Summary
- നാലുവര്‍ഷം പിന്നിടുമ്പോഴും തുടക്കം മുതലുള്ള ആഭ്യന്തര വിമാനകമ്പനികളുടെ സര്‍വീസുകള്‍ മാത്രമാണ് ഇപ്പോഴും ഉള്ളത്.
- സ്പൈസ് ജെറ്റ്, വിസ്താര, ആകാശ എന്നീ വിമാനക്കമ്പനികളുടെ ഇന്നും വിദൂരമാണ്.
കണ്ണൂര്‍: അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും തുടക്കത്തില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ പലതും പാതിവഴിയിലായി കണ്ണൂര്‍ വിമാനത്താവളം. ഇവ പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോട്ട് ലിമിറ്റഡിനോ (കിയാല്‍) കഴിഞ്ഞിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ദോഷം പറയാനില്ലെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ നാലുവര്‍ഷമായിട്ടും കഴിഞ്ഞില്ല എന്നത് വേദനാജനകമാണ്.
തുടക്കത്തില്‍ കിയാലിന്റെ പ്രഖ്യാപനങ്ങള്‍ വാനോളം പ്രതീക്ഷകള്‍ നല്‍കുന്നതായിരുന്നു. എന്നാല്‍ താല്‍ക്കാലികമായെങ്കിലും നടന്നത് കാര്‍ഗോ കോംപ്ലക്‌സ് മാത്രമാണ്. കൊവിഡ് മഹാമാരി മറ്റേതു വ്യവസായത്തെയും പോലെ കണ്ണൂര്‍ വിമാനത്താവളത്തെയും ദോഷകരമായി ബാധിച്ചിരുന്നു. അതില്‍ നിന്നും മുക്തിനേടിയെങ്കിലും ലക്ഷ്യത്തിലേക്കു കുതിക്കാന്‍ കഴിഞ്ഞിട്ടില്ല.
ആദ്യ വിമാനം പരീക്ഷണാടിസ്ഥാനത്തില്‍ പറത്തിയ ദിവസം അന്നത്തെ സ്ഥലം എംഎല്‍എ ആയിരുന്ന ഇ.പി ജയരാജിന്റെ നേതൃത്വത്തില്‍ റണ്‍വേ വികസനത്തിനായുള്ള സമരം നടത്തിയിരുന്നു. അധികാരം നേടി ആറു വര്‍ഷമായിട്ടും എല്‍ഡിഎഫിന് റണ്‍വേയുടെ വികസനത്തിനുവേണ്ടിയുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കാന്‍ പോലും കഴിഞ്ഞിട്ടില്ല എന്നതാണ് ഒരു വസ്തുത. വൈഡ് ബോഡികളടക്കം എല്ലാവിമാനങ്ങളും ഇവിടെ ലാന്‍ഡ് ചെയ്യുന്നുണ്ട്. എന്നിട്ടും റണ്‍വേ വികസനം വെള്ളത്തില്‍ തന്നെ. വിമാനത്താവളത്തോടനുബന്ധിച്ച റോഡുകളുടെ വികസനവും പാതിയില്‍ തന്നെ.
പാലിക്കാതെ പോകുന്ന പ്രഖ്യാപനങ്ങള്‍
പാതിവഴിയില്‍ വഴിതെറ്റിനിന്നുപോയ പ്രഖ്യാപനങ്ങള്‍ ഒന്നില്‍ ഒതുങ്ങുന്നതല്ല. റണ്‍വേ 3050 മീറ്ററില്‍നിന്നും 4000 മീറ്ററായി ഉയര്‍ത്തല്‍, വിദേശ വിമാനകമ്പനികളുടെ സര്‍വീസ് അനുമതി, ആഭ്യന്തര കമ്പനികളുടെ കൂടുതല്‍ സര്‍വീസ്, വ്യോമയാനേതര വരുമാന വര്‍ധനയ്ക്കുള്ള പദ്ധതികള്‍, വിമാനത്താവള വികസനത്തിനുവേണ്ടി 2000 കോടി അധിക സമാഹരണം, സ്ഥിരം കാര്‍ഗോ കോംപ്ലക്‌സ്, പഴം പച്ചക്കറി ഉല്‍പ്പന്നങ്ങളുടെ ശീതീകരണ സംവിധാനം, ഏവിയേഷന്‍ അക്കാദമി കേന്ദ്രം, വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്ക് പ്രത്യേക കേന്ദ്രം ഇങ്ങനെ പോകുന്നു പ്രഖ്യാപനങ്ങള്‍.
വിമാന സര്‍വീസുകളും നിര്‍ത്തലുകളും
നാലുവര്‍ഷം പിന്നിടുമ്പോഴും തുടക്കം മുതലുള്ള ആഭ്യന്തര വിമാനകമ്പനികളുടെ സര്‍വീസുകള്‍ മാത്രമാണ് ഇപ്പോഴും ഉള്ളത്. സ്പൈസ് ജെറ്റ്, വിസ്താര, ആകാശ എന്നീ വിമാനക്കമ്പനികളുടെ ഇന്നും വിദൂരമാണ്. ചെലവുകുറഞ്ഞ ഉഡാന്‍ പദ്ധതി കരാറും കിയാല്‍ അവസാനിപ്പിച്ചുകഴിഞ്ഞു. ഉഡാന്‍ പദ്ധതി വഴിയുള്ള ഗോവ, ഹുബ്ലി, ബംഗളുരു, തിരുവനന്തപുരം, കൊച്ചി സര്‍വീസുകളും നിര്‍ത്തി.