image

6 Dec 2024 9:17 AM GMT

Aviation

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിപുലീകരിക്കുന്നു

MyFin Desk

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിപുലീകരിക്കുന്നു
X

Summary

  • ഫ്‌ലീറ്റിന്റെ വലുപ്പം വര്‍ധിപ്പിക്കും,പുതിയ റൂട്ടുകള്‍ അവതരിപ്പിക്കും
  • ബജറ്റ് കാരിയര്‍ വിഭാഗത്തിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നു
  • എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതിദിനം 400-ലധികം സര്‍വീസ് നടത്തുന്നു


എയര്‍ ഇന്ത്യയുടെ ബജറ്റ് കാരിയര്‍ വിഭാഗമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിപുലീകരണത്തിന് തുടക്കം കുറിക്കുന്നു. അതിന്റെ ഫ്‌ലീറ്റ് വലുപ്പം വര്‍ധിപ്പിച്ച് പുതിയ റൂട്ടുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് സേവനം വ്യാപകമാക്കുന്നത്. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.

എന്നിരുന്നാലും, ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധി ചൂണ്ടിക്കാട്ടി കൊല്‍ക്കത്തയ്ക്കും ധാക്കയ്ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കാനുള്ള പദ്ധതി എയര്‍ലൈന്‍ മാറ്റിവച്ചു. സാഹചര്യങ്ങള്‍ അനുകൂലമായാലുടന്‍ ആ പദ്ധതികള്‍ പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാനേജിംഗ് ഡയറക്ടര്‍ അലോക് സിംഗ് പറഞ്ഞു.

സെപ്റ്റംബറില്‍ ആറ് പ്രതിവാര ഫ്‌ലൈറ്റുകളുമായി ധാക്ക സര്‍വീസ് ആരംഭിക്കാനാണ് എയര്‍ലൈന്‍ ആദ്യം പദ്ധതിയിട്ടിരുന്നത്. ഇത് മാറ്റിവെച്ചെങ്കിലും, കിഴക്കന്‍ സെക്ടറില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാന്‍ എയര്‍ലൈന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സിംഗ് പറഞ്ഞു.

2025 മാര്‍ച്ച് അവസാനം ആരംഭിക്കുന്ന വേനല്‍ക്കാല ഷെഡ്യൂളില്‍ കാഠ്മണ്ഡുവിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര സര്‍വീസ് വിമാനങ്ങള്‍ ആരംഭിക്കും. നവംബറില്‍ ഇന്ത്യയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 5,00,000 കടന്നതിനാല്‍ എയര്‍ലൈന്‍ ശക്തമായ വളര്‍ച്ചാ സാധ്യത കാണുന്നുവെന്നും സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

വളര്‍ച്ച ടാപ്പ് ചെയ്യുന്നതിനായി, 2025 മാര്‍ച്ചോടെ നിലവിലുള്ള 90 വിമാനങ്ങളില്‍ നിന്ന് 100-ലധികം വിമാനങ്ങളായി ഫ്‌ളീറ്റ് വലുപ്പം വര്‍ധിപ്പിക്കും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഫ്‌ലൈറ്റുകളുടെ എണ്ണം 175 ആയി ഉയര്‍ത്താനും പദ്ധതിയുണ്ട്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിലവില്‍ കൊല്‍ക്കത്തയില്‍ നിന്ന് 24 പ്രതിദിന ഫ്‌ലൈറ്റുകള്‍ നടത്തുന്നു.ഇത് വേനല്‍ക്കാല ഷെഡ്യൂളില്‍ വര്‍ധിക്കും. കൂട്ടിച്ചേര്‍ക്കലുകളില്‍ പുതിയ റൂട്ടുകളും നിലവിലുള്ള സേവനങ്ങളുടെ മെച്ചപ്പെടുത്തലും ഉള്‍പ്പെടും.

കൊല്‍ക്കത്തയില്‍ നൈറ്റ് ഹാള്‍ട്ട് കപ്പാസിറ്റി ഏഴ് വിമാനങ്ങളില്‍ നിന്ന് ഒമ്പതായി ഉയര്‍ത്താനും എയര്‍ലൈന്‍ പദ്ധതിയിടുന്നുണ്ട്. ദിമാപൂരിനെ കൊല്‍ക്കത്തയുമായി ബന്ധിപ്പിക്കുന്ന പുതിയ സര്‍വീസും എയര്‍ലൈന്‍ അവതരിപ്പിക്കും. പട്നയാണ് വിപുലീകരണത്തിനുള്ള മറ്റൊരു ലക്ഷ്യം. തെക്കുകിഴക്കന്‍ ഏഷ്യയിലേക്കും വ്യാപിപ്പിക്കുമ്പോള്‍ ഗള്‍ഫ്, മിഡില്‍ ഈസ്റ്റ് മേഖലകളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സാന്നിധ്യം ശക്തമാക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കോക്ക്, സിംഗപ്പൂര്‍, വിയറ്റ്‌നാം, കൊളംബോ തുടങ്ങിയ പുതിയ ലക്ഷ്യസ്ഥാനങ്ങളും പരിഗണനയിലുണ്ട്. 36 ആഭ്യന്തര ലക്ഷ്യങ്ങളെയും, 15 അന്താരാഷ്ട്ര നഗരങ്ങളെയും ബന്ധിപ്പിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതിദിനം 400-ലധികം ഫ്‌ലൈറ്റുകള്‍ നടത്തുന്നുണ്ട്.