29 May 2023 3:24 PM GMT
Summary
- എല്ലാ മാസവും 550 ക്യാബിന്‍ ക്രൂ അംഗങ്ങളെയും 50 പൈലറ്റുമാരെയും നിയമിക്കും
- നഷ്ടത്തിലായ കമ്പനിയെ അടിമുടി മാറ്റാനുള്ള ശ്രമം
- കമ്പനിയില്‍ മാറ്റം ദൃശ്യമാകുക അടുത്തവര്‍ഷംമുതല്‍
ആരോഗ്യകരമായ തുടക്കത്തോടെ എയര്‍ ഇന്ത്യയുടെ പഞ്ചവത്സര പരിവര്‍ത്തന പദ്ധതി ആരംഭിക്കുകയാണെന്ന് സിഇഒ കാംബെല്‍ വില്‍സണ്‍ അറിയിച്ചു. ഇതിന്‍പ്രകാരം എയര്‍ലൈന്‍ എല്ലാ മാസവും 550 ക്യാബിന്‍ ക്രൂ അംഗങ്ങളെയും 50 പൈലറ്റുമാരെയും നിയമിക്കും. ഈ വര്‍ഷം അവസാനത്തോടെ ആറ് വൈഡ് ബോഡി എ350 വിമാനങ്ങളും എയര്‍ ഇന്ത്യയില്‍ എത്തും.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ എയര്‍ ഇന്ത്യ സ്വന്തമാക്കിയശേഷം 470 വിമാനങ്ങള്‍ക്കുള്ള വമ്പന്‍ ഓര്‍ഡറാണ് കമ്പനി നല്‍കിയത്. എയര്‍ലൈനിന്റെ അന്താരാഷ്ട്ര സര്‍വീസുകള്‍ വിപുലീകരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നത് ഉള്‍പ്പെടെ നഷ്ടത്തിലായ കമ്പനിയെ അടിമുടി മാറ്റാനാണ് ടാറ്റാഗ്രൂപ്പ് തയ്യാറെടുക്കുന്നത്.
ഇതിന്റെ ഭാഗമായി നിരവധി നടപടികളും സ്വീകരിച്ചുവരികയാണ്.
ഏകദേശം 550 ക്യാബിന്‍ ക്രൂ അംഗങ്ങളും 50 പൈലറ്റുമാരും എല്ലാ മാസവും പുതുതായി വന്ന് പരിശീലനം നേടുന്നതായി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വില്‍സണ്‍ പറഞ്ഞു. ഇതിന് പരിധി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ഈ വര്‍ഷത്തിന്റെ ഭൂരിഭാഗവും ഈ നിയമനത്തിന്റെ വേഗത തുടരും. ഈ വര്‍ഷാവസാനത്തോടെ കുറയുകയും 2024 അവസാനത്തോടെ വീണ്ടും ത്വരിതപ്പെടുത്തുകയും ചെയ്യും.
എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ഏഷ്യ ഇന്ത്യ, വിസ്താര എന്നിവയെ എയര്‍ ഇന്ത്യയുമായി ലയിപ്പിക്കുന്ന പ്രക്രിയയുടെ പശ്ചാത്തലത്തില്‍ റെഗുലേറ്ററി അംഗീകാരങ്ങള്‍ക്ക് വിധേയമായ ഏകീകരണത്തെക്കുറിച്ചും തങ്ങള്‍ ബോധവാന്‍മാരാണെന്നും വില്‍സണ്‍ പറയുന്നു.
ഈ വര്‍ഷം ആദ്യം മുതല്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും പൈലറ്റുമാരുടെയും ക്യാബിന്‍ ക്രൂ അംഗങ്ങളുടെയും നിയമനത്തില്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു.
എയര്‍ ഇന്ത്യ എക്സ്പ്രസും 500-ലധികം പൈലറ്റുമാരും 2,400 ക്യാബിന്‍ ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 3,900-ലധികം ആളുകളുടെ സേവനം കമ്പനി ഉപയോഗപ്പെടുത്തിയിരുന്നു.
ആദ്യത്തെ നാരോ ബോഡി വിമാനം ജൂലൈയിലോ ഓഗസ്റ്റിലോ എത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ആദ്യത്തെ വൈഡ് ബോഡി എയര്‍ക്രാഫ്റ്റ് ഒക്ടോബറില്‍ ആണ് എത്തേണ്ടത്.
നിലവില്‍ എയര്‍ ഇന്ത്യയ്ക്ക് 122 വിമാനങ്ങളുണ്ട്, കൂടാതെ വിമാന സര്‍വീസ് വിപുലീകരിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ ആറ് എ 350, എട്ട് ബി 777 വിമാനങ്ങള്‍ ഉണ്ടാകുമെന്നാണ് എയര്‍ലൈന്‍ പ്രതീക്ഷിക്കുന്നത്. ഇതുവരെ 9 ബി777 വിമാനങ്ങള്‍ പാട്ടത്തിനെടുത്തിട്ടുണ്ട്.
യൂറോപ്യന്‍ ഏവിയേഷന്‍ കമ്പനിയായ എയര്‍ബസില്‍ നിന്ന് 40 വൈഡ് ബോഡി എ350 വിമാനങ്ങള്‍ ഉള്‍പ്പെടെ 250 വിമാനങ്ങളും യുഎസ് വിമാന നിര്‍മാതാക്കളായ ബോയിംഗില്‍ നിന്ന് 220 വിമാനങ്ങളും പ്രത്യേക കരാറുകള്‍ക്ക് കീഴില്‍ വാങ്ങുമെന്ന് ഫെബ്രുവരിയില്‍ എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.
40 എയര്‍ബസ് എ350, 20 ബോയിംഗ് 787, 10 ബോയിംഗ് 777-9 വൈഡ് ബോഡി വിമാനങ്ങളും 210 എയര്‍ബസ് എ320/321 നിയോസും 190 ബോയിംഗ് 737 മാക്സ് എയര്‍ക്രാഫ്റ്റുകളും ഈ ഓര്‍ഡറില്‍ ഉള്‍പ്പെടുന്നു.
എയര്‍ ഇന്ത്യ ചീഫ് പറയുന്നതനുസരിച്ച്, അടുത്ത വര്‍ഷം മുതല്‍ കമ്പനിയില്‍ യഥാര്‍ത്ഥ പരിവര്‍ത്തനം സംഭവിക്കും. മാറ്റത്തിന്റെ വേഗതയും വ്യാപ്തിയും വര്‍ധിക്കുകയും ചെയ്യുമെന്നും വില്‍സണ്‍ പറഞ്ഞു.