10 Nov 2023 11:42 AM GMT
Summary
- ഇന്ത്യ ഓര്‍ഡര്‍ ചെയ്തിരുന്നത് 470 വിമാനങ്ങള്‍
- അറ്റകുറ്റപ്പണികളിലായിരുന്ന വിമാനങ്ങളും സര്‍വീസ് പുനരാരംഭിച്ചു
അടുത്ത 18 മാസത്തിനുള്ളില്‍ ആറ് ദിവസത്തിലൊരിക്കല്‍ പുതിയ വിമാനം എയര്‍ ഇന്ത്യക്ക് ലഭിക്കുമെന്ന് സിഇഒയും എംഡിയുമായ കാംബെല്‍ വില്‍സണ്‍. സിംഗപ്പൂരില്‍ അസോസിയേഷന്‍ ഓഫ് ഏഷ്യാ പസഫിക് എയര്‍ലൈന്‍സിന്റെ 67-ാമത് പ്രസിഡന്റുമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എയര്‍ ഇന്ത്യയുടെ ഭൂരിഭാഗം ഉപഭോക്താക്കളും വിശ്വാസ്യതയും കൃത്യനിഷ്ഠയും ആഗ്രഹിക്കുന്നുവെന്നും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുക എന്നതാണ് വെല്ലുവിളിയെന്നും വില്‍സണ്‍ പറഞ്ഞു. എയർ ഇന്ത്യ വന്‍ വികസനത്തിലൂടെ കടന്നുപോവുകയാണ്. ഇതിന്‍റെ ഭാഗമായി പുതിയ ക്രൂ, സ്റ്റാഫ്, പരിശീലനം ഇവയെല്ലാം ദ്രുതഗതിയില്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല, അന്താരാഷ്ട്ര വിമാനങ്ങളില്‍ പുതിയ വിമാനങ്ങള്‍ ഉള്‍പ്പെടുത്തുകയും അറ്റകുറ്റപ്പണികളിലായിരുന്ന മിക്ക വിമാനങ്ങളും സര്‍വീസ് പുനരാരംഭിക്കുകയും ചെയ്തതായും വില്‍സണ്‍ അറിയിച്ചു.
ഇന്ത്യയിലെ നിലവിലെ വിമാന യാത്രാ ആവശ്യം 2019 ലെ നിലവാരത്തേക്കാള്‍ 20 ശതമാനം കൂടുതലാണ് എന്ന് ഏഷ്യാ പസഫിക് എയര്‍ലൈന്‍സ് അസോസിയേഷന്‍ ഡയറക്ടര്‍ ജനറല്‍ സുബാഷ് മേനോന്‍ പറയുന്നു.
ലോകത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്ക് ശേഷം മേഖലയുടെ അതിര്‍ത്തികള്‍ വീണ്ടും തുറന്നതിനാല്‍, ഏഷ്യാ പസഫിക് എയര്‍ ട്രാവല്‍ റിക്കവറി 69 ശതമാനമായി. ഇത് മറ്റുള്ള പ്രദേശങ്ങളഎ പിന്നിലാക്കുന്നു. 2022 ലെ ഇതേ കാലയളവില്‍ ഏഷ്യാ പസഫിക് യാത്രക്കാരുടെ തിരക്ക് 171 ശതമാനം വര്‍ധിച്ചു.
മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഏഷ്യയില്‍ വിമാന യാത്ര പിന്നീട് വീണ്ടെടുത്തതിനാല്‍, പല ഏഷ്യന്‍ എയര്‍ലൈനുകള്‍ക്കും യൂറോപ്യന്‍ യൂണിയന്റെ ആവശ്യാനുസരണം സ്ലോട്ടുകള്‍ ഉപയോഗിക്കുന്നതിന് യൂറോപ്പിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞില്ല-മേനോന്‍ കൂട്ടിച്ചേര്‍ത്തു.