21 Jun 2023 11:02 AM GMT
Summary
- ഈ വര്‍ഷാവസാനം കൂടുതല്‍ വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്യും
- ഇപ്പോള്‍ നാല് വിമാനങ്ങള്‍ക്ക് വാങ്ങുന്നത് നിലവിലുള്ള ഓര്‍ഡറിനു പുറമേ
- ഈ വര്‍ഷം അവസാനത്തോടെ എയര്‍ലൈന്‍ അന്താരാഷ്ട്ര സര്‍വീസിലിലേക്ക് കടക്കും
നാല് ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ കൂടി വാങ്ങാന്‍ ആകാശ എയര്‍. വിപുലീകരണ പദ്ധതികളുടെ ഭാഗമായി ഈ വര്‍ഷാവസാനം കൂടുതല്‍ വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമെന്നും കമ്പനി അറിയിച്ചു. വരാനിരിക്കുന്ന ഓര്‍ഡര്‍ മൂന്നക്കങ്ങളുടേതായിരിക്കുമെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഈ നാല് വിമാനങ്ങളും 72 ബോയിംഗിന് മുമ്പ് നല്‍കിയ ഓര്‍ഡറിന് പുറമെയായിരിക്കും. 23 737-8 വിമാനങ്ങളും 53 ഉയര്‍ന്ന ശേഷിയുള്ള 737-8-200 വിമാനങ്ങളും ഉള്‍പ്പെടെയാണ് 72 വിമാനങ്ങളുടെ ഓര്‍ഡര്‍. അതിന്റെ തുടര്‍നടപടിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ച നാല് വിമാനങ്ങളുടെ ഓര്‍ഡര്‍.
ഈ വര്‍ഷം അവസാനം മറ്റൊരു ഓര്‍ഡര്‍ കൂടി നല്‍കുമെന്ന് കമ്പനി അധികൃതര്‍ വെളിപ്പെടുത്തി. ഇപ്പോള്‍ നടക്കുന്ന പാരീസ് എയര്‍ഷോയിലാണ് ഈ ബുക്കിംഗ് നടന്നത്.
'2023 അവസാനത്തോടെ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ആകാശ എയര്‍ ലക്ഷ്യമിടുകയാണ്. അതിനാല്‍ കൂടുതല്‍ എയര്‍ക്രാഫ്റ്റുകള്‍ എയര്‍ലൈന്‍സിന് ആവശ്യമുണ്ട്.നാല് വിമാനങ്ങളുടെ ഓര്‍ഡര്‍ അതിന്റെ വിപുലീകരണ തന്ത്രങ്ങളെ ശക്തിപ്പെടുത്തുമെന്നാണ് കരുതുന്നത്.
തങ്ങളുടെ അന്താരാഷ്ട്ര വിപുലീകരണത്തെ പിന്തുണയ്ക്കുന്നതിനായി നാല് ബോയിംഗ് 737-8 കൂടി ചേര്‍ക്കുന്നതില്‍ എയര്‍ലൈന്‍ ആവേശഭരിതരാണെന്ന് ആകാശ എയര്‍ സ്ഥാപകനും സിഇഒയുമായ വിനയ് ദുബെ പറഞ്ഞു.
കമ്പനി ദ്രുതഗതിയിലുള്ള ആഭ്യന്തര വിപുലീകരണമാണ് നടത്തുന്നത്. 737-8 വിമാനങ്ങളുടെ ശ്രേണി പൂര്‍ണമായി പ്രയോജനപ്പെടുത്തി കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കാനാണ് ആകാശ ലക്ഷ്യമിടുന്നത്. 'ഞങ്ങള്‍ അന്താരാഷ്ട്ര റൂട്ടുകളിലേക്കുള്ള ഞങ്ങളുടെ മുന്നേറ്റത്തിന് തയ്യാറെടുക്കുകയാണ്' ദുബെ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പറന്നു തുടങ്ങിയ എയര്‍ലൈന്‍സിന് 19 വിമാനങ്ങളുണ്ട്, 20-ാമത്തെ വിമാനം ജൂലൈയില്‍ എത്തും.ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വാണിജ്യ വ്യോമയാന വിപണിയില്‍ 737 മാക്സിന്റെ പ്രാധാന്യം എടുത്തു കാട്ടുന്ന കരാറുകളാണ് ഇപ്പോള്‍ വരുന്നതും ഇനി വരാനിരിക്കുന്നതും എന്ന് ബോയിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് ഓഫ് കൊമേഴ്സ്യല്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ബ്രാഡ് മക്മുള്ളന്‍ പറഞ്ഞു.
737-8 ന്റെ കാര്യക്ഷമതയും ആഭ്യന്തര, പ്രാദേശിക നെറ്റ്വര്‍ക്കുകള്‍ വികസിപ്പിക്കാനുള്ള ആകാശ എയറിന്റെ പദ്ധതിയെ പിന്തുണയ്ക്കുന്നുവെന്ന് ബോയിംഗ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.20 വിമാനങ്ങള്‍ അതിന്റെ ഫ്ളീറ്റില്‍ ഉള്ളതിന് ശേഷം, 2023 അവസാനത്തോടെ ആകാശയുടെ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. തെക്കുകിഴക്കന്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ്, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ലക്ഷ്യസ്ഥാനങ്ങളാണ് എയര്‍ലൈന്‍ ഇപ്പോള്‍ പരിശോധിക്കുന്നത്.