19 Jan 2024 12:43 PM IST
കണക്റ്റിംഗ് ഫ്‌ളൈറ്റ് നഷ്ടപ്പെട്ടു: യാത്രക്കാരന് 3.85 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് ഉത്തരവ്
MyFin Desk
Summary
- നാഷണല്‍ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട്‌സ് റിഡ്രസ്സല്‍ കമ്മിഷനാണ് ഉത്തരവിട്ടത്
- സംഭവം നടന്നത് 2003-ഡിസംബര്‍-13-നാണ്
- 2004 ജനുവരി 19ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിക്കാരന്‍ വിമാനക്കമ്പനിക്ക് നോട്ടീസ് അയക്കുകയായിരുന്നു
വിമാന സര്‍വീസ് വൈകിയതിനെ തുടര്‍ന്നു കണക്റ്റിംഗ് ഫ്‌ളൈറ്റ് നഷ്ടപ്പെട്ട സംഭവത്തില്‍ യാത്രക്കാരന് 3.85 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു.
നാഷണല്‍ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട്‌സ് റിഡ്രസ്സല്‍ കമ്മിഷനാണ് ഉത്തരവിട്ടത്.
നഷ്ടപരിഹാരമായി 1.75 ലക്ഷം രൂപയും വ്യവഹാര ചെലവായി 25,000 രൂപയും പരാതി നല്‍കിയ തീയതി മുതല്‍ 6 ശതമാനം പലിശയുമടക്കം 3.85 ലക്ഷം രൂപ കസ്റ്റമറിനു നല്‍കണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്.
സംഭവം നടന്നത് 2003-ഡിസംബര്‍-13-നാണ്. തിരുവനന്തപുരത്തുനിന്നും ചെന്നൈ-കൊല്‍ക്കത്ത വഴി അസമിലെ ദിബ്രുഗാര്‍ഗിലേക്ക് യാത്ര ചെയ്യാനായി പരാതിക്കാരനും മൂന്ന് കുടുംബാംഗങ്ങളും നാല് ടിക്കറ്റ് എയര്‍ ഇന്ത്യയില്‍ ബുക്ക് ചെയ്തു.
തിരുവനന്തപുരത്തുനിന്നും പുറപ്പെടേണ്ട ഫ്‌ളൈറ്റ് ഒന്നര മണിക്കൂറോളം വൈകിയതിനെ തുടര്‍ന്നു
ചെന്നൈയില്‍ നിന്നും കൊല്‍ക്കത്തയിലേക്കുള്ള കണക്ഷന്‍ ഫ്‌ളൈറ്റ് മുടങ്ങുകയായിരുന്നു. ഇതേ തുടര്‍ന്നു ഡിസംബര്‍ 19ന് അസമിലെ ദിബ്രുഗാര്‍ഗില്‍ എത്തിച്ചേരേണ്ടിയിരുന്ന പരാതിക്കാരന് ഡിസംബര്‍ 20നാണ് അവിടെ ലാന്‍ഡ് ചെയ്യാനായത്.
2004 ജനുവരി 19ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിക്കാരന്‍ വിമാനക്കമ്പനിക്ക് നോട്ടീസ് അയക്കുകയായിരുന്നു.
തുടര്‍ന്ന് 20 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ നാഷണല്‍ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട്‌സ് റിഡ്രസ്സല്‍ കമ്മിഷന്‍ യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.