29 March 2023 6:39 AM GMT
ആഭ്യന്തര-അന്തര്‍ദേശീയ ഫ്‌ളൈറ്റ് ബുക്കിംഗ് തലവേദനയാകില്ല, ഏകീകൃത വെബ്‌സൈറ്റുമായി എയര്‍ ഇന്ത്യ
MyFin Desk
Summary
- കമ്പനി പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ ചാറ്റ് ജിപിറ്റിയുടെ നാലാം വേര്‍ഷന്‍ ഉപയോഗിക്കാന്‍ ആലോചിക്കുന്നുവെന്ന് എയര്‍ ഇന്ത്യ സിഇഒ അടുത്തിടെയാണ് അറിയിച്ചത്
മുംബൈ: എയര്‍ ഇന്ത്യയുടെ അനുബന്ധ സ്ഥാപനങ്ങളായ എയര്‍ ഇന്ത്യ എക്‌സ്പ്രസും എയര്‍ ഏഷ്യ ഇന്ത്യയും ഏകീകൃത വെബ്സൈറ്റ്, റിസര്‍വേഷന്‍ സംവിധാനം, ഉപഭോക്തൃ പിന്തുണാ ചാനലുകള്‍ എന്നിവയിലേക്ക് മാറിയെന്ന് റിപ്പോര്‍ട്ട്. സംയോജിത വെബ്സൈറ്റായ airindiaexpress.com-ല്‍ എയര്‍ ഏഷ്യ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്തര്‍ദേശീയ ഫ്‌ലൈറ്റുകളിലേക്ക് ബുക്കിംഗ് നിയന്ത്രിക്കാനും ചെക്ക്-ഇന്‍ ചെയ്യാനും ഈ നീക്കം യാത്രക്കാരെ പ്രാപ്തമാക്കുമെന്ന് ഗ്രൂപ്പ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയും എയര്‍ ഏഷ്യ ഇന്ത്യയുടെയും കോര്‍ റിസര്‍വേഷന്‍, പാസഞ്ചര്‍ ഫേസിംഗ് സംവിധാനങ്ങളുടെ സംയോജനം 'എയര്‍ ഇന്ത്യ ഗ്രൂപ്പിന്റെ പരിവര്‍ത്തന യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്' എന്ന് എയര്‍ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കാംബെല്‍ വില്‍സണ്‍ പറഞ്ഞു.
എയര്‍ ഏഷ്യ ഇന്ത്യയെ പൂര്‍ണമായും ഏറ്റെടുക്കുകയും എയര്‍ ഇന്ത്യയുടെ കീഴില്‍ സബ്സിഡിയറൈസ് ചെയ്യുകയും ചെയ്ത് അഞ്ച് മാസത്തിന് ശേഷമാണ് പുതിയ സംവിധാനം വരുന്നത്. എയര്‍ ഏഷ്യ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും ഒരു സിഇഒയുടെ കീഴിലായിട്ട് മൂന്നു മാസമേ ആകുന്നുള്ളൂ.
ഓപ്പണ്‍ എഐ ഇറക്കിയ ചാറ്റ്ബോട്ട് ചാറ്റ് ജിപിറ്റിയുടെ നാലാം വേര്‍ഷന്‍ കമ്പനി പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കാന്‍ ആലോചിക്കുന്നുവെന്ന് എയര്‍ ഇന്ത്യ സിഇഒ ക്യാംപ് ബെല്‍ വില്‍സണ്‍ ഏതാനും ദിവസം മുന്‍പ് അറിയിച്ചിരുന്നു. എയര്‍ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി. കാപ്പാ-ഇന്ത്യാ എവിയേഷന്‍ സമ്മിറ്റ് 2023ല്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്തിടെയാണ് ചാറ്റ് ജിപിറ്റി പ്ലസ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ചാറ്റ് ജിപിടി പ്ലസ് സബ്സ്‌ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്ക് കമ്പനി അടുത്തിടെ അവതരിപ്പിച്ച എഐ ഭാഷാമോഡലായ ജിപിടി -4 അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനാവും. നേരത്തെയുണ്ടായിരുന്ന 3.5 വേര്‍ഷനെ അപേക്ഷിച്ച് ജിപിറ്റി 4ന് കൃത്യതയുണ്ടാകുമെന്നും മികച്ച സുരക്ഷാ സംവിധാനങ്ങളാണ് 4.0ല്‍ ഉള്‍പ്പെടുത്തിയരിക്കുന്നത്. ഇനി മുതല്‍ മിക്ക തൊഴിലുകള്‍ക്കും ചാറ്റ് ജിപിറ്റിയുടെ ഉപയോഗം അറിഞ്ഞിരിക്കേണ്ടതായി വരുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.