിഥേയത്വം വഹിക്കുന്ന ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ 67ാമത് വാര്‍ഷിക കണ്‍വെന്‍ഷന്റെ രണ്ടാം ദിവസം റെക്കോര്‍ഡ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് സിന്ധ്യ ഇക്കാര്യം അറിയിച്ചത്.
ഇന്ത്യന്‍ ട്രാവല്‍ കോണ്‍ഗ്രസിനായി 500-ലധികം ടൂറിസം, വ്യോമയാന, യാത്രാ വിദഗ്ധരും ടൂര്‍ ഓപ്പറേറ്റര്‍മാരുമാണ് കൊളംബോയില്‍ ഒത്തുചേര്‍ന്നത്.
ശ്രീലങ്കയില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ഇന്ത്യയും കൊളംബോയും തമ്മിലുള്ള പഴയ സാംസ്‌കാരിക ബന്ധത്തെ ഉയര്‍ത്തിക്കാട്ടുന്നതായി സിന്ധ്യ പറഞ്ഞു. 'ലങ്കയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ഈ മേഖലയുടെ ഹ്രസ്വകാല വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് നിരവധി പരിഷ്‌കാരങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള അപൂര്‍വ അവസരമാണ് നല്‍കുന്നുതെന്ന് ഞാന്‍ വിശ്വസിക്കുന്നു' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ എയര്‍ സര്‍വീസ് കരാര്‍ 1968 ല്‍ ഒപ്പുവച്ചു. ഇത് ഇന്ത്യയുടെ ഏത് സ്ഥലത്തുനിന്നും ശ്രീലങ്കയിലെ ഏത് സ്ഥലത്തേക്കും വിമാന സര്‍വീസ് നടത്താന്‍ ന്യൂഡെല്‍ഹിയെ സഹായിക്കുന്നു.
നിലവില്‍ ഇന്ത്യയുടെ വിവിധ മേഖലകളില്‍ നിന്ന് കൊളംബോയിലേക്ക് 16 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ റൂട്ടിന്റെ വര്‍ധിച്ച ഡിമാന്‍ഡും സാധ്യതയും അടിസ്ഥാനമാക്കിയാണ് സര്‍വീസുകള്‍ ദിനംപ്രതിയാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
കോവിഡ് കാലത്തിനുശേഷം 2022 ഡിസംബറിലാണ് ഇന്ത്യയും ശ്രീലങ്കയും ചെന്നൈയ്ക്കും ജാഫ്നയ്ക്കും ഇടയില്‍ ഫ്‌ലൈറ്റ് സര്‍വീസ് പുനരാരംഭിച്ചത്.
ശ്രീലങ്കയുടെ വിദേശനാണ്യത്തിന്റെ പ്രധാന സ്രോതസ് ടൂറിസം മേഖലയാണ്. എന്നാല്‍ കൊറോണക്കാലം വന്‍തിരിച്ചടിയാണ് കൊളംബോയ്ക്ക് നല്‍കിയത്.
ഇരു രാജ്യങ്ങളിലെയും വ്യോമയാന മേഖലകളില്‍ അടുത്ത ദശകത്തില്‍ കൈവരിക്കേണ്ട പ്രധാന നാഴികക്കല്ലുകള്‍ തിരിച്ചറിയാന്‍ ചര്‍ച്ചകള്‍ സഹായിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞ സിന്ധ്യ, വ്യവസായത്തെ 'വിജയത്തിന്റെയും വളര്‍ച്ചയുടെയും പുതിയ ഉയരങ്ങളിലേക്ക്' കൊണ്ടുപോകാന്‍ എല്ലാ പങ്കാളികളോടും ഒത്തുചേരാന്‍ അഭ്യര്‍ത്ഥിച്ചു.
ഏവിയേഷന്‍ കമ്പനികള്‍, അസോസിയേഷനുകള്‍, ഹോസ്പിറ്റാലിറ്റി, ടൂര്‍ ഓപ്പറേറ്റിംഗ് സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള പ്രമുഖ വ്യവസായ വിദഗ്ധര്‍ ഇവന്റിന്റെ രണ്ടാം ദിവസം വിവിധ പാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.