3 Oct 2023 4:10 AM GMT
Summary
- ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍, ഡിജിയാത്ര സോഫ്റ്റ് വേര്‍, അഗ്നി ശമന സേനാ നവീകരണം എന്നിവ ഉദ്ഘാടനം ചെയ്തു.
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏഴ് മെഗാ പദ്ധതികള്‍ക്ക് തുടക്കമായി. ഭാവിയിലെ ട്രാഫിക്, കാര്‍ഗോ വളര്‍ച്ച, സുരക്ഷാ നവീകരണം എന്നിവ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഏഴ് പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിനാകെ ഉപകരിക്കുന്ന വ്യവസായങ്ങള്‍ നടത്തുന്നതോ കമ്പോളത്തില്‍ ഇടപെടുന്നതോ ഒന്നും സര്‍ക്കാരിന്റെ കടമയല്ല എന്ന ഉദാരവത്കരണ ചിന്തയ്ക്ക് ബദലാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍. ആ ബദലിന്റെ മികച്ച ദൃഷ്ടാന്തമാണ് കേരളസര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍, ഡിജിയാത്ര സോഫ്റ്റ് വേര്‍, അഗ്നി ശമന സേനാ നവീകരണം എന്നിവയുടെ ഉദ്ഘാടനവും രാജ്യാന്തര ടെര്‍മിനല്‍ വികസനം ഒന്നാംഘട്ടം, ഗോള്‍ഫ് ടൂറിസം, എയ്‌റോ ലോഞ്ച്, ചുറ്റുമതില്‍ സുരക്ഷാവലയം എന്നീ പദ്ധതികളുടെ തറക്കല്ലിടലുമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.
ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുന്നതോടെ സിയാലിന്റെ പ്രതിവര്‍ഷ കാര്‍ഗോ കൈകാര്യം ചെയ്യല്‍ ശേഷി 2 ലക്ഷം മെട്രിക് ടണ്ണായി വര്‍ധിക്കും. ഇതോടെ നിലവിലെ കാര്‍ഗോ സ്ഥലം പൂര്‍ണമായും കയറ്റുമതി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുമാകും.
ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിമാനത്താവള ടെര്‍മിനലുകളിലെ പുറപ്പെടുന്നതിനു മുമ്പുള്ള നടപടികള്‍ കൂടുതല്‍ വേഗത്തില്‍ ലളിതമായി നടപ്പിലാക്കാനുള്ള സംവിധാനമാണ് ഡിജിയാത്ര. വിമാനത്താവള അഗ്നിശമന സേനയെ എയര്‍പോര്‍ട്ട് എമര്‍ജന്‍സി സര്‍വീസായി ആധുനികവത്ക്കരിച്ചിട്ടുമുണ്ട്.
നിലവിലെ രാജ്യാന്തര ടെര്‍മിനലിന്റെ വടക്കുഭാഗത്തുകൂടി 15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പുതിയ ഏപ്രണ്‍, എട്ട് പുതിയ എയ്റോബ്രിഡ്ജുകള്‍ ഉള്‍പ്പെടെ അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ രാജ്യാന്തര ടെര്‍മിനല്‍ വികസനമാണ് ലക്ഷ്യം. യാത്രക്കാര്‍ക്ക് കുറഞ്ഞ സമയത്തെ വിശ്രമത്തിനായി രണ്ടാം ടെര്‍മിനലിന് സമീപം ' 0484 ലക്ഷ്വറി എയ്റോ ലോഞ്ച് ' നിര്‍മ്മാണം.
വിമാനത്താവളത്തിന്റെ ഓപ്പറേഷണല്‍ മേഖലയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ അത്യാധുനിക ഇലക്ട്രോണിക് സുരക്ഷാവലയം. വിദേശ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള കേരളത്തിലെ ഏക 18-ഹോള്‍ കോഴ്സായി സിയാല്‍ ഗോള്‍ഫ് കോഴ്സ് നിര്‍മ്മാണം എന്നിവയാണ് തറക്കില്ലിട്ട പദ്ധതികള്‍.
മന്ത്രിമാരായ പി.രാജീവ്, കെ.രാജന്‍, മുഹമ്മദ് റിയാസ്, സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ്, സിയാല്‍ ഡയറക്ടര്‍ എം.എ. യൂസഫലി, എം.പി.മാരായ ബെന്നി ബെഹന്നാന്‍, ഹൈബി ഈഡന്‍, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, റോജി എം.ജോണ്‍, ചീഫ് സെക്രട്ടറി ഡോ.വി.വേണു, സിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും കമ്പനി സെക്രട്ടറിയുമായ സജി കെ.ജോര്‍ജ് ജനപ്രതിനിധികളായ മാത്യൂ തോമസ്, പി.വി.കുഞ്ഞ്, വി.എം.ഷംസുദ്ദീന്‍, ഗ്രേസി ദയാനന്ദന്‍, ശോഭാ ഭരതന്‍, സിയാല്‍ ഡയറക്ടര്‍മാരായ ഇ.കെ.ഭരത് ഭൂഷന്‍, അരുണ സുന്ദരരാജന്‍, എന്‍.വി.ജോര്‍ജ്, ഡോ.പി.മുഹമ്മദലി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.