18 Oct 2024 4:08 PM GMT
Summary
- ബിഐഎഎല്ലും സര്‍ല ഏവിയേഷനും ചേര്‍ന്നാണ് ഫ്‌ളയിംഗ് ടാക്സികള്‍ പുറത്തിറക്കുക
- ഏഴ് സീറ്റുകളുള്ള ഇലക്ട്രിക് ഫ്‌ളയിംഗ് ടാക്സികള്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം
ബെംഗളൂരു ട്രാഫിക്കില്‍ മണിക്കൂറുകളോളം ഗ്രിഡ്‌ലോക്ക് ഒഴിവാക്കി പകരം ഒരു ഇലക്ട്രിക് ഫ്‌ളയിംഗ് ടാക്സിയില്‍ എയര്‍പോര്‍ട്ടിലെത്തുന്നത് ഒന്നു സങ്കല്‍പ്പിച്ചു നോക്കു. നിലവില്‍ ഇലക്ട്രോണിക്സ് സിറ്റിയില്‍നിന്ന് കെമ്പഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് 150 മിനിട്ടിലധികം സമയം എടുക്കും. ഇനി 19 മിനിട്ടായി കുറയാന്‍ പോകുന്നു. ഇതിന് പരിഹാരമായി എയര്‍ ടാക്‌സികള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കര്‍ണാടക.
ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ബിഐഎഎല്‍) നഗരം ആസ്ഥാനമായുള്ള സര്‍ല ഏവിയേഷനുമായി ചേര്‍ന്നാണ് ഇലക്ട്രിക് ഫ്‌ലയിംഗ് ടാക്സികള്‍ പുറത്തിറക്കുന്നത്. സുസ്ഥിര എയര്‍ മൊബിലിറ്റി, പ്രത്യേകിച്ച് ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ്, ലാന്‍ഡിംഗ് (ഇവിടിഒഎല്‍) വിമാനങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനുള്ള സഹകരണ പ്രസ്താവനയില്‍ ഇരു സ്ഥാപനങ്ങളും ഒപ്പുവച്ചു.
കര്‍ണാടകയില്‍ വികസിപ്പിച്ചെടുത്ത ഈ സംരംഭം, വേഗമേറിയതും വൃത്തിയുള്ളതും കാര്യക്ഷമവുമായ ഗതാഗതം വാഗ്ദാനം ചെയ്യുന്ന ഏഴ് സീറ്റുകളുള്ള ഇലക്ട്രിക് ഫ്‌ലയിംഗ് ടാക്സികള്‍ അവതരിപ്പിച്ചുകൊണ്ട് വിമാന യാത്രയില്‍ വിപ്ലവം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സര്‍ല ഏവിയേഷന്‍ പറഞ്ഞു.
എന്നാല്‍ പറക്കും ടാക്‌സികള്‍ യാഥാര്‍ത്ഥ്യമാകുന്നതിന് മുമ്പ് ഗണ്യമായ തടസ്സങ്ങള്‍ മറികടക്കേണ്ടതുണ്ട്. ഇത് പ്രാവര്‍ത്തികമാകുന്നതിന് ഒന്നോ രണ്ടോ വര്‍ഷമെടുത്തേക്കാമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. റെഗുലേറ്ററി അംഗീകാരം ഉള്‍പ്പെടെയുള്ളവ ലഭിക്കേണ്ടതുണ്ട്. കമ്പനി ഇതുവരെ ഒരു പ്രോട്ടോടൈപ്പ് പോലും നിര്‍മ്മിച്ചിട്ടില്ല.
ആദ്യ ഘട്ടം ഒരു പ്രോട്ടോടൈപ്പ് ആണ്, തുടര്‍ന്ന് നിരവധി അധിക ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇന്ത്യയിലെ ഇലക്ട്രിക് ഫ്‌ലയിംഗ് ടാക്സികളുടെ സാധ്യതകള്‍ അന്താരാഷ്ട്ര തലത്തില്‍ താല്‍പ്പര്യം നേടിയിട്ടുണ്ട്.