7 Oct 2023 6:05 AM GMT
Summary
ഡിസംബറോടെ പുതിയ വിമാനം സര്‍വീസിനെത്തും
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുടെ പുതിയ വിമാനത്തിന്റെ ഫസ്റ്റ് ലുക്ക് ഒക്ടോബര്‍ ഏഴിന് പുറത്തുവിട്ടു. ലോഗോയിലും, ഡിസൈനിലും മാറ്റങ്ങളുള്ള എ-350 എന്ന പുതിയ വിമാനത്തിന്റെ ചിത്രമാണ് എയര്‍ ഇന്ത്യ ' എക്‌സ് ' എന്ന പ്ലാറ്റ്‌ഫോമിലൂടെ പങ്കുവച്ചത്. ഫ്രാന്‍സിലെ ടുലൂസിലുള്ള എയര്‍ ഇന്ത്യയുടെ വര്‍ക്ക് ഷോപ്പില്‍ നിന്നുള്ളതാണ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ചത്.
ഈ വര്‍ഷം ഡിസംബറോടെ ഈ വിമാനം സര്‍വീസിനെത്തുമെന്നും കമ്പനി അറിയിച്ചു.
എയര്‍ ഇന്ത്യയുടെ പുതിയ ലോഗോയുടെ പേര് ' ദ വിസ്ത ' എന്നാണ്. മുന്‍പ് എയര്‍ ഇന്ത്യ ഉപയോഗിച്ചിരുന്ന ജനപ്രിയ വിന്‍ഡോ ഡിസൈനില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ ലോഗോയായ വിസ്ത അവതരിപ്പിച്ചിരിക്കുന്നത്.
400 ദശലക്ഷം ഡോളറാണ് രൂപമാറ്റത്തിനായി കമ്പനി ചെലവിടുന്നത്. ഈ വര്‍ഷം ഓഗസ്റ്റിലായിരുന്നു പുതിയ ലോഗോ പ്രകാശനം ചെയ്തത്. ഫ്യൂച്ചര്‍ ബ്രാന്‍ഡ് എന്ന ബ്രാന്‍ഡിംഗ് ഏജന്‍സി ഏകദേശം 15 മാസത്തോളമെടുത്താണു പുതിയ ലോഗോ ഡിസൈന്‍ ചെയ്തത്. കടും ചുവപ്പും, കടും പര്‍പ്പിളും, സ്വര്‍ണ നിറവും ചേര്‍ന്നതാണ് എയര്‍ ഇന്ത്യയുടെ പുതിയ ലുക്ക്. കൊണാര്‍ക്ക് സൂര്യക്ഷേത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ചക്രവും പുതിയ ഡിസൈനില്‍ ചേര്‍ത്തു.
ലോകമെമ്പാടുമുള്ള യാത്രക്കാരുടെ ഇഷ്ട വിമാനമാക്കി എയര്‍ ഇന്ത്യയെ മാറ്റുകയെന്നതാണു ലക്ഷ്യമെന്നു സിഇഒ ക്യാംപ്‌ബെല്‍ വില്‍സണ്‍ അറിയിച്ചു.
ലക്ഷക്കണക്കിന് യാത്രക്കാരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ എയര്‍ ഇന്ത്യയുടെ ഭാഗ്യചിഹ്നമായിരുന്നു ' മഹാരാജ ' . അതാണ് ഇപ്പോള്‍ വിസ്തയ്ക്ക് വഴിമാറിയത്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടുന്നതിനും ഒരു വര്‍ഷം മുമ്പാണ് ' മഹാരാജ ' യുടെ ജനനം. അതായത് 1946-ല്‍. അക്കാലത്ത് വിമാനയാത്ര എന്നാല്‍ വളരെ ആഡംബരമായി കരുതിയിരുന്ന കാലം കൂടിയായിരുന്നു. അക്കാലത്ത് ഇന്ത്യ മഹാരാജാക്കന്മാരുടെ രാജ്യമായിട്ടും അറിയപ്പെട്ടിരുന്നു. വിമാനയാത്ര രാജകീയ അനുഭവമോ ആഡംബരമോ ആയി പരിഗണിക്കപ്പെട്ടിരുന്ന കാലത്താണ് എയര്‍ ഇന്ത്യ ഈ ലോഗോ ഉപയോഗിച്ചത്. എന്നാല്‍ ഇപ്പോള്‍ കാലം മാറി. പുതുകാലഘട്ടത്തില്‍ വിമാനയാത്ര ഒരു ആഡംബരമേ അല്ല. ഇന്ന് ആഡംബരമല്ല, കാര്യക്ഷമതയാണ് ആവശ്യം. ഇക്കാര്യങ്ങള്‍ മനസിലാക്കി കൊണ്ടാണ് എയര്‍ ഇന്ത്യ പുതിയ മാറ്റങ്ങള്‍ ലോഗോയിലും ഡിസൈനിലും വരുത്തിയിരിക്കുന്നത്.