12 April 2023 10:59 AM GMT
Summary
- കോവിഡിന് മുമ്പുള്ള തലത്തിലേക്ക് ഇനിയുമെത്തിയില്ല
- ഡൊമെസ്റ്റിക് പാസഞ്ചര്‍ ലോഡ് ഫാക്റ്റര്‍ മാര്‍ച്ചില്‍ 89%
- ഇന്ധന വിലവര്‍ധനയും രൂപയുടെ മൂല്യത്തിലെ ഇടിവും ആശങ്ക
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ വ്യോമയാന വ്യവസായത്തില്‍ പ്രകടമായത് വന്‍ തിരിച്ചുവരവ്. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2022-23ല്‍ ആഭ്യന്തര പാസഞ്ചര്‍ ട്രാഫിക് 60 ശതമാനം ഉയര്‍ന്ന് 13.60 കോടിയിലെത്തിയെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ-യുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നിരുന്നാലും കോവിഡ് കാലത്തിന് മുമ്പുണ്ടായിരുന്ന 14.15 കോടിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 4 ശതമാനം താഴെയാണ് ഇപ്പോഴത്തെ കണക്ക്.
8.52 കോടി യാത്രികരാണ് ആഭ്യന്തര യാത്രകള്‍ക്കായി 2022-23ല്‍ ഇന്ത്യന്‍ വിമാനക്കമ്പനികളെ ആശ്രയിച്ചത്. മാര്‍ച്ചിലെ ആഭ്യന്തര പാസഞ്ചര്‍ ട്രാഫിക്ക് 1.30 കോടിയാണ്. 2022 മാര്‍ച്ചിലെ 1.06 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ 22 ശതമാനം വളര്‍ച്ചയാണ് പ്രകടമായത്.
മുന്‍ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ എയര്‍ലൈനുകളുടെ ശേഷി വികസനം 38 ശതമാനം ഉയര്‍ന്നതായിരുന്നുവെന്ന് ഐസിആര്‍എ വൈസ് പ്രസിഡന്റ് സുപ്രിയോ ബാനെര്‍ജി പറയുന്നു. മാര്‍ച്ചിലെ ശേഷി വിന്യാസം 2022 മാര്‍ച്ചിനെ അപേക്ഷിച്ച് 14 ശതമാനം ഉയര്‍ന്നതായിരുന്നു. മാത്രമല്ല, കോവിഡിനു മുമ്പുള്ള 2019 മാര്‍ച്ചിലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ 7 ശതമാനം വര്‍ധനയാണിതെന്നും ഐസിആര്‍എ ചൂണ്ടിക്കാണിക്കുന്നു. വ്യോമയാന വ്യവസായത്തിന്റെ ഡൊമെസ്റ്റിക് പാസഞ്ചര്‍ ലോഡ് ഫാക്റ്റര്‍ മാര്‍ച്ചില്‍ 89 ശതമാനമാണെന്നാണ് ഐസിആര്‍എ വിലയിരുത്തുന്നത്. 2022 മാര്‍ച്ചില്‍ 82 ശതമാനവും കോവിഡിന് മുമ്പുള്ള 2019 മാര്‍ച്ചില്‍ 87 ശതമാനവുമായിരുന്നു.
ആഭ്യന്തര യാത്രികരുടെ എണ്ണത്തിലെ വര്‍ധന പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും വ്യോമ ഇന്ധനത്തിന്റെ വിലയിലുണ്ടാകുന്ന വര്‍ധനയും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും ആശങ്കയായി തുടരുകയാണ്. ഇന്‍പുട്ട് ചെലവുകളിലെ വര്‍ധനയ്ക്ക് അനുസൃതമായി നിരക്കുകള്‍ ക്രമീകരിക്കുന്നതിനുള്ള നീക്കങ്ങള്‍ ലാഭക്ഷമതയില്‍ നിര്‍ണായകമാകുമെന്നും ഐസിആര്‍എ വ്യക്തമാക്കുന്നു.