10 April 2024 7:40 AM GMT
Summary
- ടാറ്റയുടെ വ്യോമയാന സാമ്രാജ്യത്തിലുടനീളം കുറഞ്ഞ ശമ്പളവും അമിത ജോലിയുമാണെന്ന് ആരോപണം
- കമ്പനി ജീവനക്കാരില്‍ 75% കരാര്‍ ജീവനക്കാര്‍.
- ചര്‍ച്ചകള്‍ ആരംഭിച്ച് എയര്‍ ഇന്ത്യ
എയര്‍ ഇന്ത്യയുടെ വിമാന സാങ്കേതിക വിദഗ്ധര്‍ ഈ മാസം 23 ന് പണിമുടക്കും. ജീവനക്കാരുടെ ക്ഷേമം പ്രൊഫഷണല്‍ വളര്‍ച്ച എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.
വ്യോമയാന ജീവനക്കാര്‍ക്കിടയിലെ അസ്വസ്ഥത ഇന്ത്യയുടെ വിമാനയാത്രാ മുന്നേറ്റത്തിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, ആകാശ എന്നിവ ചേര്‍ന്ന് 1,100-ലധികം വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ് ഈ സാഹചര്യത്തിലാണ് വിപുലീകരണത്തെ പിന്തുണയ്ക്കുന്ന് പൈലറ്റുമാരും എയര്‍ക്രാഫ്റ്റ് എഞ്ചിനീയര്‍മാരും സമരത്തിനൊരുങ്ങുന്നതെന്നതും നിര്‍ണായകമാണ്.
എഐ എഞ്ചിനീയറിംഗ് സര്‍വീസസ് ലിമിറ്റഡിന്റെ ഏറ്റവും വലിയ ഉപഭോക്താവ് എയര്‍ ഇന്ത്യയാണ്. എയര്‍ ഇന്ത്യയുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപ സ്ഥാപനമാണ് ഇത്.
കഴിഞ്ഞ ഏഴ് വര്‍ഷമായി സാങ്കേതിക വിദഗ്ധര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാത്തതിനാല്‍ കരിയര്‍ പുരോഗതി പ്രതിസന്ധിയിലാണെന്നാണ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
സ്ഥാപനത്തില്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ജോലി ചെയ്തിട്ടുള്ള സാങ്കേതിക വിദഗ്ദര്‍ക്ക് പരിഷ്‌കരിച്ച ശമ്പള ഘടന മാനേജ്‌മെന്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല.
കമ്പനിയുടെ തൊഴിലാളികളുടെ 75 ശതമാനം കരാര്‍ ജീവനക്കാരാണ്. ഇവര്‍ക്ക് നോട്ടീസ് പിരീഡ് കാലയളവ് കൂടുതലാണെന്നും സ്ഥിരം ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്നും കടുത്ത വിവേചനമാണ് ജീവനക്കാര്‍ അനുഭവിക്കുന്നതെന്നുമാണ് പരാതി.
പ്രശ്‌നം പരിഹരിക്കാന്‍ മാനേജ്മെന്റ് യൂണിയനുമായി ചര്‍ച്ച ആരംഭിച്ചതായി എഐ എന്‍ജിനീയറിങ് പ്രതിനിധി പറഞ്ഞു. കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ സാങ്കേതിക വിദഗ്ധര്‍ ഒഴികെയുള്ള എല്ലാ ജീവനക്കാരുടെയും ശമ്പളം എയര്‍ ഇന്ത്യ എഞ്ചിനീയറിംഗ് പരിഷ്‌കരിച്ചിട്ടുണ്ട്. കരാര്‍ ജീവനക്കാര്‍ക്കും സ്ഥിരം ജീവനക്കാര്‍ക്കും തുല്യ വേതനം നല്‍കണമെന്ന് ആവശ്യപ്പെട്ട കോടതി കേസ് യൂണിയന്‍ പിന്‍വലിച്ചതിന് ശേഷം ടെക്‌നീഷ്യന്‍മാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ കമ്പനി ഒരുങ്ങുകയാണ്.
അതേസമയം എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള വിസ്താര പൈലറ്റ് പ്രതിസന്ധി മൂലം ഇതിനോടകം നിരവധി സര്‍വ്വീസുകളാണ് പ്രതിദിനം റദ്ദാക്കിക്കൊണ്ടിരിക്കുന്നത്.
എയര്‍ ഇന്തയുമായുള്ള സംയോജനവും പൈലറ്റുമാരുടെ ജോലി സമയ സംബന്ധമായ വ്യക്തതയില്ലായ്മയുമാണ് വിസ്താരയുടെ പൈലറ്റ് ക്ഷാമത്തിന് കാരണം.
കൂടുതല്‍ റദ്ദാക്കലുകള്‍ തടയുന്നതിനായി എയര്‍ലൈന്‍ ഒരു ദിവസം 25 മുതല്‍ 30 വരെ ഫ്‌ലൈറ്റുകള്‍ വെട്ടിക്കുറയ്ക്കുകയും പകരം കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന വൈഡ് ബോഡി വിമാനങ്ങള്‍ സര്‍വ്വീസിനായി സജ്ജീകരിക്കുകയുമാണ് ചെയ്യുന്നത്.